തൃശ്ശൂർ: സർവേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ പൂട്ടുപൊളിച്ച് അകത്തുകയറിയ ആളിന്റെ വക ഉദ്യോഗസ്ഥർക്ക് ഉപദേശക്കുറിപ്പ്. ഞാൻ ഒരു കള്ളനല്ല. നിങ്ങൾ ആത്മാർഥമായി ജോലിചെയ്യൂ. നിങ്ങൾ ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവരാണ് നല്ല മനസ്സുള്ളവർ.- ഇങ്ങനെ പോകുന്നു കുറിപ്പിലെ ഉപദേശങ്ങൾ. ഷൊർണൂർ റോഡിലുള്ള ഓഫീസിലാണ് കള്ളനല്ലാത്ത ആൾ പൂട്ടുപൊളിച്ചുകയറി ഉപദേശംവെച്ച് മടങ്ങിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം ഓഫീസിലെ പണമോ കമ്പ്യൂട്ടറുകളോ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രേഖകളും പ്രഥമദൃഷ്്ട്യാ മോഷണം നടന്നതായി കാണുന്നില്ല. എന്നാൽ, ഇക്കാര്യം കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് തൃശ്ശൂർ ഈസ്റ്റ് എസ്. ഐ. ജയകുമാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് പൂട്ടുപൊളിച്ച് ആരോ അകത്തു കയറിയായി ആദ്യം മനസ്സിലാക്കിയത്. അലമാരകൾ എല്ലാം തുറന്നു പരിശോധിച്ച നിലയിലായിരുന്നു. എല്ലാ അലമാരകളുടെയും താക്കോലുകൾ എടുത്ത് തറയിൽ തുണി വിരിച്ച് അതിൽ നിരത്തിയ നിലയിലാണ്. സമീപത്തായാണ് കുറിപ്പു വച്ചിരുന്നത്. സംഭവത്തെത്തുടർന്ന് വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. തൃശ്ശൂർ ഈസ്റ്റ് പോലീസ് വെള്ളിയാഴ്ച കേസെടുക്കും. തൃശ്ശൂർ എ.സി.പി., ജില്ലാ കളക്ടർ എന്നിവർക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും സർവ്വേ ലാൻഡ് റെക്കോഡ്സിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും സർവ്വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഇ.കെ. സുധീർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2JjvI95
via
IFTTT
No comments:
Post a Comment