സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും കനത്തമഴ. വടക്കന്‍ ജില്ലകളില്‍ മഴ രൗദ്രഭാവം പൂണ്ടതോടെ പ്രളയകാലത്തിന്റെ ഭീതിയില്‍ ജനം. മധ്യകേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും മഴ കനത്തു.
ഇടുക്കി
ജില്ലയില്‍ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 116 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞു മൂന്നുപേര്‍ക്കു പരുക്കേറ്റു. ഉടുമ്പന്‍ചോല ദേവികുളം റോഡിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ വിനോദ സഞ്ചാരങ്ങള്‍ക്ക് 15 വരെ ജില്ലാ കലക്‌ടര്‍ നിരോധനമേര്‍പ്പെടുത്തി. മൂന്നാറില്‍ മുതിരപ്പുഴയിലെ വെള്ളം കുതിച്ചുയര്‍ന്ന് തുടര്‍ന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി.
പഴയ മൂന്നാറിലെ അമ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേയ്‌ക്ക് മാറ്റി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പെരിയവരയില്‍ താല്‍ക്കാലികമായി നിര്‍മിച്ചിരുന്ന പാലം ശക്‌തമായ ഒഴുക്കില്‍ തകര്‍ന്നതോടെ മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍ സംസ്‌ഥാന പാതയിലെ ഗതാഗതം നിലച്ചു. ഈ പാലം തകര്‍ന്നതോടെ ഏഴ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറില്‍ ദേശീയ പാതയിലെ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തി ഒരു ദിവസം കൊണ്ട് മൂന്നാറില്‍ 21.14 സെന്റീമീറ്റര്‍ മഴയാണ് പെയ്‌തത്.
വയനാട്
കഴിഞ്ഞ ഓഗസ്‌റ്റിലെ പേമാരിയെയും പ്രളയത്തെയും കടത്തിവെട്ടുന്ന വിധത്തിലാണ് വയനാട്ടില്‍ മഴ. കോഴിക്കോട് - ബംഗളൂരു ദേശീയപാതയടക്കം വെളളത്തില്‍ മുങ്ങി വയനാട് ഒറ്റപ്പെട്ടു. സബ് സ്‌റ്റേഷനുകളടക്കം വെള്ളത്തിലായതോടെ വയനാട്ടില്‍ വൈദ്യുതി ബന്ധവും പാടെ നിലച്ചു. മാനന്തവാടി താലൂക്കിലാണ് രൂക്ഷമായ പ്രളയക്കെടുതി. പ്രളയം രൂക്ഷമായ സഹചര്യത്തില്‍ വയനാട് ജില്ലാ കലക്‌ടര്‍ എ.ആര്‍. അജയകുമാര്‍ കേന്ദ്രസേനയുടെ സഹായം തേടി. കാലവര്‍ഷക്കെടുതിയുടെ പശ്‌ചാത്തലത്തില്‍ ജില്ലാ കലക്‌ടര്‍ വയനാട്ടില്‍ ക്വാറി ഖനനവും മണ്ണെടുപ്പും നിരോധിച്ചു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ 204.3 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.
73 ദുരിതാശ്വാസ ക്യാമ്പുകളിലായി 1347 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കൂടുതല്‍ സ്‌ഥലങ്ങളില്‍ നിന്ന് രാത്രി വൈകിയും ആളുകളെ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കാരാപ്പുഴ അണക്കെട്ടില്‍ നിന്ന് ഇന്ന് രാവിലെ എട്ടുമണി മുതല്‍ കൂടുതല്‍ വെള്ളം തുറന്നു വിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ നിന്നു പുറത്തേക്കുള്ള എല്ലാം ചുരം റോഡുകളും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കല്‍പ്പറ്റ ടൗണിലെ 80 ശതമാനം വ്യാപാര സ്‌ഥാപനങ്ങളിലും വെള്ളം കയറി. കല്‍പ്പറ്റ ടൗണില്‍ ദേശീയപാതയിലും വെള്ളം കയറി ഗതാഗതം സ്‌തംഭിച്ചു.
കണ്ണൂര്‍
മാനന്തവാടി മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയിലെ പുഴകളില്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്‌ടര്‍ അറിയിച്ചു. തലശ്ശേരി താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. മാക്കൂട്ടം ചുരത്തിലും പാല്‍ചുരത്തും മണ്ണിടിഞ്ഞു ഗതാഗതം സ്‌തംഭിച്ചു. കേളകം പഞ്ചായത്തിലെ മേമല, ശാന്തിഗിരി, വെണ്ടേക്കുംചാല്‍ എന്നിവിടങ്ങളിലും കൊട്ടിയൂര്‍ ചപ്പമല കരിമ്പം കണ്ടത്തിലും ഉരുള്‍പൊട്ടി നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇരിക്കൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഇരിക്കൂര്‍, പടിയൂര്‍ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ കൃഷിയിടങ്ങള്‍ ഒലിച്ച് പോയി. ഒറ്റപ്പെട്ടു പോയ പത്തോളം കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി.
മലപ്പുറം
സംസ്‌ഥാന പാതയില്‍ വളയംകുളത്ത് പടുകൂറ്റന്‍ മരം ട്രാന്‍സ്‌ഫോമറും ഇലക്ര്‌ടിക് ലൈനും തകര്‍ത്ത് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് പൊട്ടിവീണെങ്കിലും തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി. മരം മറിഞ്ഞതോടെ സമീപത്തെ ട്രാന്‍സ്‌ഫോമര്‍ അടക്കം പത്തോളം ഇലക്ര്‌ടിക് പോസ്‌റ്റുകളും അനുബന്ധ ലൈനുകളും തകര്‍ന്നു വീണു. മലവെള്ളപാച്ചിലില്‍ കരുളായി പഞ്ചായത്തില്‍ വ്യാപക നാശം. മുണ്ടക്കടവ് കോളനിക്ക് മുകളില്‍ പാണപ്പുഴ ബുധനാഴ്‌ച രാത്രി ഉരുള്‍പൊട്ടി. ഏറനാട് താലൂക്കില്‍ 29 വീടുകള്‍ തകര്‍ന്നു.
കോഴിക്കോട്
തിരുവമ്പാടിക്കടുത്ത മുത്തപ്പന്‍പുഴ വനത്തില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഇതേതുടര്‍ന്ന് ഇരുവഴിഞ്ഞിപുഴയില്‍ വെള്ളം കുതിച്ചുയര്‍ന്നു. പ്രദേശം ഒറ്റപ്പെട്ട അവസ്‌ഥയിലാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വാണിമേല്‍ വാളോക്ക് മലയില്‍ ഉരുള്‍പൊട്ടി വാണിമേല്‍ പുഴയില്‍ വെള്ളം ഉയര്‍ന്നു വീടുകള്‍ വെള്ളത്തിലായി. കക്കയത്ത് മണ്ണിടിച്ചിലുണ്ടായി. ഇരുവഴിഞ്ഞി, ചാലിയാര്‍, ചാലിപ്പുഴ എന്നിവ കരകവിഞ്ഞു.
തൃശൂര്‍
ചാലക്കുടി മേഖലയില്‍ കനത്ത നാശം വിതച്ചു. മലക്കപ്പാറയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. പെരുമ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അന്തര്‍ സംസ്‌ഥാന പാതയിലെ ഗതാഗതം നിലച്ചു. പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയീസ് വാല്‍വ് 18അടി തുറന്നു. എഴ് സ്‌പില്‍വേയിലായി 14അടി വെള്ളവും തുറന്നിട്ടുണ്ട്. പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. കുതിരാനില്‍ മരംവീണു ഗതാഗതം മുടങ്ങിയെങ്കിലും ഇന്നലെ രാവിലെതന്നെ മരം മുറിച്ചുമാറ്റി. കൊടകര പുത്തൂര്‍ക്കരയില്‍ വീടിനു മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരുക്കേറ്റു.
പാലക്കാട്
മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അട്ടപ്പാടി ചുരത്തിലൂടെ വൈകിട്ട് ആറുമുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചു. മംഗലംഡാമിലും സൈലന്റ് വാലിയിലും ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ മംഗലം, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകള്‍ തുറന്നു. മലമ്പുഴ ഉള്‍പ്പെടെ ഡാമുകളുടെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കല്‍പ്പാത്തി പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ വട്ടമല മുരുകന്‍ ക്ഷേത്രത്തില്‍ നിര്‍മാണ ജോലിക്കെത്തിയ ഏഴു തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് കുത്തൊഴുക്കിനിടെ ഇവരെ പുറത്തെത്തിച്ചത്.
എറണാകുളം
ആലുവ ക്ഷേത്രവും മണല്‍പുറവും വെള്ളത്തിനടിയിലായി. നദികളുടെ ഇരുകരകളിലെയും നിരവധി വീടുകളിലും വെള്ളംകയറി. ആലുവ മണപ്പുറത്ത് പെരിയാറില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. പറവൂരില്‍ ബുധനാഴ്‌ച രാത്രിയുണ്ടായ ശക്‌തമായ കാറ്റില്‍ തെങ്ങ് കടപുഴകി സ്‌കൂട്ടര്‍ യാത്രികനായ പറയക്കാട്, പടിഞ്ഞാറെക്കാട്ടില്‍ സജിത്തി (41) നു ഗുരുതരപരുക്കേറ്റു. മലങ്കര, ഭൂതത്താന്‍കെട്ട്‌ഡാമുകള്‍ തുറന്നതോടെ മുവാറ്റുപുഴ, പെരിയാര്‍ എന്നീ നദികള്‍ കരവിഞ്ഞൊഴുകുകയാണ്.
കോട്ടയം
ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 89 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മീനച്ചില്‍, മണിമല, പമ്പയാറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. തീക്കോയി കാരിക്കോട് ടോപ്പ് - മിഷ്യന്‍ കര റോഡില്‍ ഉരുള്‍പ്പൊട്ടലുണ്ടായെങ്കിലും നാശനഷ്‌ടമുണ്ടായില്ല.
ആലപ്പുഴ
വിവിധയിടങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റ് വലിയ നാശനഷ്‌ടങ്ങള്‍ക്കിടയാക്കി. ഇന്നലെ 49.55 മില്ലിമീറ്റര്‍ മഴയാണ് പെയ്‌തത്. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ശക്‌തമായ മഴയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയും വെള്ളത്തിലായി. കിഴക്കന്‍മേഖലയില്‍ നിന്ന് തോട്ടപ്പള്ളി സ്‌പില്‍വേ വഴി ഒഴുക്ക് ശക്‌തമായതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുന്നമടക്കായലില്‍ നാളെ നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിയെ മഴ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകര്‍.
from mangalam.com https://ift.tt/2MNJFi4
via IFTTT
No comments:
Post a Comment