തിരുവനന്തപുരം: ദേവികുളം സബ്കളക്ടറായിരിക്കെ കൈയേറ്റക്കാരുടെ ചിറകരിഞ്ഞാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുകാരൻ താരപദവിയോടെ യുവാക്കളുടെ മനസ്സ് കീഴടക്കിയത്. ഡ്രൈവിങ് ഹരമാക്കിയ ശ്രീറാം, ഒടുവിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ചുകൊന്ന വില്ലനായിമാറിയത് ഒറ്റദിവസംകൊണ്ട്. ഒരുപാട് വാഴ്ത്തിയ സാമൂഹികമാധ്യമങ്ങൾ ഒറ്റപ്പകൽകൊണ്ട് കൈവിട്ടു. മദ്യപാനത്തിനെതിരേയും ട്രാഫിക് ബോധവത്കരണത്തിനും ഒക്കെയായി ശ്രീറാം നടത്തിയ ആഹ്വാനങ്ങൾ ഒന്നൊന്നായി ട്രോളുകളായും നെടുനീളൻ പോസ്റ്റുകളായും സാമൂഹികമാധ്യമങ്ങൾ ആഘോഷിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 770-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനെത്തിയത്. അതുകഴിഞ്ഞ് പ്രത്യേക പരിശീലനത്തിനൊന്നും പോകാതെ സിവിൽ സർവീസ് പരീക്ഷ നേരിട്ടു. 2013-ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കി. പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായും തിരുവല്ല ആർ.ഡി.ഒ. ആയും ഡൽഹിയിൽ ഭക്ഷ്യമന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായും തിളങ്ങി. തിരിച്ചെത്തിയ യുവ ഐ.എ.എസുകാരനെ 2016 ജൂലായിൽ ദേവികുളം സബ്കളക്ടറായി നിയമിച്ച് സർക്കാർ വരവേറ്റു. രണ്ടുമാസം കഴിഞ്ഞതോടെ സർവേ രേഖകൾ ഒന്നൊന്നായി ഇഴകീറിയെടുത്ത് അധികാരകേന്ദ്രങ്ങളെ മുഴുവൻ വിറപ്പിച്ചു. ഒരാളെയും കൂസാതെ മൂന്നാറിലെ ഭൂമാഫിയകളെ തിരഞ്ഞുപിടിച്ച ശ്രീറാമിന് കേരളമെമ്പാടും ആരാധകരായി. ഇതോടെ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം തലസ്ഥാനത്തുവരെ പരാതിയുമായെത്തി. മന്ത്രി എം.എം. മണിയടക്കം ഇടുക്കിയിലെ രണ്ട് എം.എൽ.എ.മാരും എം.പി.യുമൊക്കെ ശ്രീറാമിനെതിരേ വാളെടുത്തു. ഒടുവിൽ സർക്കാർ കൈവിട്ടു. പരസ്യശാസനയുമായി മുഖ്യമന്ത്രിപോലും തള്ളിപ്പറഞ്ഞു. റവന്യൂ വകുപ്പ് കൈയാളുന്ന സി.പി.ഐ.യുടെ തണലിലാണ് ശ്രീറാം എന്ന തോന്നൽ വന്നതോടെ പ്രശ്നം സി.പി.എം.-സി.പി.ഐ. ശീതസമരത്തിലേക്കുവരെ നീങ്ങി. ഒടുവിൽ ശ്രീറാമിന്റെ കസേര തെറിച്ചു. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടാറായി തലസ്ഥാനത്ത് ഒതുക്കി. പക്ഷേ, ഇതിനിടെ ഉന്നതപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ച് വിദേശത്തുപോയി. പഠനാവധികഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീറാമിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിസഭ സർവേ ഡയറക്ടറായി നിയമനം നൽകിയത്. സ്ഥാനമേറ്റെടുക്കലിന് നിറംപകരാനുള്ള സത്കാരം കഴിഞ്ഞു മടങ്ങവേയാണ് ശ്രീറാം വെങ്കിട്ടരാമൻ പ്രശസ്തിയുടെ കൊടുമുടിയിൽനിന്ന് നിലംപൊത്തുന്നത്. Content Highlights:Sreeram Venkitaraman
from mathrubhumi.latestnews.rssfeed https://ift.tt/2YJjXl4
via
IFTTT
No comments:
Post a Comment