പുത്തുമല: ഭയങ്കരമായൊരു ശബ്ദം കേട്ടപ്പോഴാണ് റസീനയും കുട്ടികളും തൊട്ടടുത്ത പാടികളിലെ താമസക്കാരും പുറത്തിറങ്ങിയത്. മുകളിലേക്ക് നോക്കിയപ്പോൾ കലങ്ങിമറിഞ്ഞ് വെള്ളമൊഴുകിവരുന്നതാണ് കണ്ടതെന്ന് റസീന. പിന്നെ ഒന്നുംനോക്കിയില്ല. നേരേ പാടിക്ക് സമീപമുള്ള സ്കൂളിലേക്ക് ഒാടി. ഇടയ്ക്ക് മൂന്നുസ്ത്രീകളും ഒരു പുരുഷനും മണ്ണിനടിയിൽ ആഴ്‍ന്നുപോവുന്നത് കണ്ടു. എസ്റ്റേറ്റിലെ കാന്റീൻ ഒഴുകിപ്പോയതും കാൻറീൻ നടത്തിപ്പുകാരുടെ മൂന്നുവയസ്സുള്ള കുട്ടി ഒഴുകിപ്പോയെന്നും കേട്ടു. കുന്നുകുന്നായുള്ള പാടികൾ തകരുമെന്നായതോടെ റസീനയും കൂടെ സ്കൂളിലെത്തിയ മറ്റുള്ളവരും താരതമ്യേന സുരക്ഷിതമായ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറി. ഇതിനിടയിലും വലുതും ചെറുതുമായി ധാരാളം ഉരുൾപൊട്ടി. വഴികൾ വെള്ളംകൊണ്ടുപോയി. ഇനി എങ്ങോട്ട് തിരിച്ചുപോവുമെന്നറിയില്ല, റസീനയ്ക്കും കൂടെയുള്ളവർക്കും. പ്രതീക്ഷിക്കാതെയാണ് വൻ ദുരന്തമെത്തിയതെന്ന് പറയുമ്പോൾ തോട്ടത്തിലെ തൊഴിലാളികളായ അഷറഫിനും ശശികുമാറിനും നൗഫലിനും മുഖത്ത് വീണ്ടും ഭീതി. ബുധനാഴ്ച രാത്രിതന്നെ പലയിടത്തും ഉരുൾപൊട്ടിത്തുടങ്ങിയതായി മൂവരും പറഞ്ഞു. പഞ്ചായത്തംഗം പി. ചന്ദ്രനും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് ആദ്യം ഒാടിയെത്തിയത്.ബുധനാഴ്ച രാവിലെയാണ് പുത്തുമലയ്ക്ക് സമീപത്തെ പച്ചക്കാട്ടിൽ 25 വീടുകൾ നിൽക്കുന്നതിന്റെ തൊട്ടടുത്തായി ഉരുൾപൊട്ടിയത്. ഇതോടെ പ്രദേശവാസികൾതന്നെ മുന്നിട്ടിറങ്ങി കുടുംബങ്ങളെ പുത്തുമല ഗവ. സ്കൂളിലേക്ക് മാറ്റി. രാവിലെ വെള്ളത്തിന്റെ ഒഴുക്കുവർധിച്ചിരുന്നുവെങ്കിലും മറ്റു അപായസൂചനകളൊന്നുമുണ്ടായിരുന്നില്ല. പുത്തുമലയിൽ ഏറക്കുറെ സാധാരണനിലയിലായിരുന്നു ജീവിതം.അഞ്ചുമണിയോടെ ആർത്തലച്ച്...വൈകീട്ട് അഞ്ചോടെയാണ് നൂറോളം ഏക്കർ വരുന്ന തോട്ടമുള്ള ഗ്രാമം നക്കിത്തോർത്തിയ മലവെള്ളപ്പാച്ചിലുണ്ടായത്. ഭയാനകശബ്ദത്തിൽ ഉരുൾപൊട്ടി, നിമിഷങ്ങൾകൊണ്ട് മലവെള്ളപ്പാച്ചിൽ പുത്തുമലയെ ഒഴുക്കിക്കൊണ്ടുപോയി. ശബ്ദംകേട്ട് എല്ലാവരും ചിതറിയോടി. ചിലർ രക്ഷപ്പെട്ടു. ചിലർ മണ്ണിനടിയിലായി. വൻമരങ്ങളും പാറക്കൂട്ടങ്ങളും ഒഴുകിയെത്തിയപ്പോൾ ഒരു ലയവും മുസ്‌ലിം പള്ളിയും ക്ഷേത്രവും കാന്റീനും വീടുകളും വാഹനങ്ങളും മണ്ണിനടിയിൽ അമർന്നു. കാറുകളും ബൈക്കുകളും ടാർ മിക്സിങ് വാഹനവുമെല്ലാം പപ്പടംപോലെ പൊടിഞ്ഞു. അവയിപ്പോഴും വെള്ളത്തിൽ ഒഴുകിനടക്കുകയാണ്. തൊലിയുരിഞ്ഞുപോയ വൻമരങ്ങളും കൂറ്റൻ പാറക്കല്ലുകളും വീടുകളുടെ അസ്ഥിവാരമിളക്കി.എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെയാണ് പലരും മണ്ണിൽ പുതഞ്ഞുപോയത്. കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടൊരാൾ കൈയിൽ നിന്നൂർന്നുപോയതിന്റെ സങ്കടത്തോടെയാണ് ലയത്തിലെ താമസക്കാരായ ലോറൻസും ചന്ദ്രനും വെള്ളിയാഴ്ച രാവിലെമുതൽ മലവെള്ളമൊഴുകിയ വഴികളിൽ മുഴുവൻ തിരഞ്ഞത്. ഭാര്യമാരെ തിരഞ്ഞാണ് കൂട്ടുകാരായ രണ്ടുപേരും പുലർച്ചെതന്നെ പ്രദേശത്തെത്തിയത്. അമ്മ കുടുങ്ങിക്കിടക്കുന്നത് മകൻ കണ്ടിരുന്നതായി ലോറൻസ് പറയുന്നു. അമ്മയ്ക്കെന്തുപറ്റിയെന്ന് മകൻ ചോദിച്ചുകൊണ്ടിരിക്കുന്നതായി പറയുമ്പോൾ അയാൾക്ക് കണ്ഠമിടറി.എല്ലാം പോയ്‌പ്പോയെന്ന് തിരിച്ചറിഞ്ഞെങ്കിലും പുത്തുമലക്കാർ ആത്മധൈര്യം കൈവിട്ടില്ല. വ്യാഴാഴ്ച രാത്രിയോടെ പത്തുപേരെയാണ് അവർ മണ്ണിൽനിന്ന് വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത്. നാലഞ്ചുദിവസമായി കനത്തമഴ പെയ്യുന്ന ഇവിടെ വൈദ്യുതി മുടങ്ങിയിട്ടും ദിവസങ്ങളായി. മിക്കവരുടെയും മൊബൈൽ ഫോണുകൾ ഒാഫായിപ്പോയതിനാൽ പരസ്പരം യുദ്ധസമാനമായ സാഹചര്യമാണ് തുടർന്നുള്ള മണിക്കൂറുകളിൽ പുത്തുമലക്കാർ അനുഭവിച്ചത്. പുറംലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളെല്ലാം നിലച്ചതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കള്ളാടിയിൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് വിഘാതമായി. പലരും രാത്രിയിലും ഉരുൾപൊട്ടിയതിന് സമീപംതന്നെ കഴിച്ചുകൂട്ടി; പ്രിയപ്പെട്ടവരുടെ എന്തെങ്കിലും അനക്കം മണ്ണിനുമീതെ ഉയരുന്നുണ്ടോ എന്ന ആകാംക്ഷയോടെ. എന്നാൽ, രാത്രി മുഴുവൻപെയ്ത അതിശക്തമായ മഴ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചു. ദുരന്തനിവാരണസേനയുൾപ്പെടെ പ്രദേശത്തെത്തിയ രക്ഷാപ്രവർത്തകർക്കെല്ലാം ദൗത്യം അവസാനിപ്പിക്കേണ്ടിവന്നു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെതന്നെ സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണസേനാംഗങ്ങളും പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടങ്ങി. സി.കെ. ശശീന്ദ്രൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ തുടങ്ങിയവരും നിർദേശങ്ങളുമായി ഒാടിനടന്നു.ഹാജറ ഒഴുകിപ്പോയത് നിമിഷനേരംകൊണ്ട്കല്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടറായ നൗഷാദിന്റെ ഭാര്യ ഹാജറയുടെ മൃതദേഹമാണ് ബുധനാഴ്ച പുലർച്ചെ രക്ഷാപ്രവർത്തകർക്ക് കിട്ടിയത്. കുളിക്കാനായി വീട്ടിനകത്ത് കുളിമുറിയിലേക്ക് കയറിയതായിരുന്നു ഹാജറ. കൺമുന്നിൽ ഒഴുകിപ്പോവുന്നത് നൗഷാദും വീട്ടുകാരും കണ്ടു. ഹാജറ വീട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് ഇവിടുന്ന് രക്ഷാപ്രവർത്തനം തുടങ്ങിയത്. വൻമരങ്ങൾ തലങ്ങും വിലങ്ങും വന്നു വീണുകിടക്കുന്ന വീടിനകത്തായിരുന്നു ഹാജറയുടെ ചേതനയറ്റ ശരീരം. രക്ഷാപ്രവർത്തകർ അത് കണ്ടെടുക്കുമ്പോൾ മുണ്ടക്കൈയിലെ താത്കാലിക ക്യാമ്പിൽനിന്ന് മേപ്പാടി ഹൈസ്കൂളിലേക്ക് മാറ്റാൻ തുടങ്ങുന്നവരുടെ കൂട്ടത്തിലിരുന്ന് വിതുമ്പുകയായിരുന്നു നൗഷാദ്.കൈയിൽനിന്ന് വഴുതി, കാത്തിരുന്ന കൺമണിപത്തുകൊല്ലം കാത്തിരുന്നുകിട്ടിയ കൺമണി കൈയിൽനിന്ന് വഴുതിപ്പോയതിന്റെ സങ്കടം പറയാനും വിതുമ്പിത്തീർക്കാനും പറ്റാത്ത അവസ്ഥയിലാണ് എസ്റ്റേറ്റിലെ കാന്റീൻ നടത്തിപ്പുകാരായിരുന്ന ഷൗക്കത്തും മുനീറയും. മലവെള്ളപ്പാച്ചിൽ കാന്റീനെയാകെ ഒഴുക്കിക്കൊണ്ടുപോയപ്പോൾ നാലുവയസ്സുകാരൻ മുഹമ്മദ് മിഹ്‍സബും അതിനൊപ്പം ഒഴുകിപ്പോയി. കൈയിൽ പിടിച്ചെങ്കിലും മലവെള്ളം കുഞ്ഞിനെ തട്ടിത്തെറിപ്പിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് പ്രദേശവാസികൾ സങ്കടത്തോടെ പറഞ്ഞു.ആർത്തലച്ചുപെയ്യുന്ന മഴയ്ക്ക് ഇത്തിരി ശക്തികുറഞ്ഞപ്പോഴാണ് കാന്റീൻ ഉണ്ടായിരുന്നിടത്ത് റെഡ് ക്രോസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങിയത്. മിസ്‌ഹബിന്റെ കുഞ്ഞുശരീരം മണ്ണിന്റെ ചെറിയ കൂനനീക്കിയപ്പോഴേ പുറത്തുകണ്ടു. ചെറിയ പുതപ്പിൽ പൊതിഞ്ഞ് അവനെ കൊണ്ടുപോവുമ്പോൾ പിന്നെയും മഴ കനത്തു. പ്രദേശവാസികൾക്കും ഏറെയിഷ്ടമായിരുന്നു ചിന്നുവെന്ന് അവർ വിളിക്കുന്ന മുഹമ്മദ് മിസ്‌ഹബ്.
from mathrubhumi.latestnews.rssfeed https://ift.tt/2TlHDXr
via
IFTTT
No comments:
Post a Comment