കൊച്ചി: ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ച 2018 ഓഗസ്റ്റ് 25-ലെ മാതൃഭൂമി പത്രത്തിലെ പടം തൊട്ടുകാണിച്ച് കാശിനാഥ് ചിരിയോടെ പറഞ്ഞു: ഇത് വാവയാണ്... പരിചിതമല്ലാത്ത ആൾക്കൂട്ടത്തിലകപ്പെട്ട പകപ്പൊന്നുമില്ല ഒന്നരവയസ്സുകാരൻ കാശിനാഥിന്... വീട്ടകംപോലെതന്നെ അവൻ ഇത്തവണയും ക്യാമ്പിൽ ഓടിനടക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇരുപതോളം ദിവസമാണ് ഈ കുഞ്ഞ് ക്യാമ്പിൽ കഴിഞ്ഞത്. അവന് ഈ സാഹചര്യമൊക്കെ നല്ല പരിചിതമായിക്കഴിഞ്ഞു എന്ന് വേദനയോടെ അവന്റെ അമ്മ നിമിഷ പറയുന്നു. കരിമ്പാടം വെൺമണിശ്ശേരി ഷാജിയുടെ ഭാര്യയാണ് നിമിഷ. 2018 ഓഗസ്റ്റ് 25-ന് ഇറങ്ങിയ മാതൃഭൂമി കൊച്ചി എഡിഷൻ പത്രത്തിലാണ് പറവൂർ പുല്ലംങ്കുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നടന്ന ഓണാഘോഷത്തിന്റെ ചിത്രത്തിൽ, അന്നത്തെ പത്തുമാസക്കാരൻ കാശിനാഥിന്റെ ചിത്രം അച്ചടിച്ചുവന്നത്. ദുരിതംനൽകിയ വേദനകൾക്കിടയിലും അന്ന് ക്യാമ്പിലുള്ളവർക്ക് ആശ്വാസമായിരുന്നു കാശിനാഥിന്റെ കളിയും ചിരിയും. ദുരിതകാലം ആവർത്തിക്കുമ്പോൾ കാശിനാഥും കുടുംബവും അതേ ക്യാമ്പിൽത്തന്നെ എത്തി. 400 കുടുംബങ്ങളിൽനിന്ന് ആയിരത്തോളം പേരാണ് പുല്ലംകുളത്തെ സ്കൂളിൽ കഴിയുന്നത്. കഴിഞ്ഞകൊല്ലം കുഞ്ഞുമകന്റെ ആദ്യ ഓണം ചെറുതായി ആഘോഷിക്കാനിരുന്നതാണ് എന്ന് അമ്മൂമ്മ ഓമന പറയുന്നു. എന്നാൽ, ഓഗസ്റ്റ് 15-ന് പെയ്ത പെരുമഴ എല്ലാം തകർത്തു... എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഒരുരുള ചോറ് കഴിഞ്ഞ ഓണത്തിന് മോന് കൊടുക്കാനായില്ല എന്ന് അമ്മ നിമിഷ പറഞ്ഞു. കരിമ്പാടത്ത് പുഴയ്ക്ക് സമീപമാണ് വീട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-ന് പെയ്ത പെരുമഴയിൽ വീട്ടിലേക്ക് വെള്ളം കയറി. അന്ന് വൈകീട്ടോടെ പുല്ലംകുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. മകന്റെ ആദ്യ ഓണം അങ്ങനെ പോയി. സർക്കാരിന്റെ ദുരിതാശ്വാസ സഹായം കിട്ടിയതും കടം വാങ്ങിയതും ഒക്കെ സ്വരുക്കൂട്ടി നഷ്ടപ്പെട്ടതൊക്കെ പതുക്കെ തിരിച്ചുപിടിച്ചു വരികയായിരുന്നു. ജീവന് ആപത്തൊന്നും വന്നില്ലലോ എന്നായിരുന്നു കഴിഞ്ഞതവണത്തെ ആശ്വാസം. ഇക്കുറി വെള്ളം കയറിത്തുടങ്ങിയപ്പോഴേ മക്കളുമായി ക്യാമ്പിലേക്ക് മാറി. പഴയ അതേ സ്കൂളും ക്യാമ്പും... അതേ ഓണക്കാലവും... -നിമിഷയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി...
from mathrubhumi.latestnews.rssfeed https://ift.tt/2OQ2F1R
via
IFTTT
No comments:
Post a Comment