പാലക്കാട്: പാലക്കാട്ടെ ഗ്രാമക്ഷേത്രങ്ങളിൽ ഉത്തരേന്ത്യൻ പൂജാരിമാരുടെ വരവ് കൂടുന്നു. ആറുവർഷംമുന്പ് ആറുപേരായിരുന്നു മറുനാടൻ പൂജാരിമാർ. ഇപ്പോൾ വിവിധ ക്ഷേത്രങ്ങളിലായി നാല്പതോളം പേർ ശാന്തിവൃത്തിചെയ്യുന്നു. വാരാണസി, അലഹാബാദ് ജില്ലകളിൽനിന്നായി അട്ടപ്പാടിമുതൽ ആലത്തൂർവരെയുള്ള വിവിധ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നതായി ചിതലി നല്ലേക്കാവ് അയ്യപ്പക്ഷേത്രത്തിലെ പൂജാരി വാരാണസി സ്വദേശി കുൽദീപ് മിശ്ര പറയുന്നു. 'ഞങ്ങളുടെ നാട്ടിൽ ഭഗവാന്മാർക്ക് പായസം പതിവില്ല. വെള്ള നൈവേദ്യവുമില്ല. മധുരപലഹാരങ്ങളും ഭക്ഷണപദാർഥങ്ങളുമൊക്കെ പൂജയ്ക്കുണ്ടാവും. അവിടെ ഭഗവാനും ഭഗവതിക്കും അലങ്കാരവും ആരതിയുമാണ് പ്രധാനം. ഇവിടെ പൂജാരിമാർ മേൽവസ്ത്രം ധരിക്കാൻ പാടില്ല. അവിടെ ആവാം. അവിടെ വീടുകളിലും പൂജ പതിവുണ്ട്'. കുൽദീപ് പറഞ്ഞുതുടങ്ങിയതുകേട്ട് കൂട്ടുകാരൻ സൂരജ് മിശ്രയും മുറിക്കുപുറത്തേക്ക് വന്നു. മുരിങ്ങമല ദുർഗാദേവി ക്ഷേത്രത്തിലെ പൂജാരിയാണ് സൂരജമിശ്ര. മഥുര വൃന്ദാവൻ ആശ്രമത്തിൽ വേദപഠനം പൂർത്തിയാക്കിയവരാണ് പാലക്കാട്ടെത്തിയതെന്ന് കുൽദീപ് പറഞ്ഞു. പക്ഷേ, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ കഠിനപായസമൊക്കെ നന്നായി ഉണ്ടാക്കാൻ കുൽദീപും സൂരജും പഠിച്ചെടുത്തു. മലയാളമെഴുതാനും വായിക്കാനും പഠിച്ചു. ഇപ്പോൾ ക്ഷേത്രത്തിലെത്തുന്നവരോട് നന്നായി മലയാളത്തിൽ സംസാരിക്കും. ഭക്ഷണകാര്യത്തിൽ ചോറിനോട് അത്ര പ്രിയം പോര കുൽദീപിന്. ചപ്പാത്തിയും സബ്ജിയുമാണ് ഇവരുടെ താമസസ്ഥലത്തെ അടുക്കളയിൽ പ്രധാനം. വെള്ളപ്പാറ മുത്താരം ഭഗവതിക്ഷേത്രം, കുത്തനൂർ ശിവക്ഷേത്രം, അട്ടപ്പാടി ഗൂളിക്കടവ് ക്ഷേത്രം, കോങ്ങാട്, കാവശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം തങ്ങളുടെ സുഹൃത്തുക്കൾ പൂജാരിമാരായിട്ടുണ്ടെന്ന് കുൽദീപും സൂരജും പറയുന്നു. കേരളത്തിൽനിന്നുള്ള പൂജാരിമാരെ കിട്ടാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെയാണ് രണ്ടുവർഷംമുമ്പ് കുൽദീപിനെ ചില സുഹൃത്തുക്കൾവഴി കണ്ടെത്തിയതെന്ന് നല്ലേക്കാവ് ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സി.എം. രമേഷും ജോയന്റ് സെക്രട്ടറി എൻ. പുഷ്പരാജും പറഞ്ഞു. Content Highlights:kerala temples hiring priest from uttar pradesh
from mathrubhumi.latestnews.rssfeed https://ift.tt/2LoJgQS
via
IFTTT
No comments:
Post a Comment