കണ്ണൂർ: സ്വന്തം ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആർക്കും പണമടച്ച് ഓൺലൈനായി കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷൻ വകുപ്പ്. പ്രത്യേക വിവാഹനിയമപ്രകാരം രജിസ്ട്രാർ ഓഫീസിൽ വിവാഹിതരാകുന്നവരുടെ വിവരങ്ങളും ഓൺലൈനായി മുൻകൂട്ടി അറിയാൻ പറ്റും. ആധാരം രജിസ്ട്രേഷൻ ഓൺലൈനായതോടെ കോപ്പികൾ സ്കാൻചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവ ആവശ്യക്കാർക്ക് കാണാനുള്ള സംവിധാനമാണുള്ളത്. രജിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രത്യേക ലിങ്കുവഴി കാണേണ്ട ആധാരത്തിന്റെ നമ്പർ അടിച്ചുകൊടുത്താൽ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും കാണാം. അതേസമയം ഒസ്യത്ത്, മുക്ത്യാർ എന്നിവ കാണാൻ പറ്റില്ല. ആധാരത്തിന്റെ ആദ്യപേജ് മാത്രമേ സൗജന്യമായി കാണാൻപറ്റൂ. ബാക്കി കാണണമെങ്കിൽ നൂറുരൂപ ഓൺലൈനായി അടയ്ക്കണം. 15 ദിവസംവരെ സ്കാൻ കോപ്പികൾ സൈറ്റിൽ ഉണ്ടാവും. പ്രിന്റ് എടുക്കാനോ ഡൗൺലോഡ് ചെയ്തു സേവ് ചെയ്യാനോ പറ്റില്ല. സഹകരണ ബാങ്കുകൾക്കും മറ്റും ലോൺ എടുക്കുന്ന വ്യക്തിയുടെ ആധാരവിവരങ്ങൾ അറിയുന്നത് ഇതോടെ കൂടുതൽ എളുപ്പമാകും. പ്രത്യേക വിവാഹനിയമപ്രകാരം രജിസ്ട്രാറോഫീസിൽ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങളും ഇനി ഓൺലൈനായി അറിയാൻ പറ്റും. സാധാരണ രജിസ്ട്രാറോഫീസിൽ വിവാഹം രജിസ്റ്റർചെയ്യാൻ വിവരങ്ങൾ ഒരുമാസത്തോളം നോട്ടീസ് ബോർഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി ഇത്തരം രജിസ്റ്റർ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങൾ ആർക്കും ഓൺലൈനായി അറിയാം. വധൂവരൻമാരുടെ ഫോട്ടോയും ഉണ്ടാവും. കാണാതായ യുവതീയുവാക്കൾ രജിസ്റ്റർവിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങൾ അറിയാൻ പ്രത്യേക ഫീസില്ല. content highlights:online service land registration
from mathrubhumi.latestnews.rssfeed https://ift.tt/2S9w459
via
IFTTT
No comments:
Post a Comment