കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മുഖ്യപ്രതി ജോളിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകള്‍ അന്വേഷണ പരിധിയില്‍. ജോളിയുടെ കുടുംബത്തില്‍ മുന്‍പ് നടന്ന ഇടപാടുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.
ജോളിയെ അറസ്‌റ്റ് ചെയ്യുന്നതിനു മുന്‍പ് ഇടുക്കിയിലെത്തിയ അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെകുറിച്ചു സൂചന ലഭിച്ചിരുന്നു. വാഴവര സ്വദേശികളായ ജോളിയുടെ കുടുംബം ഇപ്പോള്‍ കട്ടപ്പന ടൗണിനു സമീപത്താണു താമസിക്കുന്നത്. ജോളിയുടെ പിതാവിനു കുടുംബസ്വത്തായുള്ള കൃഷിയിടത്തെച്ചൊല്ലി നേരത്തെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ജോളിയുള്‍പ്പെടെ ആറു മക്കളാണു ജോസഫിനുള്ളത്. മക്കളുടെ പേരില്‍ സ്വത്ത് ഭാഗംവച്ചെങ്കിലും ചില കൈമാറ്റങ്ങളിലും മറ്റും കൃത്രിമ രേഖ ചമച്ചതായും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും വിവരങ്ങളുണ്ട്. ജോളിയും സഹോദരങ്ങളും തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നെന്ന വിവരവും അന്വേഷിക്കും. ഏഴാം മൈല്‍ മത്തായിപ്പടി, കോമ്പയാര്‍, വാഴവര എന്നിവിടങ്ങളില്‍ ജോളിയുടെ കുടുംബത്തിനു സ്വത്തുക്കളുണ്ട്. ജോളി ഇടയ്‌ക്കിടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇടുക്കിയില്‍ എത്താറുണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നത്തിലായതിനാല്‍ പണം ആവശ്യമുണ്ടെന്നു ജോളി പറഞ്ഞിരുന്നതായി കഴിഞ്ഞ ദിവസം സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. അറസ്‌റ്റിലാകുന്നതിനു രണ്ടാഴ്‌ച മുന്‍പ് കട്ടപ്പനയിലെ വീട്ടിലെത്തിയ ജോളി ഭൂമിയുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്‌തിരുന്നു.
ഭര്‍ത്തൃപിതാവിനെ ജോളി കൊലപ്പെടുത്തുന്നതു സ്വത്തു തട്ടിയെടുക്കാനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് സ്വത്ത് കൈക്കലാക്കാനായിരുന്നു നീക്കം. റവന്യൂ ജീവനക്കാരുടെ സഹായത്തോടെ വ്യാജമായി രേഖകള്‍ ചമയ്‌ക്കുന്നതിനായി ജോളിക്ക് ഇടുക്കിയില്‍നിന്നു സഹായം ലഭിച്ചതായും പറയപ്പെടുന്നു.
അങ്ങനെയെങ്കില്‍ ജോളിയുടെ കുടുംബത്തിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടു സഹായം ചെയ്‌ത ഉദ്യോഗസ്‌ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നതും അന്വേഷിക്കും. ജോളിയെ ചോദ്യം ചെയ്‌തതിനു ശേഷം കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌ഥലങ്ങളില്‍ അന്വേഷണ സംഘം എത്തുമെന്നാണു സൂചന.
സിറില്‍ ലൂക്കോസ്
from mangalam.com https://ift.tt/2M4Dllf
via IFTTT
No comments:
Post a Comment