തിരുവനന്തപുരം: വിദ്യാർഥിസംഘടനകളുടെ പ്രവർത്തനത്തിന് നിയമപ്രാബല്യം നൽകാനുള്ള കരട് നിയമത്തിന് നിയമവകുപ്പിന്റെ അംഗീകാരം. നിയമം വരുന്നതോടെ ഇപ്പോൾ വിലക്കുള്ള സ്വാശ്രയ കോളേജുകളിലടക്കം സംഘടനാപ്രവർത്തനം സജീവമാകും. സ്വാശ്രയ കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം, യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനാ പ്രവർത്തനത്തിന് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. രജിസ്ട്രേഷൻ വേണം എല്ലാ വിദ്യാർഥിസംഘടനകളും സംസ്ഥാനാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. അതത് സംഘടനകളുടെ നിയമാവലി നൽകിയാണ് രജിസ്ട്രേഷനെടുക്കേണ്ടത്. ബൈലോയിൽ പറയുന്നപ്രകാരം സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പും മറ്റും നടത്തേണ്ടിവരും. രജിസ്ട്രേഷനുള്ളവയ്ക്ക് എല്ലാ കാമ്പസുകളിലും പ്രവർത്തിക്കാം. ചിലയിടങ്ങളിൽ ഏക സംഘടനയെന്ന രീതി മാറ്റാനാണിത്. വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാനതലത്തിൽ അതോറിറ്റിയുണ്ടാകും. വിരമിച്ച ഹൈക്കോടതി ജഡ്ജി, വിരമിച്ച വി.സി., പ്രാഗല്ഭ്യമുള്ള പൊതുപ്രവർത്തകൻ എന്നിവരാകും അംഗങ്ങൾ. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർ ചേർന്നാകും ഇവരെ നിശ്ചയിക്കുക. അധികാരസ്ഥാനത്തുള്ളവർക്കെതിരായ പരാതി അതോറിറ്റിക്കാണ് വിദ്യാർഥികൾ നൽകേണ്ടത്. മാനേജ്മെന്റുമുതൽ കോളേജ് യൂണിയൻവരെ അധികാരസ്ഥാനമാണ്. പ്രിൻസിപ്പൽ, അധ്യാപകർ, കോളേജ് കൗൺസിൽ എന്നിവയെല്ലാം അധികാരസ്ഥാനങ്ങളാണ്. പിഴ ഈടാക്കും പരാതിശരിയെന്നു കണ്ടാൽ അതോറിറ്റിക്ക് അവ തിരുത്താൻ നിർദേശം നൽകാം. പിഴയും ഈടാക്കാം. പരമാവധി 10 ലക്ഷം രൂപവരെ പിഴയീടാക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടാകും. പരാതി വ്യാജമാണെങ്കിൽ വിദ്യാർഥിയിൽനിന്നു പിഴയീടാക്കും. കോളേജിൽ അച്ചടക്കം നിലനിർത്താനുള്ള ഉത്തരവാദിത്വം പ്രിൻസിപ്പലിനാണ്. സ്ഥാപനത്തിൽ പോലീസിനെ കയറ്റേണ്ട സാഹചര്യമുണ്ടായാൽ പ്രിൻസിപ്പൽ ആവശ്യപ്പെടണം. വിദ്യാർഥിരാഷ്ട്രീയത്തിന് ഒട്ടേറെ നിയന്ത്രണങ്ങൾ കോടതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ, നിരോധനമില്ല. സുപ്രീംകോടതി നിർദേശപ്രകാരം ലിങ്ദോ കമ്മിറ്റി ശുപാർശകൾ അനുസരിച്ചാണ് കോളേജ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിന് ഹൈക്കോടതിയിൽനിന്ന് ചില മാനേജ്മെന്റുകൾ സ്റ്റേ നേടിയിട്ടുണ്ട്. സ്വാശ്രയ കോളേജുകളിലെ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവർത്തനം മാനേജ്മെന്റ് നിരോധിച്ചതിനാൽ പല കോളേജുകളിലും പേരിനാണ് യൂണിയൻ തിരഞ്ഞെടുപ്പ്. യൂണിയൻ ഭാരവാഹികളെ പ്രിൻസിപ്പൽ നിയോഗിക്കുന്ന രീതിയും ചിലേടത്തുണ്ട്. സംഘടനാ പ്രവർത്തനത്തിന് നിയമപ്രാബല്യം വരുന്നതോടെ സ്വാശ്രയകോളേജുകളിലും വിദ്യാർഥികൾക്ക് സംഘടിക്കാൻ കഴിയും. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഫയൽ മന്ത്രിസഭയിൽ കൊണ്ടുവന്ന് ഓർഡിനൻസായി ഇറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. content highlights: student politics, Keralagovernment
from mathrubhumi.latestnews.rssfeed https://ift.tt/34vpXhn
via
IFTTT
No comments:
Post a Comment