കൊച്ചി: നിയമപരമായി വിവാഹംചെയ്ത് കുഞ്ഞിനെ ദത്തെടുത്തു ജീവിക്കണം, അതിനുള്ള കാത്തിരിപ്പിലാണെന്ന് കേരളത്തിലെ ആദ്യ സ്വവർഗ പുരുഷ ദമ്പതിമാർ. സ്വവർഗ പുരുഷ ദമ്പതിമാരെന്ന് ആദ്യമായി വെളിപ്പെടുത്തുകയാണ് നികേഷും സോനുവും. 2018 ജൂലായിലാണ് ഇരുവരും ക്ഷേത്രത്തിൽവെച്ച് മോതിരംമാറി വിവാഹിതരായത്. ഒരു സ്വകാര്യ ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും വിവാഹിതരാകാൻ തീരുമാനിച്ചതും. വീട്ടുകാരുടെ പൂർണസമ്മതത്തോടെയായിരുന്നു വിവാഹം. ഇൻഫോപാർക്കിലാണ് എം.എസ്. സോനു ജോലി ചെയ്യുന്നത്. നികേഷിന് എറണാകുളത്ത് ബിസിനസാണ്. താനൊരു സ്വവർഗാനുരാഗിയാണെന്ന് അമ്മയെ പറഞ്ഞുമനസ്സിലാക്കിക്കാൻ ഏറെസമയം വേണ്ടിവന്നതായി ഗുരുവായൂർ സ്വദേശിയായ നികേഷ് പറഞ്ഞു. അധികംവൈകാതെ അമ്മയ്ക്കു തന്റെ സ്വത്വത്തെ ഉൾക്കൊള്ളാൻ സാധിച്ചു. പിന്നീട് മൂത്ത രണ്ടുസഹോദരിമാരെയും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിച്ചതായും നികേഷ് പറഞ്ഞു. ജോലികിട്ടിയശേഷം വീട്ടുകാർ തനിക്ക് വിവാഹാലോചനകൾ തുടങ്ങിയ സമയത്താണ് താനൊരു സ്വവർഗാനുരാഗിയാണെന്ന് വീട്ടിൽ പറയുന്നതെന്ന് കൂത്താട്ടുകുളം സ്വദേശിയായ സോനു പറഞ്ഞു. കാര്യം അറിഞ്ഞപ്പോൾ വീട്ടിൽ ചെറിയ പ്രശ്നങ്ങളുണ്ടായി. വീട്ടുകാർ ഡോ. സി.ജെ. ജോണിന്റെ അടുത്തെത്തിക്കുകയും അദ്ദേഹം വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കുകയുമായിരുന്നു. പിന്നീടു തന്റെ എല്ലാകാര്യത്തിലും വീട്ടുകാർതന്നെ മുൻകൈയെടുത്തതായും സോനു പറയുന്നു. തങ്ങളുടെ അവകാശങ്ങൾ തടയപ്പെട്ടിരിക്കുകയാണ്, അത് അനീതിയാണ്. സ്വവർഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നു നികേഷ് പറയുന്നു. സ്വവർഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണത്. ആ തെറ്റിദ്ധാരണ മാറിയാൽ തീരാവുന്ന പ്രശ്നങ്ങളെയുള്ളൂ -ഇരുവരും പറയുന്നു. 2018-ലെ വിധി സുപ്രീംകോടതി ഇന്ത്യൻ ശിക്ഷാനിയമം 377 വകുപ്പ്, ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. പ്രായപൂർത്തിയായ വ്യക്തികൾ ഉഭയസമ്മതത്തോടെ സ്വവർഗലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. content highlights:nikesh sonu keralas first gay couples
from mathrubhumi.latestnews.rssfeed https://ift.tt/2GVR8I1
via
IFTTT
No comments:
Post a Comment