കൊച്ചി: ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ഫ്ളാറ്റ് ഉടമകൾക്ക് നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ആരും ഫ്ളാറ്റുകൾ വിട്ടിറങ്ങിയില്ല. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ ഈമാസം ഇരുപതിനകം പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളിൽ ഫ്ളാറ്റ് ഒഴിയാൻ നഗരസഭ ഉടമകൾക്ക് നോട്ടീസ് നൽകി. എന്നാൽ, ഒഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് താമസക്കാർ. ഫ്ളാറ്റുകൾ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നുമുള്ള നിലപാടിലാണ് ഫ്ളാറ്റ് നിർമാതാക്കൾ. ഇത് വ്യക്തമാക്കി ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ നിർമാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്തുനൽകി. പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാൽ ഉടമസ്ഥാവകാശവും അവർക്കാണ്. നഗരസഭ തങ്ങൾക്ക് നോട്ടീസ് നൽകിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിർമാതാക്കൾ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥരോ നിർമാതാക്കളോ ചെയ്ത തെറ്റിന് ബലിയാടാവില്ലെന്നുമാണ് ഉടമകൾ പറയുന്നത്. ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരസഭാ കവാടത്തിനുമുന്നിൽ തുടങ്ങിയ സമരം ഞായറാഴ്ച കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് മാറ്റി. റിവ്യൂ ഹർജിയുടെ സാധ്യത തേടി സർക്കാർ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹർജിയുടെ സാധ്യത സർക്കാർ പരിശോധിക്കുന്നു. ഇതിനായി സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടും. ഇതുവരെ എടുത്ത നടപടികൾ, പ്രായോഗിക പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം കോടതിയിൽ സർക്കാർ നൽകും. ഇതോടൊപ്പമാണ് റിവ്യൂഹർജിയുടെ സാധ്യത പരിഗണിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ താമസക്കാരെ ഫ്ളാറ്റുകളിൽനിന്ന് ഒഴിപ്പിക്കുക എളുപ്പമല്ല. ഇതിന് കൂടുതൽ സമയം തേടും. ഇതുവരെയെടുത്ത നടപടികൾ കോടതിയെ അറിയിക്കുന്നതിനൊപ്പം വിധി പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് സർക്കാർ. കേസിൽ ഇപ്പോൾ സർക്കാർ കക്ഷിയല്ല. വിധി സുപ്രീംകോടതിയുടേതായതിനാൽ ഇടപെടലിന് പരിമിതികളുമുണ്ട്. ഒഴിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾപോലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുള്ള പരിസ്ഥിതിപ്രശ്നങ്ങളും സർക്കാരിനു പ്രതിസന്ധിയാണ്. ഇക്കാര്യവും വിശദമാക്കും. എന്തുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നഗരസഭ ഫ്ളാറ്റ് ഒഴിപ്പിക്കൽ വിഷയത്തിൽ അടുത്തഘട്ടത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ. ഉടമകൾ ഒഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. മേൽനടപടി എങ്ങനെവേണമെന്ന് ഇനി തീരുമാനിക്കും. ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും മുകളിൽനിന്ന് കിട്ടിയിട്ടില്ല. ഉത്തരവനുസരിച്ചായിരിക്കും തുടർനടപടി. ഒഴിയേണ്ടിവന്നാൽ താമസക്കാർക്കായി ഏലൂരിലെ ഫാക്ട് ക്വാർട്ടേഴ്സിൽ സൗകര്യം ഒരുക്കാനായി കളക്ടർ നിർദേശിച്ചതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. നാളെ സർവകക്ഷിയോഗം കോടതിവിധിയെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താനും പരിഹാരത്തിന് നിർദേശംതേടിയും സർക്കാർ സർവകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച മൂന്നരയ്ക്ക് തിരുവനന്തപുരത്താണ് യോഗം.
from mathrubhumi.latestnews.rssfeed https://ift.tt/2I6tlG4
via
IFTTT
No comments:
Post a Comment