തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികളായ എസ്.എഫ്.ഐ. മുൻ നേതാക്കൾ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി പി.എസ്.സി.യുടെ പരിശോധനാ റിപ്പോർട്ട്. ഇതേത്തുടർന്ന്, ഒന്നാംറാങ്കുകാരൻ ശിവരഞ്ജിത്ത്, രണ്ടാംറാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരൻ നസീം എന്നിവരെ റാങ്ക്പട്ടികയിൽനിന്നു നീക്കംചെയ്യാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഇവരെ പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്ന് സ്ഥിരമായി അയോഗ്യരാക്കും. അക്കാര്യം യു.പി.എസ്.സി. ഉൾപ്പെടെയുള്ള മറ്റു നിയമന ഏജൻസികളെ അറിയിക്കും. ക്രമക്കേടിന്റെ വിശദമായ വിവരങ്ങൾ കണ്ടെത്താൻ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെടും. പോലീസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തിൽ ഈ റാങ്ക്പട്ടികയിൽനിന്നുള്ള നിയമനശുപാർശകൾ തത്കാലത്തേക്കു നിർത്തിവെക്കാൻ പി.എസ്.സി. തീരുമാനിച്ചു. കാസർകോട് റാങ്ക്പട്ടികയിൽനിന്ന് മൂന്നുപേരെ ഒഴിവാക്കി പട്ടികയും നിയമനക്രമവും പരിഷ്കരിക്കണം. കൂടുതൽ പേർ ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. അതിനുശേഷം നിയമനശുപാർശകൾ ആരംഭിച്ചാൽ മതിയെന്നാണു കമ്മിഷൻ യോഗം ധാരണയിലെത്തിയത്. ക്രമക്കേടിന്റെ വ്യാപ്തി കൂടുതലാണെന്നു തെളിഞ്ഞാൽ പരീക്ഷ റദ്ദാക്കേണ്ടി വരും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവർ പരീക്ഷാ സമയത്ത് ഉത്തരങ്ങൾ പകർത്തിയെഴുതിയെന്നാണു സംശയിക്കുന്നത്. പോലീസ് സൈബർ സെല്ലിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. പരീക്ഷസമയത്ത് അസാധാരണമാംവിധം എസ്.എം.എസുകൾ യൂണിവേഴ്സിറ്റി കോളേജ് അക്രമക്കേസിൽ ഒന്നാംപ്രതിയായ ശിവരജ്ഞിത്തിന്റെയും 17-ാം പ്രതിയായ പ്രണവിന്റെയും മൊബൈൽ ഫോണുകളിലേക്ക് പരീക്ഷസമയത്ത് അസാധാരണമാം വിധം എസ്.എം.എസുകൾ വന്നതായി സൈബർ പോലീസാണ് റിപ്പോർട്ട് നൽകിയത്. ഒരേ നമ്പറിൽനിന്ന് ഇരുവരുടെയും ഫോണുകളിലേക്ക് 90 വീതം സന്ദേശങ്ങളാണ് ഒന്നേകാൽ മണിക്കൂറിനുള്ളിൽ എത്തിയത്. ഈ സന്ദേശങ്ങളെന്താണെന്നു പോലീസ് വേർതിരിച്ചെടുത്തിട്ടില്ല. ഈ സന്ദേശങ്ങൾ അയച്ച മൊബൈൽ നമ്പറും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെയായിരിക്കും പി.എസ്.സി.യുടെ തുടരന്വേഷണം. Content Highlights:psc confirms irregularity in police rank list
from mathrubhumi.latestnews.rssfeed https://ift.tt/2YTJWXj
via
IFTTT
No comments:
Post a Comment