ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ്, ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം തുടങ്ങി ഏറ്റവുമൊടുവില്‍ മരട് ഫ്ളാറ്റ് കേസില്‍വരെ വിധിപറഞ്ഞ ബെഞ്ചുകളില്‍ അംഗമായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര സമീപകാലത്ത് കേരളസർക്കാരിന്റെ രൂക്ഷവിമർശകനാണ്. സംസ്ഥാനസർക്കാരിനെ നിർത്തിപ്പൊരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.എന്തൊക്കെയോ കാരണങ്ങളാല്‍ ഈകേസുകളിലൊന്നും ജസ്റ്റിസ് മിശ്രയുടെ ഉത്തരവുകള്‍ പാലിക്കപ്പെടാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ‘കേരളം ഇന്ത്യയിലല്ലേ?, നിയമങ്ങള്‍ കേരളത്തിനുബാധകമല്ലേ’ തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ആവർത്തിക്കുന്നതിനുപിന്നില്‍ ഈ കേസിലെ വിധികളോടുള്ള സർക്കാർ സമീപനത്തോടുള്ള അതൃപ്തി പ്രകടമാണ്.2017-ല്‍ ജസ്റ്റിസ് മിശ്ര ഉത്തരവിറക്കിയ സഭാതര്‍ക്കക്കേസിലാണ് തുടക്കമെങ്കിലും പ്രശ്നം പാരമ്യത്തിലെത്തിയത് 2018-ല്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തിലാണ്. 2019-ല്‍ മരട് കേസിലും ഉത്തരവുവന്നതോടെ ജസ്റ്റിസ് മിശ്രയില്‍നിന്ന് കേരളം ‘ഹാട്രിക് ’ പൂര്‍ത്തിയാക്കി. സഭയും ഓര്‍ഡിനന്‍സും സഭാതര്‍ക്ക കേസില്‍ ആഴ്ചകളോളം വാദംകേട്ടശേഷമാണ് 2017 ജൂലായ് മൂന്നിന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിപറഞ്ഞത്. മലങ്കരസഭയ്ക്കുകീഴിലെ പള്ളികള്‍ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കണമെന്നുവ്യക്തമാക്കി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് വിധിവന്നത്. ഇതിനെതിരേ യാക്കോബായ വിഭാഗം ഓരോ പള്ളികളുടെ കേസിലും പ്രത്യേകമായി സുപ്രീംകോടതിയിലെത്തി. 2017-ലേത് എല്ലാവര്‍ക്കും ബാധകമായ വിധിയാണെന്ന് പലതവണ വ്യക്തമാക്കിയിട്ടും വീണ്ടും കേസുകളെത്തിയപ്പോള്‍ ജസ്റ്റിസ് മിശ്ര അന്ത്യശാസനം നല്‍കുകയുണ്ടായി. കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനം ജസ്റ്റിസ് മിശ്രയുടെ ബെഞ്ച് റദ്ദാക്കിയതായിരുന്നു അടുത്ത സംഭവം. പ്രവേശനം ക്രമവിരുദ്ധമാണെങ്കിലും വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് അത് തത്‌കാലം റദ്ദാക്കാതെ മറ്റെന്തെങ്കിലും ശിക്ഷ വിധിക്കുകയാണ് കോടതികള്‍ ചെയ്യാറ്. എന്നാല്‍, ഇതൊരു സ്ഥിരംസംഭവമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്ര 180 കുട്ടികളുടെ പ്രവേശനം റദ്ദാക്കി. വിധി മറികടക്കാന്‍ സംസ്ഥാനം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇത് കോടതിയെ വെല്ലുവിളിക്കലായി വിലയിരുത്തി ബെഞ്ച് ഓര്‍ഡിനന്‍സ് റദ്ദാക്കി. മരടില്‍ നടന്നത്തീരപരിപാലനചട്ടം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് പഞ്ചായത്ത് അയച്ച കാരണംകാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഹൈക്കോടതിക്കുവിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തില്‍ പറഞ്ഞതെങ്കിലും സുപ്രീംകോടതിതന്നെ പരിഗണിച്ചാല്‍മതിയെന്ന് അഭിപ്രായമുയര്‍ന്നതോടെ അദ്ദേഹം സമ്മതിച്ചു. ഒരുമാസത്തിനകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ടുനല്‍കണമെന്ന് മേയ് എട്ടിന് ഉത്തരവുവന്നതോടെ ഹര്‍ജിക്കാര്‍പോലും ഞെട്ടി. പൊതുവേ സംഭവിക്കാറുള്ളതുപോലെ നിര്‍മാതാക്കള്‍ക്ക് വന്‍തുക പിഴചുമത്തുമെന്നേ അഭിഭാഷകര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. പൊളിക്കാനുള്ള ഉത്തരവുവരുന്നതുവരെ ഫ്ളാറ്റുടമകള്‍ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഫ്ളാറ്റുകളാണിവയെന്ന വിവരം കോടതി അറിഞ്ഞോയെന്നുപോലും സംശയം. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍തന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കലായിരുന്നു നിയമപരമായ മാര്‍ഗമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനുപകരം, കോടതിയുത്തരവ് ചോദ്യംചെയ്യുംവിധം പലതരം റിട്ട് ഹര്‍ജികളെത്തിയത് ദോഷമായെന്ന് കരുതുന്നവരുണ്ട്. ഉത്തരവ് സ്റ്റേചെയ്യാന്‍ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനുപിന്നാലെ അവധിക്കാലത്ത് മറ്റൊരു ബെഞ്ചില്‍നിന്ന് റിട്ട് ഹര്‍ജിക്കാര്‍ സ്റ്റേ വാങ്ങിയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല രോഷാകുലനാക്കിയത്. സ്റ്റേ നല്‍കിയ ബെഞ്ചിനെതിരേ വാക്കാല്‍ പരാമര്‍ശം നടത്താന്‍പോലും ജസ്റ്റിസ് മിശ്ര മടിച്ചില്ല. പുനഃപരിശോധനാഹര്‍ജിയും കോടതി തള്ളിയതോടെ ഉത്തരവുനടപ്പാക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളെന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് മിശ്ര രജിസ്ട്രിയില്‍ പരിശോധിച്ചുവെന്നാണറിയുന്നത്. റിപ്പോര്‍ട്ട് നല്‍കിയില്ലെന്നുമാത്രമല്ല, ആരും കോടതിയലക്ഷ്യഹര്‍ജി നല്‍കിയിട്ടുമില്ലെന്ന് വ്യക്തമായതോടെ കേസ് വീണ്ടും സ്വമേധയാ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 23-ന് ഇനിയെന്ത്?വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കകം ഭീമാകാരമായ ബഹുനിലക്കെട്ടിടം പൊളിക്കല്‍ ഏറക്കുറെ അസാധ്യമാണ്. അങ്ങനെയങ്കില്‍ ഈമാസം 23-നു ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നല്‍കേണ്ടിവരും. ചുരുങ്ങിയ ദിവസത്തിനകം പൊളിക്കാനാകില്ലെന്നോ ഫ്ളാറ്റുടമകളുടെ എതിര്‍പ്പോ ഉയര്‍ത്തി റിപ്പോര്‍ട്ട് നല്‍കിയാല്‍പ്പോലും കോടതി അതെങ്ങനെ കാണുമെന്ന് പറയാനാകില്ല. ചീഫ് സെക്രട്ടറിയെ പ്രതിരോധിക്കാന്‍ ആര് ഹാജരാകുമെന്നതാണ് അടുത്ത ചോദ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ ഉറപ്പുപറഞ്ഞിട്ടില്ല. മുതിര്‍ന്ന അഭിഭാഷകരില്‍പലരും ഈകേസില്‍ മറ്റുകക്ഷികള്‍ക്കുവേണ്ടി നേരത്തേ ഹാജരായതിനാല്‍ അവരെയും പരിഗണിക്കാനാവില്ല. ജസ്റ്റിസ് മിശ്ര 23-ന് എന്ത് ഉത്തരവിറക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മരടിലെ ഫ്ളാറ്റുടമകള്‍ മാത്രമല്ല, നിയമലോകം കൂടിയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2NbII3Z
via
IFTTT
No comments:
Post a Comment