ന്യൂഡൽഹി:സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ സുപ്രീംകോടതി നിർദേശപ്രകാരം നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കേരളം ഇതുവരെ നടപ്പാക്കിയില്ല. നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകൾ നവീകരിക്കാൻ സംസ്ഥാനങ്ങൾ മാർഗരേഖയോ നിയമനിർമാണമോ നടത്തണമെന്ന് കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി നിർദേശിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്കരിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം വിജ്ഞാപനമിറക്കിയെങ്കിലും അത് ജഗദീഷ് പ്രസാദ് കമ്മിറ്റിയുടെ ശുപാർശകൾക്ക് തുല്യമാകുന്നില്ലെന്ന് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമവും മിനിമംകൂലി നിയമവുമാണ് സംസ്ഥാനത്ത് സ്വകാര്യനഴ്സുമാർക്ക് ബാധകമായുള്ളത്. ഈ നിയമങ്ങൾ ആശുപത്രിയിലെ ഡോക്ടർമാർ ഒഴിച്ചുള്ള മുഴുവൻ ജീവനക്കാർക്കും ബാധകമാണ്. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഹർജിയിൽ 2016 ജനുവരി 29-നാണ് സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശംനൽകിയത്. ഇതുപ്രകാരം നിയോഗിക്കപ്പെട്ട കമ്മിറ്റി വിശദമായ ശുപാർശകളും സമർപ്പിച്ചു. അമ്പതിൽ താഴെ കിടക്കകളുള്ള ആശുപത്രിയാണെങ്കിൽപ്പോലും നഴ്സുമാർക്ക് മാസം 20,000 രൂപയെങ്കിലും ശമ്പളം നൽകണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തത്. ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ സർവീസിലെ നഴ്സുമാരുടേതിനു സമാനമായ വേതനം നൽകണം. നൂറിനും 200-നും ഇടയിൽ കിടക്കകളുള്ള ആശുപത്രിയാണെങ്കിൽ സർക്കാർ നഴ്സുമാരുടേതിനേക്കാൾ പത്ത് ശതമാനത്തിലേറെയും 50-നും നൂറിനുമിടയിലാണെങ്കിൽ 25 ശതമാനത്തിലേറെയും വേതനം കുറയ്ക്കരുത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയമനിർമാണം നടത്തണമെന്നും കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ, കേരളം നടപടിയൊന്നുമെടുത്തില്ല. അതേസമയം ഹിമാചൽപ്രദേശ്, കർണാടകം, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്. തമിഴ്നാട്, മിസോറം, ഛത്തീസ്ഗഢ്, ബിഹാർ, ഉത്തരാഞ്ചൽ, മേഘാലയ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ശുപാർശകൾ നടപ്പാക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അരുണാചൽപ്രദേശിൽ നിയമനിർമാണത്തിനുള്ള നടപടികൾ നടക്കുകയാണ്. ത്രിപുര, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിൽ കമ്മിറ്റിയുടെ ശുപാർശ സർക്കുലേറ്റ് ചെയ്തതായും കേന്ദ്രം അറിയിച്ചു. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയന്റ് സെക്രട്ടറി സിജു തോമസിന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരാവകാശപ്രകാരം ഈ മറുപടി നൽകിയത്. Content Highlights:Minimum wages for nurses
from mathrubhumi.latestnews.rssfeed https://ift.tt/31snlz4
via
IFTTT
No comments:
Post a Comment