ന്യൂഡൽഹി:ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രിജീവനക്കാരെ ആക്രമിക്കുന്നത് ജാമ്യമില്ലാക്കുറ്റമാക്കി കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. ജീവനക്കാരെ ആക്രമിക്കുന്നവർക്ക് പത്തുവർഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ചുമത്തുന്ന ബില്ലിന്റെ കരട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ആക്ഷേപങ്ങളും നിർദേശങ്ങളും 30 ദിവസത്തിനകം us-ms-mohfw@nic എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. ആശുപത്രികൾക്കെതിരേയും ജീവനക്കാർക്കെതിരേയുമുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് 'ഹെൽത്ത്കെയർ സർവീസ് പേഴ്സണൽ ആൻഡ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (അക്രമവും വസ്തുക്കൾ നശിപ്പിക്കലും നിരോധനം) ബിൽ-2019' കൊണ്ടുവരുന്നത്. ആശുപത്രി, നഴ്സിങ് ഹോം, ഡിസ്പൻസറി, ക്ലിനിക്, ലാബ്, ആംബുലൻസ് തുടങ്ങി വൈദ്യശുശ്രൂഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വസ്തുക്കൾക്കുമുണ്ടാകുന്ന നാശത്തിനു നഷ്ടപരിഹാരം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. മർദനമേറ്റതായി ജീവനക്കാരൻ രേഖാമൂലം നൽകുന്ന പരാതി സ്ഥാപനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉടൻതന്നെ പോലീസിനു കൈമാറണമെന്നും ബില്ലിൽ പറയുന്നു. പ്രധാന നിർദേശങ്ങൾ * ഡോക്ടർമാർ, നഴ്സുമാർ, മിഡ്വൈഫുമാർ, ഓക്സിലറി നഴ്സ്-മിഡ്വൈഫുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, മെഡിക്കൽ-നഴ്സിങ്-പാരാ മെഡിക്കൽ വിദ്യാർഥികൾ, ഹെൽത്ത് വിസിറ്റർമാർ, ആംബുലൻസ് ഡ്രൈവർമാർ, സഹായികൾ തുടങ്ങിയവരെ ആശുപത്രി വളപ്പിനും പുറത്തും ആക്രമിക്കുന്നതും ജോലി തടസ്സപ്പെടുത്തുന്നതും ജാമ്യമില്ലാ കുറ്റമായിരിക്കും. * ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ ആക്രമിക്കുകയോ ആക്രമണത്തിനു പ്രേരിപ്പിക്കുകയോ നാശനഷ്ടം വരുത്തുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് ആറുമാസംമുതൽ അഞ്ചുവർഷംവരെ തടവും 50,000 രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കും * ഇന്ത്യൻ ശിക്ഷാനിയമം 320-ാം വകുപ്പിൽ പറയുന്നപ്രകാരം ഗുരുതരമായ പരിക്കേൽപ്പിക്കുന്നവർക്ക് മൂന്നുവർഷംമുതൽ പത്തുവർഷംവരെ തടവും രണ്ടുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കും * ശിക്ഷയ്ക്കു പുറമേ കുറ്റവാളിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാം. കേടുവരുത്തിയ സ്വത്തിന്റെ വിപണി മൂല്യത്തിന്റെ ഇരട്ടിയോ, കോടതി നിശ്ചയിക്കുന്ന തുകയോ നഷ്ടപരിഹാരം നൽകണം * ജീവനക്കാർക്കുണ്ടാകുന്ന നിസ്സാരപരിക്കിന് ഒരു ലക്ഷം രൂപയും ഗുരുതരമായ പരിക്കിന് അഞ്ചുലക്ഷംരൂപയും നഷ്ടപരിഹാരം നൽകണം * നഷ്ടപരിഹാരത്തുക അടച്ചില്ലെങ്കിൽ വസ്തു ജപ്തിചെയ്ത് പണമീടാക്കണം * ഈ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം. Content Highlights:Attacking doctors and nurses to become non-bailable
from mathrubhumi.latestnews.rssfeed https://ift.tt/2ZtSoNP
via
IFTTT
No comments:
Post a Comment