കൊല്ലം : വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിപ്പിക്കാൻ പരിശീലനം ലഭിച്ച അധ്യാപകരെ ബ്രസീലിലേക്ക് അയയ്ക്കാനുള്ള പദ്ധതി തുടങ്ങിയേടത്തുതന്നെ. ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ ഇംഗ്ലീഷും കണക്കും പഠിപ്പിക്കാനായി അധ്യാപകരെ ബ്രസീലിലേക്ക് അയയ്ക്കാനായി 2012-ൽ തയ്യാറാക്കിയ പദ്ധതിയാണ് നടക്കാതെപോയത്. തുടർ പ്രവർത്തനങ്ങൾ മുടങ്ങിയതാണ് വലിയ സാധ്യതകളുണ്ടായിരുന്ന പദ്ധതി പാളാൻ കാരണം. ഐ.ടി. അറ്റ് സ്കൂൾ വികസിപ്പിച്ച അധ്യയനരീതിയിൽ പരിശീലനം ലഭിച്ച അധ്യാപകരെ ബ്രസീലിലെ സ്കൂളുകളിലേക്ക് അയയ്ക്കാൻ 2012-ലാണ് വിദ്യാഭ്യാസ വകുപ്പ് പരിപാടിയിട്ടത്. വിവരവിനിമയ സാങ്കേതികവിദ്യ(ഐ.സി.ടി.)യുടെ സഹായത്തോടെ പഠിപ്പിക്കുന്ന രീതി മനസ്സിലാക്കാനായി 2012 ഫെബ്രുവരിയിൽ ബ്രസീലിൽനിന്നുള്ള പ്രതിനിധിസംഘം കേരളത്തിലെത്തിയിരുന്നു. അധ്യയനരീതിയിൽ സംതൃപ്തി രേഖപ്പെടുത്തിയ സംഘം ഐ.സി.ടി. പരിശീലനം ലഭിച്ച 100 അധ്യാപകരെ ബ്രസീലിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ ബ്രസീലിലെ പെർനാംബക്കോ സ്റ്റേറ്റിലെ 40 സ്കൂളുകളിൽ കേരളത്തിൽനിന്നുള്ള 100 അധ്യാപകരെ നിയമിക്കാനായിരുന്നു നീക്കം. കേരളത്തിലെ ബി.എഡ് സെന്ററുകളിൽനിന്ന് 100 പേരെ തിരഞ്ഞെടുത്തുകൊള്ളാൻ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ബ്രസീലിലേക്ക് അയയ്ക്കുംമുൻപ് അവർക്ക് ഐ.ടി. അറ്റ് സ്കൂൾ ഐ.സി.ടി. അധ്യയനപരിശീലനം നൽകുമെന്നും അറിയിച്ചു. പദ്ധതിക്ക് ഏകദേശ ധാരണയായശേഷമാണ് പ്രതിനിധിസംഘം മടങ്ങിയത്. ബ്രസീലിലെ പ്രൈമറി സ്കൂളുകളുടെയും അധ്യാപകരുടെയും കുട്ടികളുടെയും നിലവാരം മനസ്സിലാക്കാനായി അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കറെയും ഐ.ടി. അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്തിനെയും ബ്രസീലിലേക്ക് സംഘം ക്ഷണിക്കുകയും ചെയ്തിരുന്നു. 2012 മാർച്ച് 29-ന് ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിയൻ പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോൾ ബ്രസീലുമായി അക്കാദമിക സഹകരണത്തിന് കരാർ ഒപ്പിടാനായിരുന്നു തീരുമാനം. ബ്രസീലിയൻ സംഘം മടങ്ങിയതിനു പിന്നാലെ ഐ.ടി. അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്തിനെയും മാസങ്ങൾക്കുള്ളിൽ എം.ശിവശങ്കറെയും മാറ്റിയതോടെ തുടർപ്രവർത്തനങ്ങളൊന്നും നടന്നില്ല. ഇതോടെ പദ്ധതി തുടങ്ങിയേടത്തുതന്നെ നിന്നുപോവുകയായിരുന്നു. പിന്നീട് പൊടിതട്ടിയെടുക്കാൻ ശ്രമമൊന്നും ഉണ്ടായതുമില്ല. content highlights:teachers to brazil
from mathrubhumi.latestnews.rssfeed https://ift.tt/2Zxtddi
via
IFTTT
No comments:
Post a Comment