നെടുങ്കണ്ടം/പീരുമേട്: നെടുങ്കണ്ടം സ്റ്റേഷനിൽ പോലീസുകാർ രാജ്കുമാറിനെ ക്രൂരമായി മർദിക്കുന്നതു കണ്ടതായി ഹരിത തട്ടിപ്പുകേസിലെ രണ്ടാംപ്രതി ശാലിനി. എസ്.പി.ക്കും ഡിവൈ.എസ്.പി.ക്കും വിവരം അറിയാമായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നതു കേട്ടിരുന്നുവെന്നും ശാലിനി വെളിപ്പെടുത്തി. തന്നെ അപായപ്പെടുത്തുമെന്നു ഭയമുണ്ടെന്നും അവർ പറഞ്ഞു. പിരിച്ചെടുക്കുന്ന പണം കുമളിയിലെത്തിച്ച് രാജു എന്നയാൾവഴി മലപ്പുറത്തെ അഭിഭാഷകനായ നാസറിനു കൈമാറിയെന്നാണ് രാജ്കുമാർ പറഞ്ഞിരുന്നത്. രാജുവിനെ ഒരുതവണ നേരിൽ കണ്ടിട്ടുണ്ട് -ശാലിനി പറഞ്ഞു. എസ്.ഐ. കെ.എ. സാബുവിന്റെ നിർദേശപ്രകാരമാണ് എല്ലാവരെയും പോലീസ് മർദിച്ചത്. മർദനത്തിന് രണ്ടു വനിതാപോലീസുകാരടക്കം ഒമ്പതുപേരാണുണ്ടായിരുന്നത്. പിടിയിലായ ജൂൺ 12 മുതൽ രാജ്കുമാറിനെ ക്രൂരമായി പീഡിപ്പിച്ചു. രാത്രിയിൽ പോലീസുകാർ മദ്യലഹരിയിൽ തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. രാജ്കുമാറിനെ മർദിച്ചശേഷമാണ് സാബുവിന്റെ നിർദേശമനുസരിച്ച് വനിതാപോലീസ് തന്നെയും മഞ്ജുവിനെയും മർദിച്ചത്. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു മർദനം. രാജ്കുമാറിനെ വസ്ത്രങ്ങൾ അഴിപ്പിച്ച് മുട്ടുകുത്തി നിർത്തി ചൂരൽകൊണ്ട് അടിച്ചു. കാൽവെള്ളയിൽ ലാത്തികൊണ്ടും അടിച്ചു. ഭിത്തിയിൽ ചാരിനിർത്തി കാലുകൾ ചവിട്ടിയകത്തി. കൈയിൽ ഗ്ലൗസ് ധരിച്ചെത്തിയ എസ്.ഐ.യാണ് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളിൽ പച്ചമുളക് തേച്ചത്. ചോരപുരണ്ട മുണ്ടുടുത്ത് രാജ്കുമാർ കരയുകയായിരുന്നു. ഗീതു, റസിയ എന്നീ പോലീസുകാർ തങ്ങളെ അടിച്ചുവെന്നും ശാലിനി പറഞ്ഞു. എസ്.ഐ.യുടെ നിർദേശപ്രകാരം ഗീതു തന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിച്ചു. പോലീസുകാരെ കണ്ടാൽ തിരിച്ചറിയുമെന്നും ശാലിനി പറഞ്ഞു. കോടികളുടെ തട്ടിപ്പുനടന്നെന്ന പ്രചാരണം തെറ്റാണ്. 15 ലക്ഷം രൂപയുടെ ഇടപാടുമാത്രമാണ് നടന്നത്. ഹരിത ഫിനാൻസിൽ ജോലിക്കാരി മാത്രമായിരുന്നു. തന്നെ എം.ഡി.യാക്കിയത് ലൈസൻസ് എടുക്കാൻ മാത്രമാണ്. പണമിടപാടുകൾ നടത്തിയിരുന്നത് രാജ്കുമാർ ഒറ്റയ്ക്കായിരുന്നു. പീരുമേട് സ്വദേശിയായ ഷുക്കൂർ എന്ന പോലീസുകാരനുമായി രാജ്കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. തനിക്ക് മൂലമറ്റത്തും കാഞ്ഞാറിലും ഇടപാടുകളുണ്ടെന്നും രാജ്കുമാർ പറഞ്ഞിരുന്നു. തൂക്കുപാലത്ത് ഓഫീസ് തുറന്നശേഷം പോലീസുകാർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. രാജ്കുമാറിനോട് നെടുങ്കണ്ടം എസ്.ഐ. കെ.എ. സാബു അമ്പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. തുക ക്വാർട്ടേഴ്സിൽ എത്തിക്കണമെന്നാണ് സാബു പറഞ്ഞിരുന്നത്. എന്നാൽ, കസ്റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നൽകിയിരുന്നില്ല. രാജ്കുമാറിനെ നാട്ടുകാർ മർദിച്ചെങ്കിലും പോലീസാണ് മരണം സംഭവിക്കുന്ന തരത്തിൽ ക്രൂരമായി മർദിച്ചതെന്നും ശാലിനി പറഞ്ഞു. ശാലിനിയോട് ചൊവ്വാഴ്ച വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. content highlights:peerumed custodial death
from mathrubhumi.latestnews.rssfeed https://ift.tt/2JvwPl9
via
IFTTT
No comments:
Post a Comment