ബിര്‍മിങ്‌ഹാം: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് കാലിടറുന്നു. ഒന്നാമിന്നിങ്‌സില്‍ 96 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനമായ ഇന്നലെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ പരുങ്ങുകയാണ് അവര്‍.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 374 റണ്‍സില്‍ അവസാനിച്ചിരുന്നു. നാലു വിക്കറ്റ് നഷ്‌ടത്തില്‍ 267 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച ആറു വിക്കറ്റുകളില്‍ 107 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.
ഓപ്പണര്‍ റോറി ബേണ്‍സിന്റെ സെഞ്ചുറിയും നായകന്‍ ജോ റൂട്ടിന്റെയും ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെയും സെഞ്ചുറികളുമാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന്റെ സവിശേഷത. ബേണ്‍സ് 312 പന്തില്‍ നിന്ന് 17 ബൗണ്ടറികളോടെ 133 റണ്‍സാണ് നേടിയത്.
119 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ റൂട്ട് 57 റണ്‍സ് നേടിയപ്പോള്‍ 96 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 50 റണ്‍സായിരുന്നു സ്‌റ്റോക്‌സിന്റെ സംഭാവന.ഇവര്‍ക്കു പുറമേ 95 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 37 റണ്‍സ് നേടിയ ക്രിസ് വോക്‌സും ലീഡ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇന്നലെ ഒമ്പതാം വിക്കറ്റില്‍ സ്‌റ്റ്യുവര്‍ട്ട് ബ്രോഡി(29)നൊപ്പം 65 റണ്‍സന്റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയ വോക്‌സാണ് ഇംഗ്ലണ്ടിന്റെ ലീഡ് 50 കടത്തിയത്.
ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍ പാറ്റ് കമ്മിന്‍സും സ്‌പിന്നര്‍ നഥാന്‍ ലിയോണുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ജയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
തുടര്‍ന്ന് 96 റണ്‍സിന്റെ കടവുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഓസീസിന് ഇക്കുറിയും തുടക്കം പിഴച്ചു. ഓപ്പണര്‍മാരായ കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റും(7) ഡേവിഡ് വാര്‍ണറും (8) വീണ്ടും പരാജയപ്പെട്ടു. വാര്‍ണറിനെ വിക്കറ്റിനു പിന്നില്‍ ബെയര്‍സ്‌റ്റോയുടെ കൈയില്‍ എത്തിച്ച് സ്‌റ്റ്യുവര്‍ട്ട് ബ്രോഡാണ് ആദ്യ പ്രഹരമേല്‍പിച്ചത്.
തൊട്ടുപിന്നാലെ ബാന്‍ക്രോഫ്‌റ്റിനെ മൊയീന്‍ അലിയും മടക്കി. ശേഷം മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്‌റ്റീവന്‍ സ്‌മിത്ത്-ഉസ്‌മാന്‍ ഖ്വാജ സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ കരകയറ്റിയത്.
ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസ് സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഖ്വാജയെ മടക്കി ബെന്‍ സ്‌റ്റോക്‌സ് ഓസീസിന്റെ തിരിച്ചുവരവിന് തടയിടുകയായിരുന്നു. പുറത്താകുമ്പോള്‍ 48 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 40 റണ്‍സായിരുന്നു ഖ്വാജയുടെ സമ്പാദ്യം.
38 പന്തില്‍ നിന്ന് ഒരു ബൗണ്ടറി സഹിതം 33 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന സ്‌റ്റീവന്‍ സ്‌മിത്തിലാണ് ഇനി ഓസീസിന്റെ പ്രതീക്ഷ. ഒമ്പതു റണ്‍സുമായി ട്രാവിസ് ഹെഡാണ് സ്‌മിത്തിനു കൂട്ടായി ക്രീസില്‍.
from mangalam.com https://ift.tt/2LYuL91
via IFTTT
No comments:
Post a Comment