ദുബായ്: ക്രിക്കറ്റില്‍ ഫ്രണ്ട് ഫുട്ട് നോബോളുകള്‍ ഇനി നിര്‍ണയിക്കുക തേഡ് അമ്പയര്‍മാര്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ തീരുമാനമാണിത്. ആറു മാസത്തിനിടെ ചില ഏകദിന പരമ്പരകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പാക്കും. വിജയിക്കുകയാണെങ്കില്‍ നടപ്പാക്കും.
നോബോള്‍ വിളിക്കാനുള്ള ഓണ്‍ ഫീല്‍ഡ് അമ്പയറുടെ ചുമതല ടിവി അമ്പയറെ ഏല്‍പ്പിക്കുന്നതിനാണ് ഐ.സി.സി. ആലോചിക്കുന്നത്. 2016 ല്‍ ഇംഗ്ലണ്ടും പാകിസ്‌താനും തമ്മില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇതു നടപ്പാക്കിയിരുന്നു.
അന്ന് ഉപയോഗിച്ച സാങ്കേതിക വിദ്യയില്‍ മാറ്റമുണ്ടാകില്ലെന്ന് ഐ.സി.സി. ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡിസ് പറഞ്ഞു. നിലവില്‍ നോബോളിന്റെ കാര്യത്തില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് സംശയമുണ്ടെങ്കിലാണു ടിവി അമ്പയറുടെ സഹായം തേടാറുള്ളത്.
നോബോളുകളുടെ കാര്യത്തില്‍ അമ്പയറുടെ പിഴവുകള്‍ മത്സരഫലത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഐ.സി.സി. മറിച്ചു ചിന്തിക്കാന്‍ തുടങ്ങിയത്. പന്ത് എറിഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൗളറുടെ പാദ ചലനങ്ങളുടെ ചിത്രങ്ങള്‍ ടിവി അമ്പയറുടെ മുന്നിലെത്തും. നോബോളാണെന്നു ബോധ്യപ്പെട്ടാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറെ ബോധ്യപ്പെടുത്തണം. ഹോക്‌ഐ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുക.
ഹോക്‌ഐയില്‍ ദൃശ്യങ്ങള്‍ സൂപ്പര്‍ സ്ലോ മോഷനിലാണു കാണിക്കുക. ഐ.സി.സി. ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണു ടിവി അമ്പയര്‍ നോബോള്‍ നിര്‍ണയിക്കുന്നത്. ഓരോ പന്തിനെയും സൂക്ഷമായി വിലയിരുത്തുന്നത് എത്രത്തോളം പ്രായോഗികമാണെന്നു കാണേണ്ടിയിരിക്കുന്നു.
2018 ല്‍ ഏകദേശം 84,0000 പന്തുകളാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി എറിഞ്ഞത്.
ടെന്നീസ് മത്സരങ്ങളിലേതു പോലെ ലൈന്‍ കോളിങ് സിസ്‌റ്റം നടപ്പാക്കുന്നതിനെ കുറിച്ചും ചര്‍ച്ച വന്നിരുന്നു. പക്ഷേ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടു.
ഇന്ത്യയുടെ ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയെപ്പോലുള്ളവരുടെ ബൗളിങ് എങ്ങനെ വിലയിരുത്തുമെന്നായിരുന്നു പ്രധാന ചോദ്യം. ജഡേജയുടെ ഉപ്പൂറ്റി എപ്പോഴും ലൈനിന് അകത്തായിരിക്കും. പക്ഷേ പന്ത് എറിയുമ്പോള്‍ കാല് വായുവിലുമായിരിക്കും. ലൈന്‍ കോളിങ് സിസ്‌റ്റത്തില്‍ ഇത് നോബോളായി കാണും.
കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ഫ്രണ്ട് ഫുട്ട് നോബോളുകള്‍ ഏറെ വിവാദമുണ്ടാക്കി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയുടെ കാല്‍ കയറിപ്പോയത് അമ്പയര്‍ എസ്. രവി കണ്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലി ഇതില്‍ അതൃപ്‌തി പ്രകടിപ്പിച്ചു. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിലും നോബോള്‍ വില്ലനായി.
ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ക്രിസ് ഗെയ്‌ല്‍ പുറത്തായതാണു വിവാദമായത്. ഗെയ്‌ല്‍ പുറത്തായതു ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിലായിരുന്നു. അതായത് തൊട്ടു മുമ്പുള്ള പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചില്ല. ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍ നടന്ന ടെസ്‌റ്റ് പരമ്പരയിലും നോബോള്‍ വിവാദമായി. മൂന്നാം ദിവസം ലങ്കയുടെ ലക്ഷന്‍ സണ്ടകന്‍ എറിഞ്ഞ 12 പന്തുകള്‍ നോബോളായിരുന്നു. അമ്പയറായിരുന്ന എസ്. രവി ഇതു കണ്ടിരുന്നില്ല.
from mangalam.com https://ift.tt/33ixPlN
via IFTTT
No comments:
Post a Comment