തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഇരയായ ശാസ്‌ത്രജ്‌ഞന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നു സര്‍ക്കാര്‍ രഹസ്യമായി നിയോഗിച്ച കെ. ജയകുമാര്‍ കമ്മിഷന്‍. നഷ്‌ടപരിഹാരം സംബന്ധിച്ച എല്ലാ കേസുകളും ഒന്നിച്ചെടുത്ത്, നമ്പിക്കു നീതി ഉറപ്പാക്കുന്ന തരത്തില്‍ തുക നല്‍കണമെന്നാണ് ഐ.എം.ജി. ഡയറക്‌ടറും മുന്‍ ചീഫ് സെക്രട്ടറിയുമായ ഏകാംഗ കമ്മിഷന്‍ കെ. ജയകുമാറിന്റെ ശിപാര്‍ശ.
ജയകുമാറിനെ സര്‍ക്കാര്‍ അതീവരഹസ്യമായാണു കമ്മിഷനായി നിയോഗിച്ചത്. നിയമ വകുപ്പിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശോധനയ്‌ക്കുശേഷം കമ്മിഷന്‍ ശിപാര്‍ശ നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനു കൈമാറി. നമ്പി നാരായണനുമായി പലവട്ടം സിറ്റിങ് നടത്തിയശേഷമാണു ജയകുമാര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
സുപ്രീം കോടതി വിധിപ്രകാരം സംസ്‌ഥാനസര്‍ക്കാര്‍ 50 ലക്ഷം രൂപ നമ്പിക്കു നഷ്‌ടപരിഹാരം നല്‍കിയിരുന്നു. അതുകൂടാതെ ഒരുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ കേസ് തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്. നീതി വൈകിയതുമൂലമുള്ള അധികനഷ്‌ടപരിഹാരവും കണക്കിലെടുത്താണു കമ്മിഷന്‍ 1.30 കോടി രൂപ നിശ്‌ചയിച്ചത്. ഐ.എസ്.ആര്‍.ഒയില്‍ ഉന്നതസ്‌ഥാനങ്ങളിലെത്തേണ്ട നമ്പി നാരായണന്‍ ചാരക്കേസില്‍ കുടുങ്ങി പുറത്തായതു കണക്കിലെടുത്ത് അദ്ദേഹത്തിന് ഇത്രയും തുക നഷ്‌ടപരിഹാരം നല്‍കണമെന്നാണു കമ്മീഷന്‍ നിലപാട്.
അദ്ദേഹം നഷ്‌ടപരിഹാരമാവശ്യപ്പെട്ടു നല്‍കിയ വിവിധ കേസുകളില്‍ കാലതാമസമില്ലാതെ തീര്‍പ്പുണ്ടാകണം. നമ്പി ജോലിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ രാജ്യം കൂടുതല്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നഷ്‌ടപ്പെട്ട അവസരങ്ങള്‍ക്കു വില നിശ്‌ചയിക്കാനാവില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. വിവിധ കേസുകള്‍ ഒന്നിച്ചെടുത്ത്, അന്വേഷണ ഉദ്യോഗസ്‌ഥരില്‍നിന്നു നഷ്‌ടപരിഹാരം ഈടാക്കാന്‍ കാത്തുനില്‍ക്കാതെ, 1.30 കോടി രൂപ കൊടുത്ത് നമ്പിക്കു നീതി ഉറപ്പാക്കണമെന്നാണു ശിപാര്‍ശ. എന്നാല്‍, നമ്പി ഈ ഫോര്‍മുല സ്വീകരിക്കുമോയെന്നു വ്യക്‌തമല്ല.
നമ്പിക്ക് അനുകൂലമായ കോടതി വിധികളില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതു കൂടുതല്‍ ധനനഷ്‌ടത്തിന് ഇടയാക്കും. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരില്‍നിന്നു നഷ്‌ടപരിഹാരം ഈടാക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്‌തമല്ല. അന്വേഷണോദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ചാരക്കേസിലുള്ള പങ്ക് അന്വേഷിക്കാന്‍ ജസ്‌റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്.
എസ്. നാരായണ്‍
from mangalam.com https://ift.tt/35rQI6Q
via IFTTT
No comments:
Post a Comment