ആലപ്പുഴ: 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുമ്പോൾ ഭക്ഷ്യധാന്യവിലയിൽ ആശയക്കുഴപ്പം. ഭക്ഷ്യഭദ്രതാനിയമമനുസരിച്ച് കേന്ദ്രം രാജ്യമൊട്ടാകെ ഒറ്റവില നിശ്ചയിച്ചെങ്കിലും ഓരോ സംസ്ഥാനവും വിലയിൽ മാറ്റങ്ങൾ വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. മുൻഗണനാവിഭാഗങ്ങൾക്ക് (ചുവപ്പുകാർഡ്) മൂന്നുരൂപയ്ക്ക് അരിയും രണ്ടുരൂപയ്ക്ക് ഗോതമ്പും ഒരുരൂപയ്ക്ക് പയറുവർഗങ്ങളും നൽകാനാണ് ദേശീയ ഭക്ഷ്യഭദ്രതാനിയമം നിർദേശിക്കുന്നത്. കേരളം ചുവപ്പുകാർഡുകാർക്ക് രണ്ടുരൂപയ്ക്കാണ് അരി നൽകുന്നത്. കർണാടകയിൽ സൗജന്യവും. ഇതുപോലെ മറ്റുസംസ്ഥാനങ്ങളിലും വില വ്യത്യസ്തമാണ്. കേരളത്തിലുള്ളവർ കർണാടകയിൽനിന്ന് അരി വാങ്ങിയാൽ സൗജന്യമായും കർണാടകയിലുള്ളവർ കേരളത്തിൽനിന്ന് അരി വാങ്ങിയാൽ രണ്ടുരൂപയും നൽകേണ്ടിവരുമോ അതോ അതത് സംസ്ഥാനങ്ങളിലുള്ള വിലതന്നെ തുടരുമോ എന്നതിലാണ് ആശയക്കുഴപ്പം. കേന്ദ്രഭക്ഷ്യമന്ത്രാലയം അടുത്തിടെ വിളിച്ചുചേർത്ത രണ്ടുയോഗങ്ങളിലും വ്യക്തതയായില്ല. 2020 ജനുവരിയിലാണ് രാജ്യമൊട്ടാകെ പദ്ധതി ആരംഭിക്കുന്നത്. അടുത്തമാസം അഞ്ചുക്ലസ്റ്ററുകൾ രൂപവത്കരിച്ച് 10 സംസ്ഥാനങ്ങളിൽ ആദ്യഘട്ടം നടപ്പാക്കും. ഇതിൽ കേരളവും കർണാടകവും ചേർന്നതാണ് ഒരു ക്ലസ്റ്റർ. രണ്ടുസംസ്ഥനത്തെയും കാർഡുടമകളുടെ വിവരങ്ങൾ ചേർത്ത് ഒറ്റ ഡേറ്റാബാങ്ക് ആക്കും. ഇതിനുശേഷമായിരിക്കും വിതരണം. കേരളത്തിൽ നേരത്തേ മുൻഗണനാവിഭാഗങ്ങൾക്ക് സൗജന്യമായാണ് അരി നൽകിയിരുന്നത്. പിന്നീട് റേഷൻവ്യാപാരികൾക്ക് വേതനപാക്കേജ് നടപ്പാക്കിയപ്പോഴുണ്ടായ അധികബാധ്യത ഒഴിവാക്കാൻ അരിക്ക് രണ്ടുരൂപ ഈടാക്കാൻ തീരുമാനിച്ചു. ധാരണയുണ്ടാക്കും ഭക്ഷ്യധാന്യവിലയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്രഭക്ഷ്യമന്ത്രാലയം യോഗം വിളിക്കുമെന്നാണ് കരുതുന്നത്. ഇല്ലെങ്കിൽ കർണാടകയുമായി ധാരണയുണ്ടാക്കും. കഴിഞ്ഞ യോഗങ്ങളിലൊന്നും വിലയിലെ ആശയക്കുഴപ്പം ചർച്ചയായില്ല. പോർട്ടബിലിറ്റി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ ക്ലസ്റ്റർ രൂപവത്കരണം മാത്രമാണ് നടന്നത്. -പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി content highlights:one country one ration card
from mathrubhumi.latestnews.rssfeed https://ift.tt/2LEKGqf
via
IFTTT
No comments:
Post a Comment