ന്യൂഡൽഹി: പദ്മ പുരസ്കാരത്തിനായി കായിക രംഗത്തുനിന്ന് ഒമ്പത് പേരുകൾ നിർദേശിച്ച് കേന്ദ്ര കായിക മന്ത്രാലയം. പുരസ്കാരത്തിനായി കായിക മന്ത്രാലയം ശുപാർശ ചെയ്ത ഒമ്പതു പേരും വനിതകളാണെന്ന അപൂർവതയും ഇക്കുറിയുണ്ട്. മാത്രമല്ല ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായി ഒരു വനിതയുടെ പേര് പദ്മ വിഭൂഷൺ പുരസ്കാരത്തിന് നിർദേശിച്ചെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ആറു തവണ ലോക ചാമ്പ്യനായ ബോക്സിങ് റിങ്ങിലെ ഇന്ത്യയുടെ ഇടിമുഴക്കമായ എം.സി മേരി കോമാണ് ഭാരത രത്നയ്ക്കു ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ വിഭൂഷൺ പുരസ്കാരത്തിന് ശുപാർശ ലഭിച്ചയാൾ. രാജ്യം മേരിയെ 2013-ൽ പദ്മഭൂഷണും 2006-ൽ പദ്മശ്രീ ബഹുമതിയും നൽകി ആദരിച്ചിരുന്നു. മേരി കോമിനെ കൂടാതെ ബാഡ്മിന്റൺ താരം പി.വി സിന്ധു, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ (ട്വന്റി 20) ഹർമൻപ്രീത് കൗർ, ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, മുൻ ഷൂട്ടർ സുമ ഷിരുർ, പർവതാരോഹകരായ ഇരട്ട സഹോദരിമാർ, താഷി, നുങ്ഷി മാലിക് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടവർ. ഇതിനു മുൻപ് കായിക രംഗത്തു നിന്ന് മൂന്ന് താരങ്ങൾക്കാണ് പദ്മ വിഭൂഷൺ ലഭിച്ചിട്ടുള്ളത്. ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദ് (2007), ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ (2008), പർവതാരോഹകൻ സർ എഡ്മണ്ട് ഹിലാരി (2008). ഇതിൽ ഹിലാരിക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്. ലോക ചാമ്പ്യനായ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ പുരസ്കാരത്തിനുള്ള നാമനിർദേശമാണ് ലഭിച്ചത്. 2017-ൽ സിന്ധുവിനെ പദ്മഭൂഷണ് ശുപാർശ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ ഉൾപ്പെടാൻ സാധിച്ചിരുന്നില്ല. 2015-ൽ പദ്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ (എം.എച്ച്.എ) പദ്മ പുരസ്കാര കമ്മിറ്റിക്ക് ശുപാർശകൾ അയച്ചിട്ടുണ്ട്. 2020 ജനുവരി 25-ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്ന് തിരഞ്ഞെടുത്ത അവാർഡ് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കും. ഭരണകക്ഷിയായ ബി.ജെ.പി സർക്കാരിന്റെ ശുപാർശപ്രകാരം 2016 ഏപ്രിലിൽ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട 36-കാരിയായ മേരി കോം, 2012-ൽ ലണ്ടൻ ഒളിമ്പിക്സിലെ ചരിത്രപരമായ വെങ്കലം നേടിയ ശേഷം 2020-ൽ ടോക്കിയോയിൽ തന്റെ രണ്ടാമത്തെ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ 48 കിലോ വിഭാഗത്തിൽ ആറാം തവണയും മണിപ്പൂരി ബോക്സർ കിരീടം ചൂടിയിരുന്നു. റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് സിന്ധു അടുത്തിടെ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കി. സ്വിറ്റ്സർലൻഡിലെ ബാസലിൽ നടന്ന ടൂർണമെന്റിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. Content Highlights: sports ministry sends 9 names for padmas all women
from mathrubhumi.latestnews.rssfeed https://ift.tt/31dp4bm
via
IFTTT
No comments:
Post a Comment