ബെംഗളൂരു: കർണാടകത്തിനകത്തും ചിലപ്പോഴൊക്കെ പുറത്തും കോൺഗ്രസിനെ പ്രതിസന്ധികളിൽനിന്ന് കരകയറ്റാറുള്ള നേതാവാണ് ചൊവ്വാഴ്ച അറസ്റ്റിലായ ഡി.കെ. ശിവകുമാർ. പാർട്ടിയുടെ ദേശീയമുഖങ്ങളിലൊന്നായ പി. ചിദംബരത്തിനുപിന്നാലെ ദക്ഷിണേന്ത്യയിലെ പ്രമുഖനേതാക്കളിലൊരാളായ ശിവകുമാറും അറസ്റ്റിലായത് കോൺഗ്രസിന് കനത്ത പ്രഹരമായി. ഡൽഹിയിൽ നാലുദിവസത്തെ ചോദ്യംചെയ്യലിനുശേഷമാണ്, കർണാടകത്തിലെ മുൻമന്ത്രിയായ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റുചെയ്തത്. കോൺഗ്രസിലെ 'ട്രബിൾ ഷൂട്ടർ'(പ്രശ്നപരിഹാരകൻ) എന്ന വിശേഷണമുള്ള ശിവകുമാറാണ് സംസ്ഥാനത്തെ കഴിഞ്ഞ കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിനെ പലപ്പോഴും വീഴാതെ താങ്ങിനിർത്തിയത്. സഖ്യസർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി. നീക്കം നടത്തിയപ്പോഴൊക്കെ പ്രതിരോധിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തിറക്കിയത് ശിവകുമാറിനെയാണ്. 2017-ൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച നടയാൻ ഗുജറാത്തിൽനിന്നുള്ള 44 കോൺഗ്രസ് എം.എൽ.എ.മാരെ കർണാടക ബിഡദിയിലെ റിസോർട്ടിൽ പാർപ്പിച്ചതിനുപിന്നാലെയാണ് ശിവകുമാറിനെ തേടി ആദ്യം ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്. അന്ന് ഡൽഹിയിലെ ശിവകുമാറിന്റെ ഫ്ലാറ്റിലും എം.എൽ.എ.മാരെ പാർപ്പിച്ച ബിഡദിയിലെ റിസോർട്ടിലും ബെംഗളൂരുവിലെ വീട്ടിലും റെയ്ഡ് നടന്നു. ഡൽഹിയിലെ ഫ്ലാറ്റിൽനിന്ന് ഏഴ് കോടി രൂപ കണ്ടെടുത്തതിനാൽ 2018 സെപ്റ്റംബറിൽ ഇ.ഡി. കേസെടുത്തു. ഇതിനെതിരേ ഏറെ നിയമപോരാട്ടങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞവർഷം ഡിസംബറിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സമൻസ് അയച്ചെങ്കിലും ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സമൻസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പിന്നാലെ സമർപ്പിച്ച അറസ്റ്റ് തടയണമെന്ന ഹർജിയും തള്ളി. ഇതോടെ ചോദ്യംചെയ്യലിന് ഡൽഹിയിൽ ശിവകുമാർ ഹാജരായി. അറസ്റ്റുചെയ്യുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ.മാരെ സംരക്ഷിച്ചതിന്റെ പ്രതികാരം ബി.ജെ.പി. തീർക്കുകയാണെന്ന് ശിവകുമാർ ആരോപിച്ചു. ബി.ജെ.പി. നേതാവും കർണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത സുഹൃത്തുകൂടിയാണ് ശിവകുമാർ. Content Highlights:D K Sivakurar arrested
from mathrubhumi.latestnews.rssfeed https://ift.tt/2LoJirY
via
IFTTT
No comments:
Post a Comment