കോഴിക്കോട്: വിനാശകാരിയായ അൾട്രാ വയലറ്റ് വികിരണങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിക്ക് ഭീഷണിയായി ഗുജറാത്തിലെ കച്ചിൽനിന്ന് അപൂർവ വാതകപ്രവാഹം. ബ്രോമിൻ മോണോക്സൈഡ് (BrO) എന്ന വിരളവാതകമാണ് ലോകത്തിലെ വലിയ ഉപ്പുമരുഭൂമിയായ റാൻ ഓഫ് കച്ചിൽ ഭൂമിക്കടിയിൽനിന്ന് പുറത്തുവരുന്നത്. ജർമനിയിലെ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി, ഹൈഡൽബർഗ് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഫിസിക്സ് എന്നിവയിലെ ഗവേഷകരാണ് നാലുവർഷംമുന്പ് പഠനംനടത്തിയത്. ഇതിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗോം-2 (ഗ്ലോബൽ ഓസോൺ മോണിറ്ററിങ് എക്സ്പെരിമെന്റ്), അമേരിക്കയുടെ ഓസോൺ മോണിറ്ററിങ് ഇൻസ്ട്രുമെന്റ് (ഒ.എം.ഐ.) എന്നീ ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങൾ വിശകലനംചെയ്തു. കച്ചിൽ ഏപ്രിൽ-മേയ് മാസങ്ങളിൽ ഉയർന്ന അളവിൽ (40 പി.പി.ടി.വരെ) വാതകപ്രവാഹമുണ്ടാവുന്നതായാണ് നിരീക്ഷിക്കപ്പെട്ടത്. ചെറിയ അളവിൽപ്പോലും ഇത് ഓസോൺ വാതകവുമായി പ്രവർത്തിച്ച് മാരകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ധ്രുവപ്രദേശങ്ങളിലും അഗ്നിപർവത ലാവാപ്രവാഹങ്ങളിലുമാണ് സാധാരണയായി ബ്രോമിൻ മോണോക്സൈഡിന്റെ സാന്നിധ്യം കണപ്പെടുന്നത്. റാൻ ഓഫ് കച്ചിൽ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ചതുപ്പുപ്രദേശങ്ങളിലെ ഭൗമ പ്രതിഭാസമായിരിക്കാമെന്ന് കരുതുന്നു. വാതകപ്രവാഹത്തിന്റെ സ്രോതസ്സ്, സ്വഭാവം, അളവ് തുടങ്ങിയവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ പ്രദേശത്ത് നേരിട്ടെത്തി വിശദപഠനം ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇന്ത്യയിലെ ഗവേഷകർക്ക് വിവരം കൈമാറിയെങ്കിലും തുടർപഠനം നടന്നിട്ടില്ല. കച്ചിലെ ബ്രോമിൻ ഓക്സൈഡ് പ്രവാഹത്തെക്കുറിച്ച് വിശദമായി പഠിക്കാൻ പദ്ധതി ആലോചനയിലുണ്ടെന്ന് കോഴിക്കോട് എൻ.ഐ.ടി.യിലെ ഭൗതികശാസ്ത്ര പ്രൊഫസർ ഡോ. എം.കെ. രവി വർമ പറഞ്ഞു. മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളുമായി ചർച്ചനടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ വാതകങ്ങൾ സൂക്ഷ്മമായി അളക്കുന്നതിനുള്ള സ്പെക്ടോസ്കോപ് ഉപകരണങ്ങൾ എൻ.ഐ.ടി. ഫിസിക്സ് വിഭാഗം വികസിപ്പിച്ചിട്ടുണ്ട്. വെളുത്ത മരുഭൂമി ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലെ റാൻ ഓഫ് കച്ച് വെളുത്ത മരുഭൂമിയെന്നാണ് അറിയപ്പെടുന്നത്. 30,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ഇന്ത്യയിൽ ഏറ്റവുമധികം ചൂടുള്ള പ്രദേശങ്ങളിലൊന്ന്. ഉഷ്ണകാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശൈത്യകാലത്ത് പൂജ്യം ഡിഗ്രിക്കും താഴെയെത്തും. മഴക്കാലത്ത് വെള്ളംകെട്ടിനിന്ന് ചതുപ്പുപ്രദേശമായി മാറും. ദുഷ്കരമായ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഡിസംബർ-മാർച്ച് സീസണിൽ മാത്രമേ ഇവിടേക്കുപോവാൻ സാധിക്കൂ. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാലാവാം വാതക ബഹിർഗമനം കുറവാണ്. ഓസോൺ പാളി ഓക്സിജന്റെ മൂന്നു ആറ്റങ്ങൾ േചർന്ന വാതകമാണ് ഓസോൺ. ഭൂമിയിലെ ഓസോണിന്റെ ഏതാണ്ട് 90 ശതമാനവും അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ പാളിയിലാണ്. സൂര്യനിൽനിന്നുള്ള അപകടകാരിയായ അൾട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞുനിർത്തി ഭൂമിയെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. റെഫ്രിജറേറ്ററുകൾ, എ.സി., തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ ഈ 'കുട'യ്ക്ക് വിള്ളൽ വീഴ്ത്തുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/30iKRNp
via
IFTTT
No comments:
Post a Comment