ഗുവാഹാട്ടി: പൗരത്വ ഭേദഗതി ബിൽ (സി.എ.ബി.) വേണ്ടെന്നുവെച്ചിട്ടില്ലെന്നും വീണ്ടും കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച പ്രസ്താവിച്ചു. അസമിൽനിന്നു മാത്രമല്ല, രാജ്യമെമ്പാടുനിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകിയിരുന്ന വ്യവസ്ഥകൾ ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽനിന്ന് എടുത്തുകളഞ്ഞതുപോലെ 371-ാം അനുച്ഛേദം റദ്ദാക്കാൻ സർക്കാരിനു പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പ്രത്യേകപദവി നൽകുന്ന അനുച്ഛേദമാണ് 371. ഓഗസ്റ്റ് 31-ന് എൻ.ആർ.സി. അന്തിമപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ആദ്യമായി അസമിലെത്തിയ ഷാ, ഗുവാഹാട്ടിയിൽ വടക്കുകിഴക്കൻ ജനാധിപത്യസഖ്യത്തിന്റെ (എൻ.ഇ.ഡി.എ.) യോഗത്തിൽ പ്രസംഗിക്കവേയാണ് നയം വ്യക്തമാക്കിയത്. എൻ.ഡി.എ.യുടെ വടക്കുകിഴക്കൻ മേഖലാവിഭാഗമാണ് എൻ.ഇ.ഡി.എ. “പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നുകഴിഞ്ഞും വടക്കുകിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങൾ അങ്ങനെതന്നെയുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തും. ആ നിയമങ്ങളിൽ കൈവെക്കാൻ ഉദ്ദേശിക്കുന്നില്ല” -ഷാ പറഞ്ഞു. സി.എ.ബി. തങ്ങളുടെ സംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതത്തെ മാറ്റിമറിക്കുമോയെന്ന ആശങ്ക മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോയും മിസോറം മുഖ്യമന്ത്രി സൊറാംതാംഗയും പ്രകടിപ്പിച്ചപ്പോഴായിരുന്നു ഷായുടെ പ്രതികരണം. ജനുവരി എട്ടിന് ലോക്സഭ പാസാക്കിയ സി.എ.ബി., വിവിധ അംഗങ്ങളുടെ എതിർപ്പുകാരണം രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറി ഏഴുവർഷം താമസിച്ച ഹിന്ദു, ജൈന, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി സമുദായാംഗങ്ങൾക്ക് മതിയായ രേഖകളില്ലെങ്കിലും പൗരത്വം നൽകുന്നതാണ് സി.എ.ബി. അനധികൃതമായി കുടിയേറിയ ഓരോരുത്തരെയും രാജ്യത്തിനു പുറത്താക്കുമെന്ന് ഞായറാഴ്ച വടക്കുപടിഞ്ഞാറൽ കൗൺസിൽ യോഗത്തിലെ പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. മണിപ്പുരും എൻ.ആർ.സി. നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നെന്നും ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി എൻ. ബീരേൻ സിങ് പറഞ്ഞു. അന്തിമ എൻ.ആർ.സി.യിൽ പിഴവുണ്ട് -ആർ.എസ്.എസ്. പുഷ്കർ (രാജസ്ഥാൻ): അസമിലെ അന്തിമ ദേശീയപൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി.) ചില തെറ്റുകളുണ്ടെന്നും അതു പരിഹരിച്ചേ സർക്കാർ മുന്നോട്ടുപോകാവൂ എന്നും ആർ.എസ്.എസ്. പറഞ്ഞു. എൻ.ആർ.സി.യുണ്ടാക്കുന്നത് സ്വാഗതാർഹമാണെന്ന് രാജസ്ഥാനിലെ പുഷ്കറിൽനടന്ന ആർ.എസ്.എസ്.-ബി.ജെ.പി. ഏകോപന സമിതി യോഗം വിലയിരുത്തി. എന്നാൽ, അന്തിമപട്ടികയിൽനിന്ന് യഥാർഥ പൗരത്വ രേഖകളുള്ളവർ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇവരിലേറെയും ഹിന്ദുക്കളാണെന്നും ആർ.എസ്.എസ്. ചൂണ്ടിക്കാട്ടി. യോഗത്തിൽ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് വിശദമായ ചർച്ച നടന്നു. ബി.ജെ.പി. ജനറൽ സെക്രട്ടറി രാം മാധവാണ് സർക്കാർ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചത്. എന്നാൽ, രജിസ്റ്ററിൽ വ്യാപകമായ പിഴവുകളുണ്ടെന്ന് പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് പിഴവുകൾ നീക്കണമെന്ന് ആർ.എസ്.എസ്. കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. Content Highlights:Amit Shah illegal immigrants
from mathrubhumi.latestnews.rssfeed https://ift.tt/2LGj3xi
via
IFTTT
No comments:
Post a Comment