തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലോടിച്ച കാറിടിച്ച് 'സിറാജ്' ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ (35) മരിച്ചു. സംഭവത്തെത്തുടർന്ന് ശ്രീറാമിനെ പോലീസ് അറസ്റ്റുചെയ്തു. ശ്രീറാമിനെ കേസിൽനിന്ന് രക്ഷിക്കാനായി പോലീസ് തെളിവുകൾ നശിപ്പിച്ചെന്ന് വ്യാപകപരാതി ഉയർന്നതിനുശേഷമായിരുന്നു അറസ്റ്റ്. ശനിയാഴ്ച പുലർച്ചെ ഒരുമണിക്ക് അപകടം നടന്നിട്ടും വൈകീട്ടോടെമാത്രമാണ് ജാമ്യമില്ലാ വകുപ്പുകൾചുമത്തി അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായത്. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിലൂടെ താരപരിവേഷം നേടിയ ഉദ്യോഗസ്ഥനാണ് ശ്രീറാം. നിലവിൽ സർവേ ഡയറക്ടറാണ്. ശനിയാഴ്ച പുലർച്ചെ 12.55-ന് തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്ത് പബ്ലിക് ഓഫീസ് കവാടത്തിന് മുന്നിലായിരുന്നു അപകടം. ശ്രീറാമിനൊപ്പം സുഹൃത്തും മോഡലുമായ വഫാ ഫിറോസും കാറിലുണ്ടായിരുന്നു. വിദേശത്ത് പഠനാവധികഴിഞ്ഞ് സർവേ ഡയറക്ടറായി തിരികെ സർവീസിലെത്തിയതിന്റെ ഭാഗമായുള്ള ആഘോഷപരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കൊല്ലത്ത് പത്രത്തിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് കവടിയാറിലെ ഓഫീസിലെത്തിയശേഷം ബൈക്കിൽ കുന്നുകുഴിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ബഷീർ. അതിവേഗത്തിൽ പിന്നിൽനിന്നു പാഞ്ഞുവന്ന കാർ ബഷീറിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബഷീർ അവിടെത്തന്നെ മരിച്ചു. ബൈക്ക് പബ്ലിക് ഓഫീസിന്റെ മതിലിലേക്ക് ഇടിച്ചുകയറി. സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് ഏറെനേരത്തിനുശേഷമാണ് ആംബുലൻസെത്തിച്ച് ബഷീറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബഷീറിന്റെ മൃതദേഹം കുമാരപുരം ജുമാമസ്ജിദിലെത്തിച്ച് മയ്യത്ത് നമസ്കാരം നടത്തി. 2.30-ഓടെ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അന്ത്യോപചാരമർപ്പിച്ചു. മൂന്നരയോടെ സ്വദേശമായ തിരൂർ വാണിയന്നൂരിലേക്ക് കൊണ്ടുപോയി. സൂഫി പണ്ഡിതൻ വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടെയും മകനാണ്. ജസീലയാണ് ഭാര്യ. മക്കൾ: ജന്ന, അസ്മി. ഒതുക്കിത്തീർക്കാൻ പോലീസ്, വഫയുടെ മൊഴി എടുത്തില്ല മദ്യലഹരിയിലായിരുന്ന ശ്രീറാമിനെയും വഫയെയും അപകടം നടന്നശേഷം മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാറോടിച്ചത് വഫയാണെന്നാണ് ആദ്യം ശ്രീറാം പോലീസിനോട് പറഞ്ഞത്. എന്നാൽ, വഫയുടെ മൊഴിയെടുക്കാതെ പോലീസ് അവരെ ടാക്സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടു. മാധ്യമപ്രവർത്തകർ വഫയുടെ മദ്യപരിശോധന നടത്താതിരുന്നതിനെ ചോദ്യംചെയ്തതോടെ, പുലർച്ചെ അഞ്ചോടെ ഇവരെ വീണ്ടും മ്യൂസിയം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ആശുപത്രിയിലെത്തിച്ച് രക്തസാമ്പിളെടുത്തശേഷം വിട്ടയച്ചു. അപകടത്തിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയർന്നതോടെ, ഉച്ചയോടെ വഫയെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. മജിസ്ട്രേറ്റിനുമുന്നിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി. രാവിലെ താനാണ് വാഹനം ഓടിച്ചതെന്നുപറഞ്ഞ വഫ മൊഴി തിരുത്തി. ശ്രീറാമാണ് വാഹനം ഓടിച്ചതെന്നും മദ്യപിച്ചിരുന്നെന്നും മൊഴി നൽകി. * മദ്യംമണത്തു, രക്തം പരിശോധിച്ചില്ല കൈയ്ക്ക് വേദനയുണ്ടെന്നറിയിച്ച ശ്രീറാമിനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ മദ്യം മണക്കുന്നതായി ഡോക്ടർ ഒ.പി. ടിക്കറ്റിൽ കുറിച്ചിരുന്നു. പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ, താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിച്ച പോലീസ് അദ്ദേഹത്തെ വിട്ടയച്ചു. വൈദ്യപരിശോധന നടത്തുകയോ രക്തസാമ്പിൾ ശേഖരിക്കുകയോ ചെയ്തില്ല. പറഞ്ഞുവിട്ടത് സ്വകാര്യ ആശുപത്രിയിലേക്ക് കൈവേദനയെത്തുടർന്ന് മെഡിക്കൽ കോളേജിലേക്കാണ് ശ്രീറാമിനെ റഫർ ചെയ്തത്. എന്നാൽ, സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശ്രീറാം പോലീസിനെ മടക്കിയയച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ ആശുപത്രിയിൽവെച്ചാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാം ഈ ആശുപത്രിയിൽ തുടരുകയാണ്. പ്രവർത്തിക്കാത്ത ക്യാമറകൾ ഇതിനിടെ, ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സമ്മർദത്തെത്തുടർന്ന് പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലെത്തി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഗരത്തിലെ സുരക്ഷാക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. ഒന്പതുമണിക്കൂറിനുശേഷം രക്തപരിശോധന അതിനിടെ ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്ന് സാക്ഷിമൊഴികൾ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടു. നിൽക്കക്കള്ളിയില്ലാതെയായ പോലീസിന് ഇക്കാര്യം സമ്മതിക്കേണ്ടിവന്നു. അപകടം നടന്ന് ഒമ്പതുമണിക്കൂറിനുശേഷം ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിച്ചു. വൈകുന്നേരത്തോടെയാണ് ശ്രീറാമിനെതിരേ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. എഫ്.ഐ.ആറിലും കള്ളക്കളി എഫ്.ഐ.ആറിലും വാഹനം ഓടിച്ചത് ആരാണെന്ന് രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല. ജാമ്യംകിട്ടുന്ന വകുപ്പുകളുപയോഗിച്ചാണ് ആദ്യം കേസെടുക്കാൻ ശ്രമിച്ചതും. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കുമുമ്പ് അടിയന്തരമായി റിക്കവറിവാഹനം ഉപയോഗിച്ച് മാറ്റി. Content Highlights:Sreeram Venkittaraman arrested for accident case
from mathrubhumi.latestnews.rssfeed https://ift.tt/31fD6sl
via
IFTTT
No comments:
Post a Comment