പത്തനംതിട്ട: നഗരമധ്യത്തിലെ ജൂവലറി മഹാരാഷ്‌ട്ര സ്വദേശിയായ ജീവനക്കാരന്റെ നേതൃത്വത്തില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ചെന്ന്. നാലു കിലോയോളം സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് കവര്‍ന്നത്.പത്തനംതിട്ട നഗരത്തിലെ മുത്താരമ്മന്‍ കോവിലിനു സമീപം ഐശ്വര്യ തീയറ്ററിന് എതിര്‍വശത്തായുള്ള മഹാരാഷ്‌ട്ര സ്വദേശിയുടെ കൃഷ്‌ണ ജൂവലറിലാണു കവര്‍ച്ച. കവര്‍ച്ചയ്‌ക്കുശേഷം തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നു പറഞ്ഞ് മഹാരാഷ്‌ട്ര സ്വദേശിയായ ജീവനക്കാരന്‍ അക്ഷയ് പട്ടേല്‍ പോലീസില്‍ കീഴടങ്ങി. എന്നാല്‍ കവര്‍ച്ച ഇയാളുടെ നേതൃത്തില്‍ തന്നെയാണെന്നു പോലീസ് പറയുന്നു. രണ്ടാഴ്‌ച മുമ്പാണ് ഇയാള്‍ സ്‌ഥാപനത്തില്‍ ജോലിക്കെത്തിയത്. 10 വര്‍ഷത്തിലധികമായി സ്‌ഥാപനത്തിലുള്ള സന്തോഷ് എന്ന ജീവനക്കാരനെ കെട്ടിയിട്ടു മര്‍ദിച്ചാണ് കവര്‍ച്ചയത്രേ.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശിയായ സേട്ടിന്റെ ജൂവലറിയില്‍ ആഭരണവില്‍പനയ്‌ക്കൊപ്പം ചെറുകിട ജൂവലറികള്‍ക്കും സ്വര്‍ണം നല്‍കുന്ന ഇടപാടുമുണ്ട്. ഞായറാഴ്‌ചകളില്‍ ജൂവലറി തുറക്കാറില്ല. എന്നാല്‍, ഇന്നലെ വൈകിട്ട് സ്‌ഥിരം ഇടപാടുകാരിലൊരാള്‍ കുടുംബസമേതം എത്തി സേട്ടിനെ വിളിച്ച് ആഭരണം ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണമെടുത്ത് കൊടുക്കാന്‍ സന്തോഷിനു താക്കോല്‍ നല്‍കി അക്ഷയ് പാട്ടീലിനൊപ്പം അയക്കുകയായിരുന്നു സേട്ട്. എന്നാല്‍ ജൂവലറി തുറന്ന ജീവനക്കാര്‍ക്കൊപ്പം മറ്റു മൂന്നു പേര്‍കൂടി കടയിലേക്ക് ഇടിച്ചു കയറി. സന്തോഷിനെ മര്‍ദിച്ച് ഇവര്‍ കെട്ടിയിട്ടു. അതിനുശേഷം ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും ബാഗിലാക്കുന്നതിനിടെ നേരത്തേ വിളിച്ച ഇടപാടുകാരന്‍ എത്തി. ഇവര്‍ക്ക് കൊള്ളസംഘം തന്നെ ആഭരണം വിറ്റു. അതിന് ശേഷം സി.സി. ടിവിയുടെ ഹാര്‍ഡ്‌് ഡിസ്‌കും സംഘം അഴിച്ചെടുത്തു. മര്‍ദനമേറ്റ് കിടന്ന സന്തോഷിന്റെ സ്വര്‍ണമാലയും കൈവളയും മോഷ്‌ടാക്കള്‍ കവര്‍ന്നു. തുടര്‍ന്ന് സംഘം പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു.
അവര്‍ പോയ ശേഷം ലോക്കര്‍ മുറിയില്‍നിന്നു പുറത്തുവന്ന സന്തോഷ് കവര്‍ച്ചയുടെ വിവരം ഉടമയെ വിളിച്ചു പറയുകയായിരുന്നു. സംഭവം ആസൂത്രിതമാണ് എന്ന സംശയത്തിലാണ് പോലീസ്. സ്വര്‍ണം വാങ്ങാനെത്തിയ കുടുംബത്തിന് കവര്‍ച്ചയുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും പോലീസ് പറയുന്നു. ഇതിനിടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം നാടകീയമായി അക്ഷയ് കീഴടങ്ങിയത്.
from mangalam.com https://ift.tt/2LLKCrf
via IFTTT
No comments:
Post a Comment