കൊച്ചി: നെടുങ്കണ്ടം പോലീസ് അറസ്‌റ്റ് ചെയ്‌തതിനു ശേഷം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്റെ മൃതദേഹം രണ്ടാമതു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തപ്പോള്‍ കണ്ടത് കസ്‌റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന 22 പരുക്കുകള്‍. അതിക്രൂരമായ മര്‍ദനമാണു മരണകാരണമെന്ന് ഇതേക്കുറിച്ചന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്‌റ്റിസ് കെ. നാരായണക്കുറുപ്പ് വെളിപ്പെടുത്തി.
രാജ്‌കുമാറിനുമേല്‍ അതിക്രൂരമായ മൂന്നാംമുറ പ്രയോഗമുണ്ടായെന്നും ദേഹമാസകലമുണ്ടായ ചതവ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും കമ്മിഷന്‍ കണ്ടെത്തി. തുടയുടെ പിന്‍ഭാഗത്തും മുതുകിലും ക്രൂരമര്‍ദനമേറ്റു. തുടയിടുക്കിലെ പേശികളില്‍ രക്‌തം പൊടിഞ്ഞ് കട്ടപിടിച്ചു. ന്യൂമോണിയയല്ല മരണകാരണമെന്നും ആദ്യ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ ഗുരുതര വീഴ്‌ച സംഭവിച്ചെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. ആദ്യ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയവരെ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തും.
ഇതിനിടെ, ഇടുക്കി മുന്‍ എസ്.പി: കെ.ബി. വേണുഗോപാലിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തു. ക്രൈംബ്രാഞ്ച് ഐ.ജി. ഗോപേഷ് അഗര്‍വാളാണു ചോദ്യം ചെയ്‌തത്. രാജ്‌കുമാറിന്റെ കസ്‌റ്റഡി എസ്.പി. അറിഞ്ഞിരുന്നെന്ന് അറസ്‌റ്റിലായ എസ്.ഐ. മൊഴിനല്‍കിയിരുന്നു. കേസില്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് എസ്.പി. ഇന്നലെ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലുമായി കൂടിക്കാഴ്‌ച നടത്തി.
from mangalam.com https://ift.tt/2YD3TSP
via IFTTT
No comments:
Post a Comment