കട്ടപ്പന: കൂടത്തായി കൊലപാതകപരമ്പര കേസില്‍ മുഖ്യപ്രതി ജോളി ജോസഫിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അന്വേഷണസംഘം ചോദ്യംചെയ്തു. കട്ടപ്പന വലിയകണ്ടത്തെ വീട്ടിലാണ് അന്വേഷണസംഘമെത്തിയത്. ഇവിടെ ജോളിയുടെ മാതാപിതാക്കളും ഒരു സഹോദരിയുമാണു താമസിക്കുന്നത്. മറ്റു സഹോദരങ്ങളെയും ഇവിടേക്കു വിളിച്ചുവരുത്തി. എന്നാണു ജോളി അവസാനം കട്ടപ്പനയിലെത്തിയത്?, എന്താണ് അന്നു പറഞ്ഞത്? തുടങ്ങിയ കാര്യങ്ങളാണ് ആദ്യം ചോദിച്ചറിഞ്ഞത്.
ജോളിക്കു സാമ്പത്തികബാധ്യത ഉണ്ടായിരുന്നെന്ന് അവര്‍ അറസ്റ്റിലായ ദിവസംതന്നെ പിതാവ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. തിരുവോണദിവസമാണു ജോളി അവസാനം കട്ടപ്പനയിലെ വീട്ടിലെത്തിയത്. അന്നും പണം വാങ്ങിയാണു മടങ്ങിയത്. കട്ടപ്പന വില്ലേജ് ഓഫീസര്‍, ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണു സി.ഐ. ബിനീഷ് കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജീവന്‍ ജോര്‍ജ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘം കുടുംബാംഗങ്ങളെ ചോദ്യംചെയ്തത്. കേസില്‍ അന്വേഷണം വേണമെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയതു ജീവന്‍ ജോര്‍ജാണ്.
കട്ടപ്പനയിലേക്കെന്നു പറഞ്ഞ് ജോളി ഇടയ്ക്കിടെ കൂടത്തായിയില്‍നിന്നു പോകുമായിരുന്നു. എന്നാല്‍ ഒരുദിവസം മാത്രം കട്ടപ്പനയില്‍ തങ്ങി, മറ്റു പലയിടത്തും പോകാറുണ്ടായിരുന്നെന്ന വിവരം അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ഓണത്തിനു കട്ടപ്പനയിലെത്തിയ ജോളി വീട്ടില്‍ തങ്ങിയതു രണ്ടുദിവസം മാത്രമാണ്. തുടര്‍ന്ന്, കോയമ്പത്തൂരിലേക്കു പോയി. സുഹൃത്തും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ ജോണ്‍സണെ കാണാനാണു ജോളി പോയതെന്നും കോയമ്പത്തൂരില്‍ രണ്ടുദിവസം താമസിച്ചെന്നും പോലീസിനു വിവരം ലഭിച്ചു.
ജോളിയുടെ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ കുടുംബം ഇടപെട്ടത് എങ്ങനെയെന്നും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായിരുന്നോയെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. പണമാവശ്യപ്പെട്ടു ജോളി നിരന്തരം വിളിച്ചിരുന്നെന്നും സാമ്പത്തികബാധ്യതകള്‍ പറയാറുണ്ടായിരുന്നെന്നും സഹോദരന്‍ നോബി വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം വീട്ടില്‍ സ്വത്തുതര്‍ക്കമുണ്ടായപ്പോള്‍ താനും ബന്ധുക്കളും അവിടെ പോയിരുന്നു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയെന്നു മനസിലായിരുന്നെന്നും അതറിഞ്ഞപ്പോള്‍ ശാസിച്ചെന്നും നോബി പറഞ്ഞു.
ജോളി പണം ചോദിക്കുമ്പോള്‍ കൊടുക്കാറുണ്ടായിരുന്നു. സഹോദരിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചിരുന്നതെന്നും നോബി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണസംഘം വിശദമായി ചോദിച്ചറിഞ്ഞു. ആദ്യഭര്‍ത്താവ് റോയി തോമസ് മരിക്കുന്നതിനു മുമ്പ് ജോളിയുമൊത്ത് കട്ടപ്പനയില്‍ വന്നിരുന്നു. അന്ന് ഇരുവരും ജ്യോത്സ്യനെ കാണാന്‍ പോയി. ജ്യോത്സ്യന്‍ നല്‍കിയ തകിട് മരണസമയത്തും റോയിയുടെ ദേഹത്തുണ്ടായിരുന്നു.
ജോളിയുടെ പിതാവിന്റെയും സഹോദരങ്ങളുടെയും മൊഴിയെടുത്തശേഷം അന്വേഷണസംഘം ജോത്സ്യന്‍ കൃഷ്ണകുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. ജോളിയെ പരിചയമില്ലെന്നു കൃഷ്ണകുമാര്‍ പറഞ്ഞു. റോയി തന്നെ സമീപിച്ചതായി ഓര്‍മയില്ല. തകിടുകള്‍ ആവശ്യക്കാര്‍ക്കു പൂജിച്ചു നല്‍കാറുണ്ട്. താന്‍ നല്‍കിയ തകിടാണോ റോയിയുടെ ദേഹത്തുണ്ടായിരുന്നതെന്നു പരിശോധിച്ചാലേ പറയാന്‍ പറ്റൂവെന്നും കൃഷ്ണകുമാര്‍ മൊഴിനല്‍കി.
കൃഷ്ണകുമാറിനെ സമീപിച്ച് റോയി തകിട് പൂജിച്ചുവാങ്ങിയതായി ജോളി അന്വേഷണസംഘത്തോടു പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമായതിനാല്‍ ഓര്‍മയില്ലെന്നും വരുന്നവരുടെ പേരുവിവരങ്ങള്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ലെന്നുമാണു കൃഷ്ണകുമാറിന്റെ മൊഴി. ജോളി പ്രീഡിഗ്രിക്കു പഠിച്ച നെടുങ്കണ്ടം എം.ഇ.എസ്. കോളജിലെത്തിയ അന്വേഷണസംഘം പഠനകാലഘട്ടത്തിലെ വിവരങ്ങള്‍ തിരക്കി. 1988-90 കാലയളവിലെ ജോളിയുടെ ചില സഹപാഠികളുടെ ഫോണ്‍ നമ്പരുകളും അന്വേഷണസംഘം ശേഖരിച്ചു.
from mangalam.com https://ift.tt/2Mi996g
via IFTTT
No comments:
Post a Comment