പോത്തുകല്ല്: കവളപ്പാറയിൽ ചെളിയിൽപൂണ്ട നാലു മൃതദേഹങ്ങൾ ആദ്യം പുറത്തെടുക്കുമ്പോൾ പലതിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകരും അത് കരുതിയിരുന്നില്ല. പക്ഷേ, ആ യുവാക്കൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല, തങ്ങൾ ഉടുത്തിരുന്ന മുണ്ട് ഊരി ആ മൃതദേഹങ്ങളെ പുതപ്പിച്ചു. കണ്ടുനിന്നവരുടെ കണ്ണുനനയിക്കുന്ന കാഴ്ചകളിലൊന്നായിരുന്നു അത്. ദിവസങ്ങളായി രക്ഷാപ്രവർത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്പുരാട്ടിക്കല്ലിലെ ചന്ദ്രൻ പറഞ്ഞത് 'രണ്ടു കൈകൊണ്ടും തൊഴുതാൽ മതിയാവില്ല ഈ കുട്ട്യോളെയൊക്കെ' എന്നായിരുന്നു. കവളപ്പാറയിലും കോട്ടക്കുന്നിലുമൊക്കെ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനം രാജ്യത്തിനുതന്നെ മാതൃകയായത് ഇങ്ങനെയൊക്കെയാണ്. കുറേ ചെറുപ്പക്കാർ ആരുംവിളിക്കാതെ, ഒന്നും പ്രതീക്ഷിക്കാതെ ജോലിയിൽനിന്ന് ലീവെടുത്ത് രാവിലെത്തന്നെ ദുരന്തമേഖലയിലേക്ക് പുറപ്പെടുന്നു. അവിടെ മണ്ണടിഞ്ഞത് അവരുടെ ആരുമല്ല. ആരെയും മുമ്പ് കണ്ടിട്ടില്ല. കവളപ്പാറയെന്ന പേരുതന്നെ പലരും ആദ്യമായി കേൾക്കുകയായിരുന്നു. പക്ഷേ, അവർ തങ്ങളുടെ സഹജീവികളാണെന്ന ബോധ്യത്തിൽ രാവും പകലുമില്ലാതെ ആ ചെളിയിൽ അവർ പണിയെടുത്തു. ഓരോനിമിഷവും എവിടെനിന്നെങ്കിലും ഒരു നിശ്വാസം, ഒരു ശബ്ദം അവർ പ്രതീക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ പ്രതീക്ഷ കെട്ടു. എന്നാലും അവർ പിന്തിരിഞ്ഞില്ല. കണ്ടെടുക്കുന്ന ഓരോ മൃതദേഹവും വളരെ സൂക്ഷ്മതയോടെ കഴുകി, പരിക്കേൽക്കാതെ പൊതിഞ്ഞ് അവർ എത്തേണ്ടിടത്ത് എത്തിച്ചു. പലതും അഴുകി വികൃതമായിരുന്നു. എന്നാൽ ഒരു അറപ്പും കാണിക്കാതെ ജീവനുള്ളവരെ പരിചരിക്കുന്നതുപോലെ പരിചരിച്ചു. കൃത്യമായി ഭക്ഷണമില്ല, വിശ്രമമില്ല, ഉറക്കമില്ല... പക്ഷേ, അതൊന്നും അവരുടെയുള്ളിലെ മാനവികതയെന്ന ദീപം കെടുത്തിയില്ല. വെള്ളമിറങ്ങിയപ്പോഴേക്കും കവളപ്പാറയിലേക്കുള്ള റോഡുകൾ മുഴുവൻ കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. രക്ഷാപ്രവർത്തകർക്കും ക്യാമ്പുകളിലേക്ക് ദുരിതാശ്വാസമെത്തിക്കുവർക്കുമൊന്നും സമയത്തിന് എത്തിപ്പെടാനാവാത്ത അവസ്ഥ. അവിടെയും ഈ യുവാക്കൾ അവസരത്തിനൊത്തുയർന്നു. എല്ലാ റോഡുകളിലും അവർ ഗതാഗതം നിയന്ത്രിച്ചു. കഴിഞ്ഞദിവസം ട്രോമാകെയറിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ കോ-ഓർഡിനേറ്ററുടെ സന്ദേശമെത്തി. കവളപ്പാറയിലേക്ക് ഇനിയും സന്നദ്ധഭടൻമാരെ വേണം, ഉപകരണങ്ങൾ വേണം. അടുത്തദിവസം ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് ട്രോമാകെയറിന്റെ ചെറുപ്പക്കാർ പാഞ്ഞെത്തി. അവർക്കുപുറമെ എസ്.കെ.എസ്.എസ്.എഫിന്റെ രക്ഷാപ്രവർത്തകർ അറുനൂറോളം പേരാണ് വിവിധ ജില്ലകളിൽനിന്ന് മലപ്പുറത്തെത്തിയത്. എസ്.ഡി.പി.ഐ, സേവാഭാരതി, ഡി.വൈ.എഫ്.ഐ, വെൽഫയർ പാർട്ടി, ലീഗിന്റെ വൈറ്റ്ഗാർഡ്, ദുരന്തനിവാരണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച എൻ.ജി.ഒ. ആയ ഐഡിയൽ റിലീഫ് വിങ്, വിവിധ ക്ലബ്ബ് അംഗങ്ങൾ.... അങ്ങനെ പല വിലാസങ്ങളുള്ളവർ. പക്ഷേ, ദുരന്തഭൂമിയിൽ ഇവയ്ക്കെല്ലാം ഒരേയൊരു വിലാസമേ ഉണ്ടായിരുന്നുള്ളൂ. ദുരന്തനിവാരണസേനയ്ക്കും പോലീസിനും അഗ്നിശമനസേനയ്ക്കും നിർദേശങ്ങൾ കൊടുക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. എൻ.ഡി.ആർ.എഫിന്റെ ചീഫായ കെ.പി. സിങ്ങും ജില്ലാ പോലീസ് മേധാവിയുമൊക്കെ ഈ യുവാക്കളെ നിറഞ്ഞ മനസ്സോടെ അഭിനന്ദിച്ചു. Content Highlights:Kerala Flood 2019 rescue operations done by youngsters in Kavalappara
from mathrubhumi.latestnews.rssfeed https://ift.tt/2YZ7jKZ
via
IFTTT
No comments:
Post a Comment