കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതിഭാഗം നടത്തിയ ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷന്‍. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ വധക്കേസിന്റെ അന്തിമവാദം ആരംഭിച്ച ദിവസമാണു ആസൂത്രിത ഗൂഢാലോചന ഉറപ്പിക്കുന്ന വാദങ്ങള്‍ ഉന്നയിച്ചത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.
തട്ടിക്കൊണ്ടു പോകുന്നതിനായി ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ മാന്നാനത്ത് എത്തുന്നതു പുലര്‍ച്ചെ 2.25നാണ്. എന്നാല്‍, ഇതിനുമുമ്പ് 1.30നു സംഘം മാന്നാനത്തു രണ്ടു വണ്ടികളായി സംഘമെത്തി റിഹേസഴ്‌സല്‍ നടത്തിയതു ഗൂഢാലോചനയ്‌ക്കു തെളിവാണ്.
അധോലോക സംഘങ്ങളെ വെല്ലുന്ന രീതിയിലാണു സംഘം കുറ്റകൃത്യം ആസൂത്രണം ചെയ്‌ത്. ആറു മിനിറ്റിനുള്ളില്‍ അനീഷിന്റെ വീട്ടില്‍ കയറി സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും കെവിനെയും അനീഷിനെയും മര്‍ദിച്ചു തട്ടിക്കൊണ്ടു പോകുകയും ചെയ്‌തു. അക്രമത്തിനു പുലര്‍ച്ചെ രണ്ടിനുശേഷം സമയം തെരഞ്ഞെടുത്തതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നു പ്രോസിക്യുഷന്‍ വാദിച്ചു.
തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച മൂന്നു വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ചെളി ഉപയോഗിച്ചു മറച്ചതും ആസൂത്രണത്തിന്റെ ഭാഗമാണ്. പ്രതികളായ ഷാനു, ഇഷാന്‍ എന്നിവര്‍ ഗാന്ധിനഗര്‍ എ.എസ്.ഐ. ബിജുവിനു മുന്നില്‍ വാഹന പരിശോധനയ്‌ക്കിടെ എത്തിയിരുന്നു. മദ്യപിച്ചിരുന്ന പ്രതികളെ വിട്ടയ്‌ക്കാന്‍ പോലീസ് കൈക്കൂലി വാങ്ങി എന്ന് കേസും വന്നു.
ഈ കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ തങ്ങളുടെ വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ ചെളി പുരട്ടിയിരുന്നത് പോലീസിന് നമ്പര്‍ മനസിലാവാതിരിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയില്‍നിന്ന് പ്രതികള്‍ ഗൂഢലക്ഷ്യത്തോടെ വന്നു എന്ന് തെളിയിക്കാന്‍ കഴിയുമെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
തട്ടിക്കൊണ്ടു പോയി വില പേശുകയും വിജയിച്ചില്ലെങ്കില്‍ കൊലപ്പെടുത്താനുമായിരുന്നു പ്രതികളുടെ തീരുമാനം. കെവിനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷിനോട് പ്രതികള്‍ പറഞ്ഞത് ഒന്നരലക്ഷം രൂപയുടെ ക്വട്ടേഷനാണെന്നും നീനുവിനെ തിരിച്ച് കിട്ടിയില്ലെങ്കില്‍ കെവിനെ കൊല്ലും എന്നുമായിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ടയാളെ നീനു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമായിരുന്നു കാരണം. മറ്റെന്തെങ്കിലും ലക്ഷ്യമായിരുന്നുവെങ്കില്‍ 100 കിലോമീറ്റര്‍ അകലെയുള്ള ചാലിയേക്കര വനമേഖലയിലേക്കു തട്ടിക്കൊണ്ടുപോകില്ലായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു മൂന്ന് വാഹനങ്ങളില്‍ ഇന്ധനം നിറച്ചപ്പോള്‍ പെട്രോള്‍ പമ്പില്‍ പണം കൊടുത്തത് ഷാനുവാണ്. പണം നല്‍കാന്‍ മാസ്‌റ്റര്‍കാര്‍ഡ് ഉപയോഗിച്ചതിനു തെളിവുണ്ട്. കോട്ടയത്തു രണ്ടു പേരെ പൊക്കാന്‍ പോകുന്നുവെന്നു പുറപ്പെടും മുമ്പ് ഓട്ടോക്കാരനോട് പ്രതികള്‍ പറഞ്ഞു. നീനുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യം പിതാവ് ചാക്കോ, വിദേശത്തായിരുന്ന മകന്‍ ഷാനുവിനെ അറിയിച്ചപ്പോള്‍, ഡോണ്‍ട് വറി, ഞാന്‍ ചെയ്‌തോളാം എന്ന സന്ദേശം അയച്ച ഫോണ്‍ ചാക്കോ നശിപ്പിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തെളിവു നശിപ്പിക്കുന്നതിനായാണു ഫോണ്‍ നശിപ്പിച്ചത്. പ്രോസിക്യൂഷന്‍ വാദം ഇന്നും തുടരും.
from mangalam.com https://ift.tt/2k6s20L
via IFTTT
No comments:
Post a Comment