ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി. ക്രിക്കറ്റ് കമ്മിറ്റി 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ സംഭവങ്ങള്‍ പരിശോധിക്കും. ഐതിഹാസിക ഫൈനലില്‍ വിവാദമായ 'ബൗണ്ടറി എണ്ണല്‍' നിയമം ഉള്‍പ്പടെയുള്ളവ ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചു കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ഐ.സി.സി. അപ്പെക്‌സ് ബോഡി ജനറല്‍ മാനേജര്‍ ജഫ് അല്ലാര്‍ഡൈസ് പറഞ്ഞു.
ബൗണ്ടറി എണ്ണി ജേതാക്കളെ പ്രഖ്യാപിക്കുന്ന നിയമംമൂലം ന്യൂസിലന്‍ഡിന് അര്‍ഹിച്ച കിരീടം നഷ്‌ടമായതിലെ വേദന മുന്‍ താരങ്ങളും നിലവിലെ താരങ്ങളുമടക്കം ഒട്ടേറെപ്പേര്‍ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ആവേശകരമായ മത്സരത്തില്‍ നിശ്‌ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യതയില്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് ബൗണ്ടറി എണ്ണി ജേതാക്കളെ നിശ്‌ചയിച്ചത്. മത്സരത്തില്‍ 22 ബൗണ്ടറികളും രണ്ടു സിക്‌സറുകളും നേടിയ ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ 17 ബൗണ്ടറികള്‍ മാത്രം നേടിയ ന്യൂസിലന്‍ഡിനു കണ്ണീരും കൈയുമായി മടങ്ങേണ്ടി വന്നിരുന്നു.
2020 ആദ്യ പകുതിയില്‍ ചേരുന്ന ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ ലോര്‍ഡ്‌സ് ഫൈനലില്‍ നടന്ന സംഭവങ്ങള്‍ വിലയിരുത്തുമെന്ന് അല്ലാര്‍ഡൈസ് പറഞ്ഞു. ഐ.സി.സി. ചാമ്പ്യന്‍ഷിപ്പുകളില്‍ ടൈ ആകുന്ന മത്സരങ്ങളില്‍ വിജയികളെ നിശ്‌ചയിക്കാനാണ് 2009 മുതല്‍ സൂപ്പര്‍ ഓവര്‍ നടപ്പിലാക്കിയത്. എന്നാല്‍ സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ എങ്ങനെ ജേതാക്കളെ കണ്ടെത്തണമെന്നത് ആ മത്സരം വിലയിരുത്തി ക്രിക്കറ്റ് കമ്മിറ്റി തീരുമാനിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോര്‍ഡ്‌സ് ഫൈനലില്‍ ബൗണ്ടറി എണ്ണി ജേതാക്കളെ നിര്‍ണയിച്ച തീരുമാനത്തെയും അല്ലാര്‍ഡൈസ് ന്യായീകരിച്ചു. ബൗണ്ടറി എണ്ണുന്ന നിയമം ലോകത്ത് പല ട്വന്റി 20 ലീഗുകളിലും നടപ്പിലാക്കിവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
''അനേകം ട്വന്റി 20 ലീഗുകളില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. അതിനാലാണ് ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറും ടൈ ആയതോടെ ആ നിയമം ഉപയോഗിച്ചു ജേതാക്കളെ കണ്ടെത്തിയത്. അതില്‍ ഐ.സി.സിയുടെ പ്രത്യേക താല്‍പര്യമൊന്നുമില്ല''- അല്ലാര്‍ഡൈസ് വ്യക്‌തമാക്കി.
ലോകകപ്പ് ഫൈനലിനു ശേഷം നടന്ന ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെങ്കിലും നിയമഭേദഗതി ചര്‍ച്ചചെയ്‌തില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഭാവിയില്‍ കിരീടം പങ്കുവയ്‌ക്കുന്ന രീതി തൊട്ടു മറ്റു രീതിയില്‍ ജേതാക്കളെ കണ്ടെത്തുന്ന കാര്യത്തില്‍ വരെ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചചെയ്‌തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2LINmG9
via IFTTT
No comments:
Post a Comment