തിരുവനന്തപുരം: സംസ്ഥാനത്ത് 750 കരിങ്കൽ ക്വാറികൾക്കാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രവർത്തനാനുമതി നൽകിയത്. എന്നാൽ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ.) നടത്തിയ പഠനത്തിൽ 5924 ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലേറെയും മണ്ണിടിച്ചിലിനും ഭൂമികുലുക്കത്തിനും കാരണമാകുന്ന വിധമുള്ളതാണ്. ഇപ്പോൾ കനത്തമഴയുടെ പശ്ചാത്തലത്തിൽ ക്വാറിയും മണ്ണ്-മണലെടുപ്പും ഉൾപ്പടെ എല്ലാ ഖനനങ്ങളും താത്കാലികമായി നിർത്തിവെക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 2015-ലാണ് കെ.എഫ്.ആർ.ഐ. സംസ്ഥാനത്തെ ക്വാറികളെക്കുറിച്ച് പഠനം നടത്തിയത്. കേരളത്തിൽ 7157 ഹെക്ടർ സ്ഥലത്ത് കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. മലബാറിൽ 2438, മധ്യകേരളത്തിൽ 1969, തെക്കൻ കേരളത്തിൽ 1517 എന്നിങ്ങനെയാണ് കരിങ്കൽ ക്വാറികളുടെ എണ്ണം. ഇതിൽ ചിലത് ഇപ്പോൾ നിലച്ചിട്ടുണ്ടെങ്കിലും പുതിയവ തുടങ്ങിയിട്ടുണ്ട്. 20 ഹെക്ടറിന് മുകളിൽ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ളത് 70 എണ്ണവും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. 1983-നും 2015-നും ഇടയിൽ 115 ഭൂമി കുലുക്കമാണ് കേരളത്തിലുണ്ടായത്. ഈ ഭൂമികുലുക്കങ്ങളിൽ 78 ഇടത്തും അതിന്റെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ കരിങ്കൽ ക്വാറികളുണ്ടായിരുന്നു. ഭൂമിയിൽ വെള്ളമിറങ്ങാൻ പാകത്തിൽ വിള്ളലുണ്ടാകുന്നതും ഭൂമികുലുക്കത്തിന് സാധ്യമാകുന്നവിധം ഭൂഘടന മാറുന്നതും മനുഷ്യന്റെ ഇത്തരം ഇടപെടലാണ്. ഉപരിതലത്തിലെ മണ്ണുമാറ്റിയാണ് ക്വാറികൾ സജ്ജമാക്കുന്നത്. ഇത് മണ്ണിലേക്കുള്ള സ്വാഭാവിക നീരിറക്കത്തെ ഇല്ലാതാക്കുകയും, മണ്ണിടിച്ചിലിനും ഭൂമി കുലുക്കത്തിനും കാരണമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനം. ഭൂമിക്കുള്ളിലേക്ക് വെള്ളമിറങ്ങുന്ന 'പൈപ്പിങ് പ്രതിഭാസ'മാണ് വയനാട്ടിലും നിലമ്പൂരിലും ഇപ്പോഴുണ്ടായ ഉരുൾപൊട്ടലിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിന് കാരണമായ ഘടകങ്ങളാണ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ടി.വി. സജീവ്, ടി.ജെ. അലക്സ് എന്നിവർ ചേർന്നുനടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ദുരന്ത പ്രതിരോധത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ക്വാറികളുടെ പ്രവർത്തനവും മണ്ണ്-മണലെടുപ്പും നിർത്തിവെക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദേശിച്ചത്. ഇവ കൊണ്ടുപോകുന്നതിനുള്ള പാസ് വിതരണവും നിർത്തിയിട്ടുണ്ട്. ഇത് താത്കാലികമായ വിലക്ക് മാത്രമാണ്. മഴമാറുമ്പോൾ ഖനനാനുമതി നൽകാമെന്നാണ് മൈനിങ് ആൻഡ് ജിയോളജിയുടെ തീരുമാനം. ദുരന്തമുണ്ടാകാൻ സാധ്യത കനത്തമഴ തുടരുമ്പോൾ പാറ ക്വാറി പ്രവർത്തനവും മണ്ണെടുപ്പും തുടരുന്നത് കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് തത്കാലം ഇത്തരം പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ Content Highlights:Illegal quarries operating in Kerala
from mathrubhumi.latestnews.rssfeed https://ift.tt/305Rx22
via
IFTTT
No comments:
Post a Comment