മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റിനു പിന്നാലെ മറ്റൊരു മുതിർന്ന നേതാവുകൂടി അറസ്റ്റിലായത് കോൺഗ്രസിനു കനത്ത ആഘാതമായി. കർണാടകത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചവരിൽ പ്രധാനിയാണ് ശിവകുമാർ. സംസ്ഥാനത്തെ മുൻ കോൺഗ്രസ്-ജനതാദൾ മന്ത്രിസഭയെ പലവട്ടം അട്ടിമറികളിൽനിന്നു രക്ഷിച്ചത് അദ്ദേഹത്തിന്റെ തന്ത്രജ്ഞതയായിരുന്നു കുറച്ചുകാലമായി ആദായനികുതിവകുപ്പും ഇ.ഡി.യും ശിവകുമാറിനു പിന്നാലെയായിരുന്നു. 429 കോടിയുടെ കണക്കിൽപ്പെടാത്ത സമ്പാദ്യം പരിശോധനയിൽ കണ്ടെത്തിയെന്ന ആദായനികുതി വകുപ്പു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയതോടെ അദ്ദേഹത്തിനുമുന്നിൽ മറ്റു വഴികളില്ലാതായി. എട്ടുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് ഇ.ഡി.യുടെ കേസ്. ഡൽഹിയിലെ കർണാടകഭവനിലെ ജീവനക്കാരനായ ഹനുമന്തപ്പയും കേസിൽ പ്രതിയാണ്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കുന്ന ശിവകുമാറിനെ കൂടുതൽ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ഇ.ഡി. ആവശ്യപ്പെടും. 2017 ജൂലായിൽ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിങ്കപ്പൂരിലേക്കു പോയെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ശിവകുമാറിന് 429 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് ആരോപിച്ചത്. ഇതേത്തുടർന്ന്, ശിവകുമാറുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഡൽഹിയിലും ബെംഗളൂരുവിലുമുള്ള അറുപതോളം കേന്ദ്രങ്ങളിൽ 2017 ഓഗസ്റ്റ് രണ്ടിനു റെയ്ഡ് നടത്തി 8.59 കോടി രൂപ പിടിച്ചെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുചെയ്തിരിക്കുന്നത്. പ്രതികാരരാഷ്ട്രീയത്തിന്റെ ഇരയെന്ന് ശിവകുമാർ ബി.ജെ.പി.യുടെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റുചെയ്യുകയെന്ന ദൗത്യത്തിൽ വിജയിച്ച ബി.ജെ.പി. സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാർ. ചൊവ്വാഴ്ച രാത്രി രണ്ട് ട്വിറ്റർ സന്ദേശങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിപ്രവർത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റിൽ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാർ ആദ്യത്തെ ട്വീറ്റിൽ പ്രതികരിച്ചു. ദൈവത്തിലും രാജ്യത്തെ നിയമസംവിധാനത്തിലും വിശ്വാസമുണ്ട്. പ്രതികാരരാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കും -ശിവകുമാർ പറഞ്ഞു. രണ്ടാമത്തെ ട്വീറ്റിലാണ് ബി.ജെ.പി.ക്ക് അഭിനന്ദനം എന്ന് ശിവകുമാർ പരിഹസിച്ചത്. ആദായനികുതി വകുപ്പിന്റെയും ഇ.ഡി.യുടെയും നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:Arrest of senior leaders; congress faces setback
from mathrubhumi.latestnews.rssfeed https://ift.tt/2LoFVRR
via
IFTTT
No comments:
Post a Comment