വടക്കാഞ്ചേരി: ഉത്രാളിക്കാവിന് എതിർവശത്തുള്ള പരുത്തിപ്ര കുന്നിൽ ഭൂമിക്കടിയിൽനിന്ന് മുഴക്കമുണ്ടായ സംഭവത്തിൽ പേടിക്കേണ്ടതില്ലെന്ന് മൈനിങ് ആൻഡ് ജിയോളജി വിഭാഗം. മഴ പെയ്യുന്ന സമയത്ത് പാറയുടെ ഉള്ളിൽ വെള്ളം തെന്നിമാറുന്ന ശബ്ദമാണ് മുഴക്കമായി കേൾക്കുന്നത്. മരങ്ങൾ ധാരാളമുള്ള പ്രദേശമാണിതെന്നും ചിലപ്പോൾ പ്രദേശത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ജില്ലാ ഭൗമശാസ്ത്രജ്ഞൻ എം.സി. കിഷോർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഭൂമിക്കടിയിൽനിന്ന് അസാധാരണ ശബ്ദം കേട്ടതായി സമീപവാസികൾ അധികൃതരെ അറിയിച്ചിരുന്നു. ഭീതിമൂലം പ്രദേശത്തെ 40 കുടുംബങ്ങൾ ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി. അകമല വനപ്രദേശത്തെ തേക്കിൻതോട്ടത്തിനോട് ചേർന്ന ഭാഗത്തുനിന്നാണ് ശബ്ദം കേട്ടത്. പാറകളുടെ വിടവുകൾക്കിടയിലുള്ള വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമായതാണ് ശബ്ദത്തിനു കാരണമെന്ന് ബുധനാഴ്ച സ്ഥലത്തെത്തിയ ഭൗമശാസ്ത്രജ്ഞർ വ്യക്തമാക്കി. പ്രദേശത്ത് മണ്ണിടിച്ചിലിന് സാദ്ധ്യതയില്ല. കനത്ത മഴ തുടരുന്നതിനാൽ പ്രദേശവാസികളുടെ രാത്രികാല താമസം മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതാണ് ഉചിതമെന്ന് ഭൗമശാസ്ത്രജ്ഞൻ എം.സി. കിഷോർ പറഞ്ഞു. രമ്യാ ഹരിദാസ് എം.പി., അനിൽ അക്കര എം.എൽ.എ., നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, കൗൺസിലർമാർ, വനം, റവന്യൂ, പോലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ തുടങ്ങിയവരും വനത്തിലെത്തിയിരുന്നു. ഭൗമശാസ്ത്രജ്ഞരുടെ റിപ്പോർട്ടനുസരിച്ച് പേടിക്കേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രാത്രികാല താമസത്തിനായി ലക്ഷംവീട് കോളനി നിവാസികൾക്ക് പരുത്തിപ്ര ഗവ. സ്കൂൾ തുറന്നുകൊടുക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/33A1Bmc
via
IFTTT
No comments:
Post a Comment