ലഖ്നൗ: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനോട് പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) ചോദ്യംചെയ്യലിനു ഹാജരാവാനാവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് പേരുവെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥൻ. മൂന്നുദിവസംമുമ്പ് സമൻസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്നാണ് ചിന്മയാനന്ദ് അറിയിച്ചത്. വൈകാതെ ചോദ്യംചെയ്യുമെന്നും പ്രത്യേകാന്വേഷണസംഘത്തിലെ (എസ്.ഐ.ടി.) ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം, കേസിലെ തെളിവുകൾ നഷ്ടമായെന്ന് പരാതിക്കാരിയായ നിയമവിദ്യാർഥിനിയുടെ അച്ഛൻ ആരോപിച്ചു. ഒളിക്യാമറ ഘടിപ്പിച്ച രണ്ടു കണ്ണടകളുപയോഗിച്ച് മകൾ ശേഖരിച്ച തെളിവുകൾ ഹോസ്റ്റൽമുറിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. പിന്നീട് കോടതി ഉത്തരവിനെത്തുടർന്ന് മുറി മുദ്രവെച്ചു. തിങ്കളാഴ്ച അന്വേഷണസംഘം മുദ്രവെച്ച മുറി തുറന്നപ്പോൾ രണ്ടു കണ്ണടകളും നഷ്ടമായിരുന്നെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെയും അച്ഛന്റെയും സാന്നിധ്യത്തിലാണ് മുറിതുറന്നത്. മകളുടെ സുഹൃത്തും പെൻഡ്രൈവിൽ ശേഖരിച്ച തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവസ്ത്രനായ ചിന്മയാനന്ദിനെ ഒരു പെൺകുട്ടി മസാജ് ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് പെൺകുട്ടിയുമായി അടുത്തവൃത്തങ്ങൾ പറയുന്നു. പരാതിക്കാരി ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയതാണിത്. “ഇത്തരത്തിൽ 12 വീഡിയോകൾ പകർത്തിയിട്ടുണ്ട്. ചിന്മയാനന്ദ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുഹൃത്തായതിനാൽ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണ്” -പരാതിക്കാരിയുടെ അച്ഛൻ പറഞ്ഞു. ഈ വീഡിയോ കേസിനെ ശക്തിപ്പെടുത്തുന്നതാണെന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ആർ.കെ. ചതുർവേദി പറഞ്ഞു. അന്വേഷണപുരോഗതിയെക്കുറിച്ചോ ആരോപണത്തെക്കുറിച്ചോ പ്രതികരിക്കാൻ അന്വേഷണസംഘവും ഷാജഹാൻപുർ പോലീസും തയ്യാറായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2USNpkj
via
IFTTT
No comments:
Post a Comment