കൽപറ്റ: വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത്വീണ്ടും മലവെള്ളപ്പാച്ചിൽ. മഴ കോരിച്ചൊരിയുന്നതിനാൽ പുത്തുമലയിൽ രക്ഷാ പ്രവർത്തനം ഇന്ന് ഇതുവരെ തുടങ്ങാനായിട്ടില്ല. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ എത്രപേർ മണ്ണിനടിയിലുണ്ടെന്ന് ഇനിയും വ്യക്തതയില്ല. 10 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കേന്ദ്രസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയായിരുന്നെങ്കിലും ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായതിനെ തുടർന്ന് പ്രദേശമാകെ വീണ്ടും കുത്തിയൊലിക്കുകയാണ്. സമീപപ്രദേശങ്ങളിൽനിന്ന് താമസക്കാരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. സെന്റിനൽ റോക്ക് എസ്റ്റേറ്റിനോടുചേർന്ന ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ദുരന്തമുണ്ടായത്. തേയില എസ്റ്റേറ്റിന് നടുവിലെ ചരിഞ്ഞ പ്രദേശത്തേക്ക് പെട്ടെന്ന് വൻ ശബ്ദത്തോടെ മണ്ണിടിഞ്ഞുവരുകയായിരുന്നു. എസ്റ്റേറ്റിലെ ആറു മുറികൾ വീതമുള്ള രണ്ട് പാടികൾ, മൂന്ന് ക്വാർട്ടേഴ്സുകൾ, പോസ്റ്റ് ഓഫീസ്, ക്ഷേത്രം, മുസ്ലിം പള്ളി, എസ്റ്റേറ്റ് കാന്റീൻ, ഡിസ്പെൻസറി എന്നിവ മണ്ണിനടിയിലായി. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിനടിയിലായി. പച്ചക്കാട് ഭാഗത്ത് ബുധനാഴ്ച രാത്രി മുഴുവൻ കനത്ത മഴ പെയ്തതിനാൽ പ്രദേശത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങളില്ലാത്തത് പ്രദേശത്ത് പ്രയാസമുണ്ടാക്കുന്നുണ്ട്. സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. അഗ്നിരക്ഷാസേനയെക്കൂടാതെ എൺപതോളം എൻ.ഡി.ആർ.എഫ്., ഡി.എസ്.സി. സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധപ്രവർത്തകരുമാണ് തിരച്ചിൽ നടത്തിയിരുന്നത്. പ്രദേശത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് തത്ക്കാലത്തേക്ക് തിരച്ചിൽ നിർത്തി. കള്ളാടി ഇറിഗേഷൻ റെയ്ഞ്ച് സ്റ്റേഷന്റെ കണക്കുപ്രകാരം പുത്തുമലയിൽ വെള്ളിയാഴ്ച 550 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഇത് അസാധാരണമായ സാഹചര്യമാണ്. ബുധനാഴ്ച രാവിലെയാണ് പുത്തുമലയ്ക്ക് സമീപത്തെ പച്ചക്കാട്ടിൽ 25 വീടുകൾ നിൽക്കുന്നതിന്റെ തൊട്ടടുത്തായി ഉരുൾപൊട്ടിത്തുടങ്ങിയത്. വൈകീട്ട് അഞ്ചുമണിയോടെയുണ്ടായ ഉരുൾപൊട്ടലാണ് വൻദുരന്തത്തിനിടയാക്കിയത്. കൂരിരുട്ടും കോരിച്ചൊരിയുന്ന മഴയും കാറ്റും വ്യാഴാഴ്ച രാത്രിയുള്ള രക്ഷപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. പുത്തുമലയിലേക്കുള്ള ഗതാഗതം അഞ്ചുകിലോമീറ്ററോളംദൂരെ കള്ളാടി മഖാം പരിസരത്ത് മണ്ണിടിഞ്ഞ് തടസ്സപ്പെട്ടിരുന്നു. മുന്നോട്ടുള്ള വഴിയിലുടനീളം മണ്ണിടിഞ്ഞിരുന്നു. ഉരുൾപൊട്ടൽമൂലം മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു. content highlights: Puthumala landslide, rescue operation in crisis
from mathrubhumi.latestnews.rssfeed https://ift.tt/2ONpMdB
via
IFTTT
No comments:
Post a Comment