മദ്യലഹരിയില്‍ മരണപ്പാച്ചില്‍; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്‌റ്റില്‍ , കാറിടിച്ച്‌ യുവമാധ്യമപ്രവര്‍ത്തകനു ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

മദ്യലഹരിയില്‍ മരണപ്പാച്ചില്‍; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്‌റ്റില്‍ , കാറിടിച്ച്‌ യുവമാധ്യമപ്രവര്‍ത്തകനു ദാരുണാന്ത്യം

തിരുവനന്തപുരം: മദ്യലഹരിയില്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ ഓടിച്ച കാറിടിച്ച്‌ യുവമാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ്‌ ദിനപത്രം തിരുവനന്തപുരം യൂണിറ്റ്‌ മേധാവിയും മലപ്പുറം തിരൂര്‍ സ്വദേശിയുമായ കെ.എം. ബഷീറാ(35)ണു മരിച്ചത്‌. കാര്‍ ഓടിച്ച സര്‍വേ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്‌റ്റില്‍. ശ്രീറാം ഒന്നാംപ്രതിയായും ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്ത്‌ വഫ ഫിറോസ്‌ രണ്ടാംപ്രതിയായും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
ശ്രീറാമിനെതിരേ ഐ.പി.സി. 304 വകുപ്പുപ്രകാരം നരഹത്യാക്കുറ്റം ചുമത്തി. മദ്യപിച്ചു വാഹനമോടിച്ചതിന്‌ 184, 185 വകുപ്പുകളും ചുമത്തിയിട്ടുണ്ട്‌. ജീവപര്യന്തം തടവുശിക്ഷയോ 10 വര്‍ഷം കഠിനതടവോ ലഭിക്കാവുന്ന വകുപ്പാണു 304. ശ്രീറാമിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.
വഫയ്‌ക്കെതിരേ 184, 185 വകുപ്പുകള്‍ ചുമത്തി. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. മദ്യപിച്ചു വാഹനമോടിച്ച ഉന്നതോദ്യോഗസ്‌ഥന്റെ രക്‌തപരിശോധനപോലും നടത്താതെ കേസ്‌ അട്ടിമറിക്കാന്‍ പോലീസ്‌ തുടക്കത്തില്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ശക്‌തമായ പ്രതിഷേധത്തേത്തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഇന്നലെ പുലര്‍ച്ചെ 12.55-ന്‌ വെള്ളയമ്പലം മ്യൂസിയം റോഡില്‍ പബ്ലിക്‌ ഓഫീസിനു മുന്നിലായിരുന്നു അപകടം. ദേവികുളം മുന്‍ സബ്‌ കലക്‌ടര്‍ കൂടിയായ ശ്രീറാം ഉന്നതപഠനത്തിനുശേഷം സര്‍വീസില്‍ തിരിച്ചെത്തിയതിന്റെ ആഘോഷത്തിലായിരുന്നു. സര്‍വേ ഡയറക്‌ടറായി ചുമതലയേല്‍ക്കുന്നതിനു മുമ്പ്‌ ഐ.എ.എസ്‌. ക്ലബ്ബില്‍ നടന്ന ആഘോഷത്തില്‍ അമിതമായി മദ്യപിച്ച ശ്രീറാം, വനിതാസുഹൃത്തിന്റെ കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം.
കൊല്ലത്തു ജോലിസംബന്ധമായ യോഗത്തില്‍ പങ്കെടുത്തശേഷം ട്രെയിനില്‍ മടങ്ങിയെത്തിയ ബഷീര്‍ വെള്ളയമ്പലത്തെ സിറാജ്‌ ഓഫീസില്‍ എത്തിയശേഷം ബൈക്കില്‍ വികാസ്‌ ഭവനിലുള്ള താമസസ്‌ഥലത്തേക്കു പോകുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ തട്ടിയശേഷം ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചു. ബഷീറിനെ പോലീസ്‌ എത്തി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടസ്‌ഥലത്ത്‌ ആദ്യം ഓടിയെത്തിയവര്‍ കാര്‍ ഡ്രൈവറെ തിരിച്ചറിഞ്ഞില്ല. പോലീസ്‌ എത്തി ശ്രീറാമിനെയും വനിതാസുഹൃത്തിനെയും സ്‌ഥലത്തുനിന്നു മാറ്റി. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിന്റെ രക്‌തപരിശോധന നടത്താതെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. സുഹൃത്ത്‌ വഫ ഫിറോസിനെ യൂബര്‍ കാറില്‍ വീട്ടിലേക്കയച്ചു. ദൃക്‌സാക്ഷി മൊഴികള്‍ അവഗണിച്ച്‌, കാര്‍ ഓടിച്ചതു വഫയാണെന്നു വരുത്തിത്തീര്‍ക്കാനും നീക്കമുണ്ടായി. എന്നാല്‍, ദൃക്‌സാക്ഷികള്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രതികരണവുമായെത്തിയതോടെ പോലീസ്‌ വെട്ടിലായി. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ടതോടെയാണു പോലീസ്‌ കര്‍ശനനടപടിയിലേക്കു കടന്നത്‌. തുടര്‍ന്ന്‌ വഫയെ കന്റോണ്‍മെന്റ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. കാര്‍ ഓടിച്ചതു ശ്രീറാമാണെന്നു സ്‌ഥിരീകരിച്ചതോടെയാണു രക്‌തസാമ്പിള്‍ ശേഖരിക്കാന്‍ പോലീസ്‌ തയാറായത്‌. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമായിരുന്നു ശ്രീറാമിന്റെ അറസ്‌റ്റ്‌. ദേവികുളം സബ്‌ കലക്‌ടറെന്ന നിലയില്‍ മൂന്നാര്‍ കൈയേറ്റക്കാര്‍ക്കെതിരേ ശക്‌തമായ നടപടിയെടുത്തതോടെയാണു ശ്രീറാം വെങ്കിട്ടരാമന്‍ ശ്രദ്ധേയനായത്‌. പിന്നീടു സ്‌ഥലംമാറ്റമുണ്ടായതോടെ ഉപരിപഠനത്തിനായി അവധിയെടുത്തു.
ബഷീറിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ്‌ രണ്ടോടെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിനുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്‌. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍, സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യാഞ്‌ജലിയര്‍പ്പിച്ചു. തുടര്‍ന്ന്‌ മൃതദേഹം സ്വദേശമായ മലപ്പുറം തിരൂര്‍ വാണിയന്നൂര്‍ കണ്ടിയില്‍ വീട്ടിലേക്കു കൊണ്ടുപോയി. കബറടക്കം ഇന്നു വടകര ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍. മതപണ്ഡിതന്‍ വടകര മുഹമ്മദ്‌ ഹാജിയുടെ മകനാണു ബഷീര്‍. മാതാവ്‌: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന(ആറ്‌), ആസ്‌മി (ആറുമാസം). തിരൂരില്‍ പ്രാദേശികലേഖകനായി ജോലിയില്‍ പ്രവേശിച്ച ബഷീര്‍ പിന്നീടു സിറാജ്‌ ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനും ബ്യൂറോ ചീഫും യൂണിറ്റ്‌ ചീഫുമായി.



from mangalam.com https://ift.tt/2M1XcTl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages