കാസർകോട്: റെയിൽവേ സ്റ്റേഷൻ മാസ്റ്റർമാരുടെ സംഘടനയായ ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്‌സ് അസോസിയേഷൻ (എ.ഐ.എസ്.എം.എ.) മുൻ ദേശീയ പ്രസിഡന്റും മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻമാസ്റ്ററുമായ ആർ.കെ. ഉണ്ണികൃഷ്ണനെ സർവീസിൽനിന്ന് നീക്കംചെയ്തു. സ്വമേധയാ വിരമിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും 30 വർഷം സർവീസും 55 വയസ്സും പൂർത്തിയായ, കാര്യക്ഷമതയില്ലാത്തവരെ നിർബന്ധിതമായി വിരമിപ്പിക്കാമെന്ന വ്യവസ്ഥ ബാധകമാക്കിയാണ് നടപടി. പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ പി.സി. അശോക്‌കുമാറാണ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ അധ്യക്ഷനായ പുനഃപരിശോധനാ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവ് നേരിട്ടുനൽകാൻ റെയിൽവേ ഇൻസ്‌പെക്ടർ രാവിലെ സ്റ്റേഷനിലെത്തിയെങ്കിലും മൂന്നുമാസത്തെ ശമ്പളം നൽകണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ നോട്ടീസ് കൈപ്പറ്റില്ലെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. രാജ്യത്ത് ഈ നടപടിക്ക് വിധേയനാകുന്ന ആദ്യ സ്റ്റേഷൻ മാസ്റ്ററാണ് ഉണ്ണികൃഷ്ണൻ. നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട്, മംഗളൂരു, പാലക്കാട്, കണ്ണൂർ സ്റ്റേഷനുകളിൽ ജീവനക്കാർ പ്രകടനം നടത്തി. വ്യാഴാഴ്ച ഷൊർണൂരിൽ വിപുലമായ പ്രകടനം നടത്തുമെന്ന് സംഘടനാഭാരവാഹികൾ അറിയിച്ചു. രാജ്യത്തെ സ്റ്റേഷൻമാസ്റ്റർമാരുടെ ഏക സംഘടനയാണ് എ.ഐ.എസ്.എം.എ. 35,000-ത്തോളം സ്റ്റേഷൻമാസ്റ്റർമാരിൽ 30,000 പേരും ഇതിൽ അംഗങ്ങളാണ്. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും തൊഴിലാളി സംഘടനയിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിലും സി.ഐ.ടി.യു. നിയന്ത്രണത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയനുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.മുപ്പത്തിയാറരവർഷം സർവീസുള്ള ഉണ്ണികൃഷ്ണൻ രണ്ടരവർഷമായി മഞ്ചേശ്വരത്താണ്. അധികൃതരുടെ പീഡനം അസഹനീയമായപ്പോഴാണ് കഴിഞ്ഞ മേയ് ഒന്നിന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത്. ഇതുപ്രകാരം ഈ ജൂലായ് 31-ന് വിരമിക്കാൻ അനുവദിക്കേണ്ടതാണ്. 30 ആയിട്ടും ഉത്തരവ് ലഭിക്കാത്തതിനാൽ ഡിവിഷണൽ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ സ്വയം വിരമിക്കാനുള്ള അപേക്ഷ തള്ളിയതായി അറിയിച്ചു. ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ ഉത്തരവ് വന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2YNTPpo
via
IFTTT
No comments:
Post a Comment