ലണ്ടൻ: ഇരുപതുവർഷം മുമ്പുനടന്ന ആ സംഭവം ഓർക്കുമ്പോൾത്തന്നെ പ്രദീപ് സൈനി എന്ന 44-കാരന് നടുക്കം വിട്ടുമാറുന്നില്ല. 22-ാമത്തെ വയസ്സിൽ, 18-കാരനായ സഹോദരൻ വിജയിനൊപ്പം ബോയിങ് 747 വിമാനത്തിൽ ബ്രിട്ടനിലേക്ക് ഒളിച്ചുകടന്നയാളാണ് പ്രദീപ് സൈനി എന്ന പഞ്ചാബ് സ്വദേശി. ഇപ്പോൾ ഹീത്രു വിമാനത്താവളത്തിൽ ഡ്രൈവറായി ജോലിചെയ്യുന്നത് ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണെന്ന് വിശ്വസിക്കാനാണ് സൈനിക്ക് ഇഷ്ടം. വിദേശത്ത് സ്വപ്നതുല്യമായൊരു ഭാവിപ്രതീക്ഷിച്ചിരുന്ന പഞ്ചാബിലെ കാർ മെക്കാനിക്ക് സൈനിക്കും സഹോദരനും അനധികൃത മനുഷ്യക്കടത്തുകാരാണ് കാശുമുടക്കാതെ ലണ്ടനിലെത്താനുള്ള 'അപകടവഴി' പറഞ്ഞുകൊടുത്തത്. വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ(ചക്രവാതിലിൽ) കയറി ഒളിച്ചിരുന്ന് യാത്രചെയ്യുക. 1996-ൽ അങ്ങനെ മരണം മുന്നിൽക്കാണുന്ന ആ യാത്രയ്ക്ക് ഇരുവരും തയ്യാറായി. ഡൽഹിയിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ. വിമാനം പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും മാത്രമാണ് ഈ വാതിൽ തുറക്കുക. പത്തുമണിക്കൂറോളംനീണ്ട യാത്രയ്ക്കിടെ അയാൾ ഒന്നുമറിഞ്ഞില്ല. കൊടുംതണുപ്പിൽ സഹോദരൻ മരിക്കുന്നതും ലാൻഡിങ്ങിനിടെ മൃതദേഹം താഴേക്കുവീഴുന്നതുമൊന്നും. മൈനസ് 60 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ശരീരോഷ്മാവ് കുറഞ്ഞ് മരിക്കുന്ന അപകടകരമായ അവസ്ഥയാണ് ഇത്തരത്തിലുള്ള സാഹസികതകൾക്ക് മുതിരുന്നവരെ കാത്തിരിക്കുന്നത്. കൊടുംതണുപ്പിൽ ശരീരം സ്വയംപ്രതിരോധിക്കുന്ന പ്രത്യേക അവസ്ഥയിലെത്തിയതുകൊണ്ടുമാത്രമാണ് അന്ന് സൈനി അദ്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ, ആ സാഹസികയാത്രയ്ക്ക് സൈനിക്ക് പകരംനൽകേണ്ടിവന്നത് സഹോദരന്റെ ജീവനും വർഷങ്ങൾ നീണ്ട നിയമയുദ്ധവുമെല്ലാമാണ്. അന്ന് അബോധാവസ്ഥയിൽ ലാൻഡ് ചെയ്ത ഹീത്രു വിമാനത്താവളത്തിൽ തന്നെയാണ് ഇപ്പോൾ സൈനി ഡ്രൈവറായി ജോലിചെയ്യുന്നത്. വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായി. അടുത്തിടെ കെനിയ എയർവേസിന്റെ വിമാനം ഇതേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പിൻവാതിലിൽ ഒളിച്ചിരുന്നയാൾ താഴേക്കു മരിച്ചുവീണത് വലിയ വാർത്തയായിരുന്നു. അതിനുപിന്നാലെയാണ് സൈനിയുടെ നടുക്കുന്ന ഓർമകൾ ബ്രിട്ടീഷ് മാധ്യമങ്ങൾ പങ്കുവെച്ചത്. content highlights:pradeep saini stoaway who survived 4000 mile and reaches in britain
from mathrubhumi.latestnews.rssfeed https://ift.tt/2XsVmkN
via
IFTTT
No comments:
Post a Comment