രണ്ടാം അങ്കം നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

രണ്ടാം അങ്കം നാളെ

പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിന്‍: ഇന്ത്യ-വെസ്‌റ്റിന്‍ഡീസ്‌ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനില്‍ നടക്കും. മഴയെത്തുടര്‍ന്ന്‌ ആദ്യ ഏകദിനം ഉപേക്ഷിച്ചിരുന്നു. ഇതോടെ നാളത്തെ മത്സരം ജയിച്ചു പരമ്പരയില്‍ മുന്‍തൂക്കം നേടാനാണ്‌ ഇരുടീമുകളുടെയും ശ്രമം.
ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ്‌ മത്സരം ആരംഭിക്കുന്നത്‌. സോണി സിക്‌സ്, സോണി ഇ.എസ്‌.പി.എന്‍. എന്നിവയില്‍ തത്സമയം
മഴയെത്തുടര്‍ന്ന്‌ ഉപേക്ഷിക്കപ്പെട്ട ആദ്യ ഏകദിനത്തിലെ അതേ ടീമിനെയാകും ഇന്ത്യ നാളെയും ഇറക്കുക. പരുക്കില്‍ നിന്നു മുക്‌തനായി ശിഖര്‍ ധവാന്‍ ഓപ്പണിങ്ങില്‍ തിരിച്ചെത്തിയത്‌ ഇന്ത്യക്ക്‌ ഗുണം ചെയ്യും.
തലവേദനയായ നാലാം നമ്പറില്‍ യുവതാരം ശ്രേയസ്‌ അയ്യറിനെ പരീക്ഷിക്കാനാണ്‌ ടീം ഒരുങ്ങുന്നത്‌. രോഹിതും ധവാനും നല്‍കുന്ന മികച്ച തുടക്കത്തിനു ശേഷം മൂന്നാം നമ്പറില്‍ നായകന്‍ വിരാട്‌ കോഹ്ലി എത്തും. പിന്നീട്‌ മധ്യനിരയില്‍ യുവതാരങ്ങളാണ്‌ ഇന്ത്യക്കായി അണിനിരക്കുന്നത്‌. നാലാം നമ്പറില്‍ ശ്രേയസും അഞ്ചാമനായി കേദാര്‍ ജാദവുമാണ്‌. മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ പകരക്കാരനായ ഋഷഭ്‌ പന്താണ്‌ ആറാമതായി ഇറങ്ങുക.
ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ മിന്നുന്ന അര്‍ധസെഞ്ചുറി നേടിയ പന്ത്‌ മികച്ച ഫോമിലാണെന്നു തെളിയിച്ചുകഴിഞ്ഞു. അതേസമയം ശ്രേയസിന്‌ ഇതു നിര്‍ണായക അവസരമാണ്‌. കെ.എല്‍. രാഹുലും മനീഷ്‌ പാണ്ഡെയും ഊഴം കാത്ത്‌ പുറത്തുനില്‍ക്കവെ നാളെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ശ്രേയസിന്‌ ആദ്യ ഇലവനില്‍ സ്‌ഥാനം ഉറപ്പാക്കാന്‍ പറ്റൂ.
ട്വന്റി 20 പരമ്പരയില്‍ പുറത്തിരുന്ന സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌ തിരിച്ചെത്തിയത്‌ ബൗളിങ്ങില്‍ ഇന്ത്യക്കു കരുത്തുപകരും. കുല്‍ദീപും രവീന്ദ്ര ജഡേജയുമാകും സ്‌പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. സ്‌ട്രൈക്ക്‌ ബൗളര്‍ ജസ്‌പ്രീത്‌ ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷമി എന്നിവരുടെ ചുമലിലാകും ബൗളിങ്ങിന്റെ ഉത്തരവാദിത്തം. പിന്തുണയുമായി യുവതാരം ഖലീല്‍ അഹമ്മദുമുണ്ട്‌.
മറുവശത്ത്‌ ക്രിസ്‌ ഗെയ്‌ലിന്റെ ബാറ്റിലേക്കാണ്‌ വിന്‍ഡീസ്‌ ഉറ്റുനോക്കുന്നത്‌. തന്റെ അവസാന ഏകദിന പരമ്പരയാണ്‌ ഗെയ്‌ല്‍ കളിക്കുന്നത്‌. നാളെയിറങ്ങുമ്പോള്‍ ഗെയ്‌ലിനെ ഒരു റെക്കോഡും കാത്തിരിപ്പുണ്ട്‌.
വെസ്‌റ്റിന്‍ഡീസിനു വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ്‌ നേടിയ താരമെന്ന റെക്കോഡ്‌ ഗെയ്‌ല്‍ നാളെ ഇതിഹാസ താരം ബ്രയാന്‍ ലാറയില്‍ നിന്നു സ്വന്തമാക്കിയേക്കും. 296 മത്സരങ്ങളില്‍ നിന്ന്‌ 10,342 റണ്‍സാണ്‌ ഗെയ്‌ലിന്റെ പേരിലുള്ളത്‌. 295 മത്സരങ്ങളില്‍ നിന്ന്‌ 10,348 റണ്‍സ്‌ നേടിയ ലാറയെ പിന്തള്ളാന്‍ ഗെയ്‌ലിന്‌ ഇനി ഏഴു റണ്‍സ്‌ കൂടി മതി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ്‌ ലാറയില്‍ നിന്ന്‌ ഗെയ്‌ല്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇടക്കിടെ പെയ്‌തമഴയില്‍ കളി അസാധ്യമായതിനെ തുടര്‍ന്നാണ്‌ അമ്പയര്‍മാരുടെ തീരുമാനം. കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ്‌ 13 ഓവറില്‍ ഒരു വിക്കറ്റിന്‌ 54 റണ്‍സെന്ന നിലയിലായിരുന്നു. മഴ മൂലം മൂന്ന്‌ തവണ ഓവര്‍ വെട്ടിക്കുറച്ചിരുന്നു.ആദ്യ തവണ ആദ്യം 43 ഓവറായും പിന്നീട്‌ 40 ഓവറായും തുടര്‍ന്ന്‌ 34 ഓവറായും കുറച്ച്‌ കളി തുടര്‍ന്നെങ്കിലും കനത്ത മഴയില്‍ പിച്ചും ഔട്ട്‌ഫീല്‍ഡും മോശമായതോടെ ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായി.
ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസിന്‌ ക്രിസ്‌ ഗെയിലിന്റെ (നാല്‌) വിക്കറ്റാണ്‌ നഷ്‌ടമായത്‌. ഓപ്പണര്‍ എവിന്‍ ലൂയിസും (40) ഷായ്‌ ഹോപ്പും (6) ക്രീസിലുണ്ടായിരുന്നു. കുല്‍ദീപ്‌ യാദവാണ്‌ ഗെയ്‌ലിന്റെ വിക്കറ്റെടുത്തത്‌.

വൈറലായി കോഹ്ലിയുടെ നൃത്തം



from mangalam.com https://ift.tt/2MW7CUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages