മലങ്കര സഭയ്ക്ക് കീഴിലെ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഇനിയൊരു കേസും പാടില്ലെന്നും തങ്ങളുടെ വിധി പാലിക്കാൻ എല്ലാ കോടതികൾക്കും ബാധ്യതയുണ്ടെന്നും വ്യക്തമാക്കി സുപ്രീംകോടതി. ഹൈക്കോടതി ഉൾപ്പെടെ കേരളത്തിലെ ഒരു കോടതിയും സുപ്രീംകോടതിയുടെ വിധി ലംഘിക്കുന്ന ഉത്തരവുകളിറക്കരുത്. അങ്ങനെയുണ്ടായാൽ വളരെ ഗൗരവത്തോടെ കാണുമെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച്, കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഓർമിപ്പിച്ചു. കണ്ടനാട് പള്ളിക്കേസിൽ ഹൈക്കോടതിയുത്തരവ് റദ്ദാക്കിയ ഈമാസം ആറിലെ വിശദമായ വിധിന്യായത്തിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സഭാ തർക്കത്തിലെ സമാനമായ കേസുകളെല്ലാം സുപ്രീംകോടതിയുടെ 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീർപ്പാക്കണം. സഭാ തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ കേരളത്തിലെ കോടതികളിലുണ്ടെന്നതിന്റെ കണക്ക് മൂന്നു മാസത്തിനകം സമർപ്പിക്കാനും ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു. എറണാകുളം കണ്ടനാട് പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാർഥന നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതിക്കുനേരെ രൂക്ഷമായ വിമർശമാണ് ജസ്റ്റിസ് അരുൺ മിശ്ര നടത്തിയത്. ഇടക്കാല ഉത്തരവിറക്കിയ ജഡ്ജിയുടെ പേരെടുത്തുപറഞ്ഞായിരുന്നു വിമർശം. പിന്നീട്, പുറത്തുവന്ന വിധിന്യായത്തിലും ഹൈക്കോടതിക്കുനേരെ ശക്തമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ സിവിൽ, ജുഡീഷ്യൽ അതോറിറ്റികൾ സുപ്രീംകോടതിക്ക് സഹായകരമായാണ് പ്രവർത്തിക്കേണ്ടത്. സുപ്രീംകോടതിയുടെ ഉത്തരവുകളും വിധികളും പാലിക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്. മലങ്കര സഭയ്ക്ക് കീഴിലെ പള്ളികൾ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധിക്കെതിരേ യാക്കോബായ സഭക്കാർ പലതവണ സുപ്രീംകോടതിയിലെത്തിയെങ്കിലും അപ്പോഴെല്ലാം ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് യാക്കോബായ വിശ്വാസികൾക്കും പ്രാർഥിക്കാൻ അവസരം നൽകിക്കൊണ്ട് കണ്ടനാട് പള്ളിക്കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഹൈക്കോടതി എന്ത് ജുഡീഷ്യൽ അച്ചടക്കമാണ് പാലിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് വിധിന്യായത്തിൽ സുപ്രീംകോടതി പറയുന്നു. ഒരിക്കലും ചെയ്യാൻപാടില്ലാത്ത നടപടിയാണത്. കേരള ഹൈക്കോടതിയും സിവിൽ കോടതികളും സുപ്രീംകോടതിയുടെ 2017-ലെ വിധി ലംഘിക്കുന്ന ഉത്തരവുകളൊന്നും ഇറക്കരുത്. ഈ വിഷയത്തിൽ ഇനിയൊരു വ്യവഹാരത്തിന് സാധ്യത അവസാനിച്ചെന്നും സുപ്രീംകോടതി വ്യക്തമാക്കി. Content Highlights:Malankara church dispute case SC
from mathrubhumi.latestnews.rssfeed https://ift.tt/32SqdFp
via
IFTTT
No comments:
Post a Comment