കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ.യും കൊൽക്കത്ത മുൻമേയറുമായ സോവൻ ചാറ്റർജി ബി.ജെ.പി.യിൽ ചേർന്നു. നേരത്തേ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലംകൈയായിരുന്ന സോവന്റെ കൂടുമാറ്റം തൃണമൂൽ കോൺഗ്രസിന് വൻതിരിച്ചടിയാകുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. മുകുൾ റോയിക്കുശേഷം തൃണമൂലിൽനിന്ന് ബി.ജെ.പി.യിലെത്തുന്ന പ്രമുഖനേതാവാണ് മുൻമന്ത്രികൂടിയായ അദ്ദേഹം. ബംഗാളിൽ മമതയുടെ ഉയർച്ചയ്ക്കുപിന്നിൽ പ്രധാനപങ്കുവഹിച്ചവരിലൊരാളാണ് സോവൻ ചാറ്റർജിയെന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുകുൾ റോയ് പറഞ്ഞു. രണ്ടുതവണ കൊൽക്കത്ത മേയറായിരുന്ന സോവൻ, ബെഹാല പൂർവ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ബൈശാഖി ബാനർജിയും ബി.ജെ.പി.യിൽ ചേർന്നു. സ്വകാര്യജീവിതത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കഴിഞ്ഞ നവംബറിലാണ് കൊൽക്കത്ത മേയർസ്ഥാനവും സംസ്ഥാനമന്ത്രിപദവും സോവൻ ചാറ്റർജിക്ക് നഷ്ടമാകുന്നത്. അദ്ദേഹത്തെ തിരിച്ച് പാർട്ടിയിൽ സജീവമാക്കാൻ തൃണമൂൽ നേതാവ് പാർഥ ചാറ്റർജിയുടെ നേതൃത്വത്തിൽനടന്ന ശ്രമം വിജയിച്ചിരുന്നില്ല. Content Highlights:Sovan Chatterjee joins BJP
from mathrubhumi.latestnews.rssfeed https://ift.tt/2ZcX8Xq
via
IFTTT
No comments:
Post a Comment