ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നും നാലും പ്രതികള്‍ക്ക് പിന്നാലെ മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഏതാനും ഉദ്യോഗസ്ഥരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നൽകുന്നത്.
രണ്ടും മൂന്നും പ്രതികളുടെ കാര്യത്തില്‍ ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. ഇവരാണ് രാജ്കുമാറിനെ കൂടുതൽ മർദ്ദിച്ചത്. ഇതിനാൽ അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം. നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്.
അതേസമയം, പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ജയിൽ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ ആയി ഇതിന്‍റെ റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിക്കും. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിലെ മൂന്നാം പ്രതിയായ മഞ്ജുവും ഭർത്താവ് അജിയും പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.
from mangalam.com https://ift.tt/2JvGNTP
via IFTTT
No comments:
Post a Comment