കേരളത്തെ ഞെട്ടിച്ച മറ്റൊരു പ്രണയ കൊലപാതകമാണ് കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് അരങ്ങേറിയത്. 17കാരിയായ ദേവിക പെണ്‍കുട്ടിയെ മിഥുന്‍ എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവും തീയില്‍ പെട്ട് മരിച്ചു. സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുന്ന സമയം ഹൃദയം തൊടുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഒരു പെണ്‍കുട്ടിയെക്കൂടി പെട്രോളൊഴിച്ച് കത്തിച്ചുകൊന്നിട്ടുണ്ട്. കാക്കനാട് സ്വദേശിനിയായ ദേവികയെ മിഥുന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയത്.ദേവികയുടെ വീട്ടില്‍ അര്‍ദ്ധരാത്രി അതിക്രമിച്ചു കടന്നാണ് കൃത്യം നടപ്പിലാക്കിയത്.ദേവികയോടൊപ്പം മിഥുനും പൊള്ളലേറ്റ് മരിച്ചു.
ഇത്തരമൊരു സംഭവം നടന്നാല്‍, ഫെയ്‌സ്ബുക്കില്‍ അതിനെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടാവാറുണ്ട്.പക്ഷേ ദേവികയുടെ കൊലപാതകം മുഖപുസ്തകത്തെ പിടിച്ചുകുലുക്കിയിട്ടില്ല.അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.ശരിക്കും ഒരുപാട് ഭയം തോന്നുന്നു.ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നമുക്ക് തീര്‍ത്തും സാധാരണമായി മാറിക്കഴിഞ്ഞുവോ?ചര്‍ച്ച ചെയ്യാന്‍ മാത്രം ഇതിലൊന്നുമില്ല എന്ന് കുറേപ്പേര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയോ!?
പെട്രോളും ആസിഡും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ പതിവാണ്.ആ വൃത്തികെട്ട രീതി കേരളത്തില്‍ നിലനിന്നിരുന്നില്ല.ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു.ഓര്‍മ്മ ശരിയാണെങ്കില്‍ ഈ വര്‍ഷം ഈ രീതിയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ മലയാളി പെണ്‍കുട്ടിയാണ് ദേവിക !
വീടിനുള്ളില്‍ വെച്ചാണ് ദേവികയെ കൊലപ്പെടുത്തിയത് ! അച്ഛനമ്മമാര്‍ നോക്കിനില്‍ക്കുമ്പോഴാണ് അവള്‍ വെന്തുരുകിയത് ! ഒരു പെണ്‍കുട്ടി സ്വന്തം വീടിനകത്ത് പോലും സുരക്ഷിതയല്ല ! ഇതിനേക്കാള്‍ വലിയൊരു നാണക്കേട് വേറെ ഉണ്ടാകുമോ?
ദേവികയും മിഥുനും തമ്മില്‍ പ്രണയത്തിലായിരുന്നില്ല എന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്. ദേവികയുടെ അമ്മയുടെ അകന്ന ബന്ധുവായിരുന്നു മിഥുന്‍. ആ നിലയ്ക്ക് അവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു എന്ന് മാത്രം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് മിഥുന്‍ ദേവികയെ കൊലപ്പെടുത്തിയത്.
പക്ഷേ ചില ആളുകള്‍ ഇതൊന്നും അംഗീകരിക്കില്ല. അവര്‍ ദേവികയും മിഥുനും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പാടിനടക്കും. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് അഭിപ്രായപ്പെടും. ഉപ്പുതിന്നവള്‍ വെള്ളം കുടിക്കണം എന്ന് പ്രഖ്യാപിക്കും ! ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ കൊലപാതകിയെ പരോക്ഷമായി ന്യായീകരിക്കാന്‍ ചില 'പ്രബുദ്ധരായ' മലയാളികള്‍ക്ക് ഒരു മടിയുമില്ല !
ദേവിക മിഥുനെ പ്രണയിച്ചിരുന്നു എന്ന് തന്നെ സങ്കല്‍പ്പിക്കുക.അതുകൊണ്ട് ഈ പൈശാചിക കൃത്യം ന്യായീകരിക്കപ്പെടുമോ?ഒരിക്കലുമില്ല.ദേവികയുടെ സ്ഥാനത്ത് നമുക്ക് വേണ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ സങ്കല്‍പ്പിച്ചുനോക്കിയാല്‍ അക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും.
ദേവികയുടെ കുടുംബത്തെ മൊത്തത്തില്‍ ഇല്ലായ്മ ചെയ്യാന്‍ പദ്ധതിയിട്ടാണ് മിഥുന്‍ പെട്രോളുമായി എത്തിയത്.അയാളുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. തികഞ്ഞ ക്രിമിനലായിരുന്നു മിഥുന്‍.അങ്ങനെയുള്ള ഒരാളുടെ പ്രണയാഭ്യര്‍ത്ഥന എങ്ങനെയാണ് ഒരു പെണ്‍കുട്ടി സ്വീകരിക്കുന്നത്? ഇനി സ്വീകരിച്ചാല്‍ തന്നെയും ആ ബന്ധം എത്രകാലം തുടരാനാകും?സാമാന്യബോധമുള്ള പെണ്‍കുട്ടികള്‍ അത്തരക്കാരെ വേണ്ടെന്നുവെയ്ക്കില്ലേ?
മിഥുന്‍മാരാല്‍ സമ്പന്നമാണ് ഈ ലോകം.അവരെ പല പെണ്‍കുട്ടികളും കാര്യമറിയാതെ പ്രണയിക്കും.എന്നാല്‍ മിഥുന്‍മാരുടെ യഥാര്‍ത്ഥ സ്വഭാവം പെണ്‍കുട്ടികള്‍ക്ക് മനസ്സിലാവുമ്പോള്‍ പ്രണയം തകരും.അപ്പോള്‍ അവന്‍മാര്‍ പെട്രോളുമെടുത്ത് കൊല്ലാനിറങ്ങും. സത്യം മനസ്സിലാക്കാതെ പെണ്‍കുട്ടിയെ 'തേപ്പുകാരി' എന്ന് വിളിച്ച് കുറേപ്പേര്‍ രംഗത്തെത്തുകയും ചെയ്യും.ഇതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് !
ഇങ്ങനെയുള്ള കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ മുന്‍കൈ എടുക്കേണ്ടത് നമ്മള്‍ തന്നെയാണ്.പൊലീസിനും നിയമത്തിനും എല്ലാം വിട്ടുകൊടുത്ത് മാറിനില്‍ക്കരുത്.
ബന്ധങ്ങള്‍ക്ക് അനാവശ്യമായ ദിവ്യതയും പരിശുദ്ധിയുമൊക്കെ കല്പിച്ചുകൊടുക്കുന്ന ഏര്‍പ്പാട് നാം കാലാകാലങ്ങളായി ചെയ്തുവരുന്നുണ്ട്.സ്വന്തം ഭര്‍ത്താവ് എത്ര മോശമായി പെരുമാറിയാലും,പല സ്ത്രീകളും നിശബ്ദമായി സഹിക്കാറുണ്ട്.വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അവരെ സമൂഹം വെറുതെവിടില്ല.അവളാണ് കൂടുതല്‍ പഴികള്‍ കേള്‍ക്കുക.
ചില ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കാറുണ്ട്.ഇഷ്ടമില്ലാത്ത അവസരങ്ങളില്‍പ്പോലും സെക്‌സിന് നിര്‍ബന്ധിക്കാറുണ്ട്.പക്ഷേ അതെല്ലാം ഭര്‍ത്താവിന്റെ അവകാശങ്ങളുടെ പരിധിയില്‍ വരുമെന്നാണ് നമ്മുടെ ധാരണ !
കാര്യങ്ങളെ ഇത്രയും സങ്കീര്‍ണ്ണമാക്കി മാറ്റേണ്ടതില്ല.മനുഷ്യന്റെ സന്തോഷത്തിനുവേണ്ടിയാണ് ബന്ധങ്ങള്‍.നിങ്ങളുമായി ഒത്തുപോകാന്‍ നിങ്ങളുടെ പ്രണയിനിയ്ക്ക് യാതൊരു കാരണവശാലും സാധിക്കുന്നില്ലെങ്കില്‍,ആ ബന്ധം അവസാനിപ്പിക്കുന്നത് തന്നെയാണ് രണ്ടുകൂട്ടര്‍ക്കും നല്ലത്.സ്ത്രീകളെ പെട്രോളൊഴിച്ച് കത്തിക്കുന്ന പുരുഷന്‍മാര്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ സംഭവിക്കുകയുള്ളൂ.
'നോ' പറയാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആ വാക്ക് ഉച്ചരിക്കാം. ചില മനുഷ്യരെ തിരിച്ചറിയാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അഞ്ചുവര്‍ഷം പ്രണയിച്ചതുകൊണ്ടോ പത്തുവര്‍ഷം ഒന്നിച്ചുജീവിച്ചതുകൊണ്ടോ 'നോ' പറയാനുള്ള അവകാശം ഇല്ലാതാകുന്നില്ല. പിടിച്ചുവാങ്ങുന്ന സ്‌നേഹം കൊണ്ട് പ്രയോജനവുമില്ല. ഇക്കാര്യം നമ്മുടെ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ പഠിപ്പിക്കണം. അപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതായിക്കൊള്ളും.
ഇനിയൊരു ദേവിക ഉണ്ടാകാതിരിക്കട്ടെ....!
from mangalam.com https://ift.tt/2B3jaOi
via IFTTT
No comments:
Post a Comment