കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 257 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റിൽ 318 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 416 റൺസ്. മറുപടിയായി വിൻഡീസിന് 117 റൺസ് മാത്രമാണ് നേടാനാനായത്. 299 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡോടെ രണ്ടാമിന്നിങ്സിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 168 റൺസിന് ഡിക്ലയർ ചെയ്തു. ജയിക്കാൻ 468 റൺസ് വേണ്ടിയിരുന്ന വിൻഡീസ് 210 റൺസിന് ഓൾഓട്ടായി. 119 പന്തിൽ നിന്ന് 50 റൺസെടുത്ത ബ്രൂക്സാണ് ടോപ് സ്കോറർ. ഹോൾഡർ 39 ഉം പരിക്കേറ്റ് പിൻവാങ്ങിയ ബ്രാവോ 23 ഉം ബ്രാവോയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായബ്ലാക്ക്വുഡ് 38 ഉം റൺസെടുത്തു. രണ്ടിന് 45 റൺസ് എന്ന മൂന്നാം ദിവസം കളിയാരംഭിച്ച വിൻഡീസിന് ബ്രൂക്സും ബ്ലാക്ക്വുഡും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 61 റൺസിന്റെ കൂട്ടുകെട്ട് ചെറിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് ക്ഷണത്തിൽ നിലംപൊത്തി. ഇന്ത്യൻ ബൗളർമാരുടെ സമ്പൂർണാധിപത്യമാണ് രണ്ടാമിന്നിങ്സിൽ കണ്ടത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഇശാന്ത് ശർമ രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാമിന്നിങ്സിലെ ബൗളിങ് ഹീറോ ജസ്പ്രീത് ഭൂംറ ഒരു വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്സിൽ സെഞ്ചുറിയും (111) രണ്ടാമിന്നിങ്സിൽ അർധസെഞ്ചുറിയും (53) നേടിയ ഹനുമ വിഹാരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഈ ജയത്തോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലിക്ക് സ്വന്തമായിരിക്കുകയാണ്. കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ 28-ാം ടെസ്റ്റ് വിജയമായിരുന്നു ഇത്. 27 ടെസ്റ്റ് ജയം സ്വന്തമായ എം.എസ്.ധോനിയുടെ റെക്കോഡാണ് കോലി മറികടന്നത്. ഈ ജയത്തിൽ നിന്ന് 120 പോയിന്റ് സ്വന്തമക്കിയ ഇന്ത്യ 3631 പോയിന്റോടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതായി. Content Highlights:India West Indies Series Virat Kohli Hanuma Vihari Bhumrah India Test Win Dhoni
from mathrubhumi.latestnews.rssfeed https://ift.tt/2MQ72IB
via
IFTTT
No comments:
Post a Comment