മണര്‍കാട്: സ്‌റ്റേഷനില്‍ പോലീസുകാരനെ ആക്രമിച്ചു വിലങ്ങുമായി രക്ഷപ്പെട്ട പ്രതി രണ്ടാംനാള്‍ പോലീസ് പിടിയില്‍. മോഷണക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ പുതുപ്പള്ളി മഠത്തില്‍പ്പടി മാളിയേക്കല്‍ ദിലീപിനെ(19)യാണ് ഇന്നലെ വൈകുന്നേരം പിടികൂടിയത്.
മണര്‍കാട് പെരുമാനൂര്‍ കവലയ്‌ക്കു സമീപം ആമലക്കുന്നിലെ ആളൊഴിഞ്ഞ വീടിനോടു ചേര്‍ന്ന് ഒളിച്ചിരുന്ന പ്രതിയെ നാലരയോടെ പോലീസ് കുടുക്കുകയായിരുന്നു. പിടിയിലാകുമ്പോള്‍ കൈയിലെ വിലങ്ങ് ഊരിമാറ്റിയ നിലയിലായിരുന്നു. സംസ്‌ഥാനത്തിനു പുറത്തേക്കു രക്ഷപ്പെടാന്‍ കരുക്കള്‍ നീക്കുന്നതിനിടെയാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടില്‍നിന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷ്‌ടിച്ച കേസില്‍ പോലീസ് ദിലീപിനെ വെള്ളിയാഴ്‌ചയാണു കസ്‌റ്റഡിയിലെടുത്തത്. മോഷണമുതല്‍ വീണ്ടെടുക്കാനുള്ള പരിശോധനകള്‍ക്കും വൈദ്യപരിശോധനയ്‌ക്കും ശേഷം രാത്രി പത്തേകാലിനു സ്‌റ്റേഷനില്‍ തിരിച്ചെത്തിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. സ്‌റ്റേഷന്‍ വാതില്‍ക്കല്‍ ജീപ്പില്‍ നിന്നിറക്കുമ്പോള്‍ കെ.കെ. റോഡ് ഭാഗത്തേക്ക് ഓടുകയും പിന്നാലെയെത്തിയ പോലീസുകാരന്‍ ഫെര്‍ണാണ്ടസിനെ ഇടിച്ചുവീഴ്‌ത്തുകയുമായിരുന്നു.
ചതുപ്പുനിലം വഴിയാണു ദിലീപ് രക്ഷപ്പെട്ടത്. തുടര്‍ന്നു സമീപത്ത് ആള്‍ത്താമസമില്ലാത്ത ഇരുനിലവീടിന്റെ രണ്ടാം നിലയില്‍ ഒളിച്ചുകഴിഞ്ഞു. ഇടതു കൈയ്‌ക്കു സ്വാധീനക്കുറവുള്ള ഇയാള്‍ വിലങ്ങ് ഊരി മാറ്റി. രാത്രി മണര്‍കാടിനു സമീപത്തെ കാമുകിയുടെ വീട്ടിലെത്തി. വിവരമറിഞ്ഞു പോലീസ് ഇവിടെ എത്തിയെങ്കിലും നിമിഷങ്ങള്‍ക്കു മുമ്പു രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ പ്രതി വീണ്ടും ഒളിയിടത്തിലേക്കു മടങ്ങിയതായി വിവരം കിട്ടി. തുടര്‍ന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി പിടികൂടുകയായിരുന്നു.
വിലങ്ങ് ഊരി മാറ്റാന്‍ പ്രതിക്ക് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
from mangalam.com https://ift.tt/312PEU6
via IFTTT
No comments:
Post a Comment