തൊടുപുഴ: വീടിന്റെ റൂഫിങ് ജോലികള്‍ ചെയ്‌തതിന്റെ പണം കൊടുത്തില്ലെന്ന് ആരോപിച്ച് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതിനെ തുടര്‍ന്ന് ഒമ്പതുവയസുകാരിയടക്കം കുടുംബത്തിലെ നാലു പേര്‍ക്കു പരുക്ക്. തട്ടക്കുഴ നെടിയപാറയില്‍ രതീഷ്(34), അമ്മ ശാരദ(62), ഭാര്യ സജിത(32), മകള്‍ ആര്‍ച്ച(9) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്ത പന്നൂര്‍ മാതാളിക്കുന്നേല്‍ റിജോ ജോര്‍ജ് (39) സംഭവശേഷം പോലീസില്‍ കീഴടങ്ങി. ഇയാള്‍ക്ക് തോക്ക് നിര്‍മിച്ച് നല്‍കിയ ചീനിക്കുഴി കുരുവിക്കൂട്ടില്‍ സജി (42)യെ കരിമണ്ണൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഞായറാഴ്‌ച രാത്രി 9.30ന് തട്ടക്കുഴ രണ്ടുപാലം മരക്കൊമ്പിലുള്ള രാജിയുടെ ഉടമസ്‌ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ: തൊടുപുഴയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന രാജിയുടെ അമ്മയും സഹോദരനുമാണ് തട്ടക്കുഴയിലെ വീട്ടില്‍ താമസിച്ചിരുന്നത്. രാജിയുടെ ആവശ്യപ്രകാരം വീടിന്റെ കുളിമുറിയുടെ റൂഫിങ് ചെയ്‌തത് റിജോയായിരുന്നു. രാജി താമസിക്കുന്ന വീടാണെന്ന് കരുതിയാണ് റിജോ പണികള്‍ ചെയ്‌തത്. എന്നാല്‍ റൂഫിങ് ചെയ്‌ത് പലതവണ ചോദിച്ചിട്ടും പണിക്കൂലിയായ 16,000 രൂപ രാജി നല്‍കിയില്ല. തൊടുപുഴയിലുള്ള രാജിയെ പലതവണ ഫോണ്‍ വിളിച്ചിട്ട് സംസാരിക്കാനും തയാറായില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് മരക്കൊമ്പിലെ വീട്ടില്‍ വന്ന് റിജോ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പണം നാളെ നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഞായറാഴ്‌ച രാത്രി മദ്യപിച്ച ശേഷം തന്റെ കാറില്‍ മരക്കൊമ്പിലെ വീട്ടിലെത്തിയ റിജോ രാജിയുടെ സഹോദരന്‍ രതീഷിനോട് പണം നല്‍കാത്തതിനെ ചൊല്ലി കയര്‍ത്തു. തുടര്‍ന്നു കാറിലുണ്ടായിരുന്ന തോക്കെടുത്ത് മുറ്റത്തു നിന്നും ജനല്‍ വഴി വെടിയുതിര്‍ത്തത്. ജനലിന്റെ പട്ടയിലിടിച്ച് വെടിയുണ്ടയിലുണ്ടായിരുന്ന മെറ്റല്‍ ചീളുകള്‍ ശരീരത്ത് തറച്ച് കയറിയാണ് നാല് പേര്‍ക്കും പരുക്കേറ്റത്. രതീഷിന്റെ തല, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ മുറിവേറ്റു.
എസ്.ഐ: പി.ടി. ബിജോയുടെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്‌ഥലത്തെത്തിയപ്പോഴേക്കും പ്രതി റിജോ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തോക്ക് നിര്‍മിച്ച് നല്‍കിയ ചീനിക്കുഴി സ്വദേശി സജിയെ പോലീസ് പിടികൂടിയത്.
from mangalam.com https://ift.tt/2JzZvuz
via IFTTT
No comments:
Post a Comment