ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ- 2 ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥം വിടുന്നു. പുലർച്ചെ 3.30-നാണ് ഇതിനായുള്ള നിർണായകമായ ഭ്രമണപഥമുയർത്തൽകൃത്യം. ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാൻ- 2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടർന്ന് ചന്ദ്രയാൻ-2-ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടർന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയെത്തിക്കണം. അതിനുശേഷമാണ് സെപ്റ്റംബർ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ-2-ന്റെ ഇറക്കം.‘സോഫ്റ്റ് ലാൻഡിങ്’ സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ‘ലാൻഡറി’ൽനിന്നു ‘റോവർ’ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും.3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ-2-മായി ‘ജി.എസ്.എൽ.വി. മാർക്ക് മൂന്ന്’ റോക്കറ്റ് ജൂലായ് 22-നാണ് ശ്രീഹരിക്കോട്ടയിൽനിന്നു കുതിച്ചുയർന്നത്. ഇതിനിടയിൽ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയർത്തി. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവർത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആർ.ഒ.) വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Z4qpiK
via
IFTTT
No comments:
Post a Comment