ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സാമ്പത്തിക ഉത്തേജന നടപടികൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. നിർമലാ സീതാരാമൻ ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്നും സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. റിയൽ എസ്റ്റേറ്റ്, വാണിജ്യം, വാഹനവിപണി തുടങ്ങിയ മേഖലകൾക്ക് കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത. ഇത് മൂന്നാം തവണയാണ് ധനമന്ത്രി ഉത്തേജന നടപടികൾ പ്രഖ്യാപിക്കാൻ പോകുന്നത്. ഉച്ചയ്ക്ക് 2.30-നാണ് വാർത്താസമ്മേളനം. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കുകൾക്ക് കൂടുതൽ മൂലധനം ലഭ്യമാക്കാനുമുള്ള നടപടികൾ കഴിഞ്ഞ ആഴ്ചകളിൽ സർക്കാർ കൈക്കൊണ്ടിരുന്നു. ഇതിനിടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഏറെത്താഴെയാണെന്ന് അന്താരാഷ്ട്ര നാണയനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോർപ്പറേറ്റ് രംഗത്തെയും പരിസ്ഥിതി മേഖലയിലെയും നിയമങ്ങളിലെ അനിശ്ചിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തളർച്ചയുമാണ് ഇതിനു കാരണമെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ സാമ്പത്തികവളർച്ച ആറുവർഷത്തെ താഴ്ന്ന നിലവാരമായ അഞ്ചു ശതമാനത്തിലെത്തിയതായി കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞവർഷം എട്ടു ശതമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. ഈ സാഹചര്യത്തിലാണ് തങ്ങൾ പ്രതീക്ഷിച്ചതിലും ദുർബലമാണ് ഇന്ത്യയുടെ വളർച്ചനിരക്കെന്ന് ഐ.എം.എഫ്. വക്താവ് ജെറി റൈസ് വ്യക്തമാക്കിയത്. ഇതിനിടെ വാഹനവിപണിയിലെ പ്രശ്നങ്ങൾക്ക് കാരണം യുവതലമുറ പൊതുഗതാഗതം ഉപയോഗിക്കുന്നതാണെന്ന നിർമലാ സീതാരാമന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. വാഹനനിർമാണ കമ്പനികളടക്കം മന്ത്രിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. Content Highlights:Nirmala Sitharaman to address a Press Conference today to announce important decisions
from mathrubhumi.latestnews.rssfeed https://ift.tt/31iV5Pi
via
IFTTT
No comments:
Post a Comment